loader

Breaking News

മോഡിക്ക് താക്കീത്

Warns Modi

Published On : 03 September 2015

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് പത്ത് കേന്ദ്ര ട്രേഡ്യൂണിയനുകള്‍ സംയുക്തമായി ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് പൂര്‍ണം. റോഡുഗതാഗതം, പ്രതിരോധനിര്‍മാണം, ബാങ്ക്-ഇന്‍ഷുറന്‍സ്, തുറമുഖം, തപാല്‍, ടെലികോം, കല്‍ക്കരി, ഉരുക്ക്, എണ്ണ- പ്രകൃതിവാതകം, ഊര്‍ജം, പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങി വിവിധ മേഖലകള്‍ സ്തംഭിച്ചു. ആര്‍എസ്എസ് സമ്മര്‍ദത്തെ തുടര്‍ന്ന് ബിഎംഎസ് പിന്‍വാങ്ങിയെങ്കിലും പണിമുടക്കിനെ ബാധിച്ചില്ല. 15 കോടിയിലേറെപ്പേര്‍ അണിനിരന്ന സമരം സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവുംവലിയ പണിമുടക്കാണെന്ന് ട്രേഡ്യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. എല്ലാ എതിര്‍പ്പും അതിജീവിച്ച് പണിമുടക്ക് വന്‍വിജയമാക്കിയ തൊഴിലാളിവര്‍ഗത്തെ ട്രേഡ് യൂണിയനുകള്‍ അഭിനന്ദിച്ചു.ട്രേഡ്യൂണിയന്‍ പ്രസ്ഥാനം ശക്തമായ കേരളം, ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങള്‍ക്കു പുറമെ ആന്ധ്ര, തെലങ്കാന, ഒഡിഷ, ഹിമാചല്‍, പുതുശ്ശേരി, ഗോവ, കര്‍ണാടക സംസ്ഥാനങ്ങളില്‍ പണിമുടക്ക് സമസ്ത മേഖലയെയും ബാധിച്ചു.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മുമ്പൊരിക്കലുമില്ലാത്ത ജനകീയപിന്തുണ പണിമുടക്കിനുണ്ടായി. ഡല്‍ഹിയില്‍ ടാക്സികളും ഓട്ടോകളും നിരത്തിലിറങ്ങിയില്ല. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, യുപി, ബിഹാര്‍ സംസ്ഥാനങ്ങളില്‍ പണിമുടക്ക് റോഡുഗതാഗതത്തെ ബാധിച്ചു. ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഓട്ടോ-ടാക്സി തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കാളികളായി. റോഡുഗതാഗത ഭേദഗതി ബില്ലിനെതിരായ ശക്തമായ താക്കീതുകൂടിയായി പണിമുടക്ക്. തൊഴിലാളികള്‍ വിവിധയിടങ്ങളില്‍ ദേശീയപാതകളും റെയില്‍പാളങ്ങളും ഉപരോധിച്ചു.ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ എല്ലാവിധ മര്‍ദന സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയെങ്കിലും തൊഴിലാളികളുടെ പോരാട്ടവീര്യം തളര്‍ത്താനായില്ല. പൊലീസും ക്രിമിനലുകളും അക്രമം അഴിച്ചുവിട്ടെങ്കിലും പണിമുടക്ക് പൂര്‍ണമായി.പണിമുടക്കിന് മുമ്പൊരിക്കലുമില്ലാത്ത പ്രതികരണമാണ് ലഭിച്ചതെന്ന് കേന്ദ്ര ട്രേഡ്യൂണിയനുകള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ആയിരക്കണക്കിന് പ്രാദേശിക യൂണിയനുകളും അസോസിയേഷനുകളും ഫെഡറേഷനുകളും പിന്തുണച്ചു. സമ്പദ്വ്യവസ്ഥയുടെ സമസ്തമേഖലകളെയും ബാധിച്ചു. വികലനയങ്ങളുടെ തിക്തഫലം അനുഭവിക്കുന്ന ജനങ്ങളുടെ പൂര്‍ണമായ പിന്തുണ ലഭിച്ചു. കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ തൊഴില്‍ നിയമപരിഷ്കാരങ്ങളില്‍നിന്ന് പിന്തിരിയണമെന്ന മുഖ്യമായ ആവശ്യമുള്‍പ്പെടെ 12 ഇന അവകാശപത്രികയാണ് ട്രേഡ് യൂണിയനുകള്‍ കേന്ദ്രത്തിനു മുമ്പാകെ വച്ചത്. പണിമുടക്ക് വിജയിപ്പിച്ച തൊഴിലാളികളെ അഭിനന്ദിക്കുന്നു.

സര്‍ക്കാര്‍ പാഠംപഠിക്കണം. തൊഴിലാളിവര്‍ഗത്തിന്റെ ദുരിതങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണം. ആവശ്യങ്ങള്‍ക്ക് കൃത്യമായ പരിഹാരം കാണുംവിധം ട്രേഡ് യൂണിയനുകളുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കണം. അതല്ലെങ്കില്‍ പോരാട്ടം കൂടുതല്‍ തീവ്രമാക്കും. കൂട്ടപ്പിരിച്ചുവിടലിനും കരാര്‍വല്‍ക്കരണത്തിനും വഴിയൊരുക്കും വിധം സമ്പദ്വ്യവസ്ഥയിലുണ്ടായ ഇടിവ് തടയാന്‍ സര്‍ക്കാരിന് വന്ന വീഴ്ച, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം, തൊഴിലാളിവിരുദ്ധ നടപടികള്‍ തുടങ്ങി സര്‍ക്കാരിന്റെ വികലനയങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്കിടയിലുള്ള അതൃപ്തി തന്നെയാണ് പണിമുടക്ക് വിജയമാകാന്‍ കാരണം. സര്‍ക്കാരിന് താക്കീതു നല്‍കി വിവിധ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങിയത്- സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, യുടിയുസി, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ് എന്നീ സംഘടനകള്‍ പ്രസ്താവനയില്‍ പറഞ്ഞു.

By : desabhimani.

Trending News