loader

Breaking News

ട്രേഡ് യൂണിയനുകള്‍ വ്യവസായങ്ങളുടെ ശത്രുക്കളല്ല

IMAGE

Published On : 13 June 2018

കേരളത്തില്‍ വ്യവസായ വളര്‍ച്ചക്കും, നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിനും തടസ്സമായ യാതൊരു നിലപാടും തൊഴിലാളി സംഘടനകള്‍ സ്വീകരിക്കുന്നില്ല. കൂടുതല്‍ വ്യവസായ നിക്ഷേപം വരുന്നതിനും നിലവിലുള്ള സ്ഥാപനങ്ങള്‍ തടസ്സം കൂടാതെ നടത്തുന്നതിനും സഹായകരമായ നയമാണ് ട്രേഡ് യൂണിയനുകള്‍ കൈക്കൊള്ളുന്നത്. സംസ്ഥാനത്ത് നിക്ഷേപ സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ട്രേഡ് യൂണിയനുകളുടെ യോഗത്തില്‍ ഞങ്ങള്‍ ഈ നിലപാട് വ്യക്തമാക്കിയതാണ്.

കയറ്റിറക്ക് മേഖലയില്‍ നോക്ക് കൂലി സമ്പ്രദായം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ പൂര്‍ണമനസോടെ പിന്തുണച്ചവരാണ് സംസ്ഥാനത്തെ ട്രേഡ് യൂണിയനുകള്‍. യന്ത്രങ്ങളുടെ ഉപയോഗം മൂലം തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് മിനിമം വേതനം ലഭ്യമാകുന്ന പകരം തൊഴില്‍ ഉറപ്പുണ്ടാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടത്. തൊഴിലാളികളുടെ ഭാഗത്ത് നിന്നുണ്ടായ ഏതെങ്കിലും നടപടികളുടെ ഫലമായി, സംസ്ഥാനത്ത് ഒരു വ്യവസായവും ഇതുവരെ അടച്ചിടേണ്ടി വന്നിട്ടില്ല.

തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളും തൊഴിലും സംരക്ഷിക്കാന്‍ ട്രേഡ് യൂണിയനുകള്‍ പ്രതിജ്ഞാബദ്ധമാണ്. ഏത് സ്ഥാപനത്തിലും ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ തൊഴിലാളികള്‍ക്ക് അവകാശമുണ്ട്. ഇത് തൊഴിലുടമകള്‍ അംഗീകരിക്കണം. വ്യവസായത്തിന് താങ്ങാനാവാത്ത ആവശ്യങ്ങള്‍ ഉന്നയിച്ച് സ്ഥാപനത്തെ തകര്‍ക്കുന്ന ഒരു നിലപാടും ട്രേഡ് യൂണിയനുകള്‍ സ്വീകരിക്കുന്നില്ല. എറണാകുളം ജില്ലയിലെ കോലഞ്ചേരിയിലെ 'സിന്തൈറ്റ്സ്' എന്ന കമ്പനിയില്‍, തൊഴിലാളികള്‍ ട്രേഡ് യൂണിയന്‍ രൂപീകരിച്ചതാണ് മാനേജ്മെന്‍റിനെ പ്രകോപിതരാക്കിയത്. മാനേജ്മെന്‍റ് രൂപീകരിച്ച ഒരു സംഘടന കമ്പനിയില്‍ ഉണ്ടായിരുന്നു. എല്ലാ തൊഴിലാളികളും ആ സംഘടനയില്‍ മാത്രമെ ചേരാവൂ എന്നാണ് മാനേജ്മെന്‍റ് നിലപാട്. ഇത് അന്യായവും, നിയമവിരുദ്ധവുമാണ്. ആധുനിക മാനേജ്മെന്‍റുകളൊന്നും ഇത്തരം നിലപാട് സ്വീകരിക്കാറില്ല. അംഗീകൃത ട്രേഡ് യൂണിയനുകളെ മാനേജ്മെന്‍റുകള്‍ അംഗീകരിക്കാതിരിക്കുകയും ശത്രുതാപരമായ നിലപാട് സ്വീകരിക്കുകയും ചെയ്തതാണ് സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ ചില മേഖലകളില്‍ അരാജക സംഘടന രൂപം കൊള്ളാന്‍ കാരണമായത്. ട്രേഡ് യൂണിയന്‍ രൂപീകരണത്തെപോലും എതിര്‍ക്കുന്ന മാനേജ്മെന്‍റുകള്‍ ഈ കാര്യം ഗൗരവമായി ആലോചിക്കണം. ജനങ്ങളോടും സംസ്ഥാനത്തോടും ഉത്തരവാദിത്തമുള്ളവരാണ് അംഗീകൃത ട്രേഡ് യൂണിയനുകള്‍.

മാനേജ്മെന്‍റിന്‍റെ യൂണിയനില്‍ ചേരാതെ, തങ്ങള്‍ക്കിഷ്ടമുള്ള ഒരു സംഘടന രൂപീകരിച്ചതിന്‍റെ പേരില്‍ 9 തൊഴിലാളികളെ മാനേജ്മെന്‍റ് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റി. പണിമുടക്കുകയോ, ഉല്‍പാദന തടസം ഉണ്ടാക്കുകയോ ചെയ്യാതെ, തൊഴിലാളികള്‍ പ്രതിഷേധിച്ചു. ഒടുവില്‍ തൊഴില്‍ വകുപ്പുദ്യോഗസ്ഥന്മാരുടെ സാന്നിദ്ധ്യത്തില്‍ ഇരുകക്ഷികളും ചര്‍ച്ച ചെയ്ത് ഒത്തുതീര്‍പ്പാക്കി. തൊഴിലാളികള്‍ പിടിവാശിയില്‍ നില്‍ക്കാതെ മാന്യമായ വിട്ടുവീഴ്ച ചെയ്തു.

ഈ അന്തരീക്ഷം തകര്‍ത്തത് മാനേജ്മെന്‍റാണ്. ഒത്തുതീര്‍പ്പിലൂടെ ഉണ്ടായ സൗഹൃദാന്തരീക്ഷം തകര്‍ക്കുന്ന നിലപാട് സ്വീകരിച്ചത് മാനേജ്മെന്‍റാണ്. ഒത്തുതീര്‍പ്പിന്‍റെ വികാരം കാറ്റില്‍ പറത്തി 18 തൊഴിലാളികളെ, അതും ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ സഹകരിച്ചവരെ കോയമ്പത്തൂരിലേക്ക് സ്ഥലം മാറ്റി. ഇതിനെ തുടര്‍ന്നാണ് കമ്പനിയില്‍ പ്രശ്നങ്ങളുണ്ടായത്. തര്‍ക്കം പരിഹരിക്കാന്‍ ലേബര്‍ കമ്മീഷണറും, വ്യവസായ വകുപ്പ് മന്ത്രിയും അനുരഞ്ജന ചര്‍ച്ചകള്‍ നടത്തി. പ്രശ്ന പരിഹാരത്തിനുതകുന്ന നിര്‍ദേശം വ്യവസായ വകുപ്പ് മന്ത്രി മുന്നോട്ട് വെച്ചെങ്കിലും മനേജ്മെന്‍റ് അംഗീകരിച്ചില്ല. മാനേജ്മെന്‍റിന്‍റെ ദുര്‍വാശിയാണ് സിന്തൈറ്റ്സിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. സ്ഥാപനത്തിന്‍റെ സുഗമമായ നടത്തിപ്പിന് സഹകരിക്കാന്‍ ട്രേഡ് യൂണിയനുകള്‍ സന്നദ്ധമാണ്. ആയതിന് ഇനിയും ചര്‍ച്ചകള്‍ക്കും ട്രേഡ് യൂണിയനുകള്‍ സന്നദ്ധമാണ്. ഈ സാഹചര്യത്തില്‍, സിന്തൈറ്റ്സ് പ്രശ്നത്തില്‍ ട്രേഡ് യൂണിയനുകളെ ആക്ഷേപിക്കുന്നത് വസ്തുതകള്‍ മനസിലാക്കാതെയാണ്..

Author : CITU State Committee.

Trending News