loader

Breaking News

സി ബി സി വാര്യർ പുരസ്‌കാരം കെ എൻ രവീന്ദ്രനാഥിന‌് സമ്മാനിച്ചു.

IMAGE

Published On : 18 June 2018

രാഷ‌്ട്രീയത്തിലും ട്രേഡ് യൂണിയൻ രംഗത്തും സംശുദ്ധതയുടെയും സൈദ്ധാന്തിക പ്രതിബദ്ധതയുടേയും പ്രതീകമായ നേതാവാണ് കെ എൻ രവീന്ദ്രനാഥെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു.സി ബി സി വാര്യർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച ട്രേഡ് യൂണിയൻ പ്രവർത്തകനുള്ള സി ബി സി വാര്യർ പുരസ‌്കാരം സിഐടിയു നേതാവ‌് കെ എൻ രവീന്ദ്രനാഥിന് സമ്മാനിച്ച‌് സംസാരിക്കുകയായിരുന്നു മന്ത്രി.



കമ്യൂണിസ്റ്റ് പ്രത്യയശാസ‌്ത്രത്തിന്റെ അന്തഃസത്തയിൽ അടിയുറച്ചുനിന്ന് തൊഴിലാളി സംഘടനാ പ്രവർത്തനം നടത്തി മറ്റ‌് ട്രേഡ് യൂണിയൻ നേതൃത്വത്തിന്റെ ആദരവ‌് നേടിയ വ്യക്തിത്വമാണ‌് രവീന്ദ്രനാഥിന്റേത‌്. ഏഴ‌് പതിറ്റാണ്ട് നീണ്ട രാഷ‌്ട്രീയ ‐ തൊഴിലാളി സംഘടനാ പ്രവർത്തനത്തിനിടെ ഒരാരോപണംപോലും കേൾക്കാനിടയായില്ലെന്നത് അദ്ദേഹത്തിന്റെ സംശുദ്ധിയും മഹത്വവുമാണ് വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.



തൊഴിലാളിവർഗം സുദീർഘ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത മൗലിക നേട്ടങ്ങൾ കൈവിട്ടുപോകുന്ന രാഷ‌്ട്രീയ സാഹചര്യങ്ങളെ അതീവ ഗൗരവതരമായി കണ്ട് പരിഹാരം കാണാൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് അവാർഡ് ഏറ്റുവാങ്ങി കെ എൻ രവീന്ദ്രനാഥ് പറഞ്ഞു. തൊഴിലാളികൾ ജാതി ‐ മത ‐ വർഗ പ്രാദേശിക വിഭാഗീയതകളിലും കുടുങ്ങി അരാഷ‌്ട്രീയതയിലേക്ക് പോകാതിരിക്കാനുള്ള രാഷ‌്ട്രീയബോധവും അശയദാർഢ്യവും പ്രോത്സാഹിപ്പിക്കാനാണ് സിഐടിയു ശ്രമിക്കുന്നതെന്നും രവീന്ദ്രനാഥ് പറഞ്ഞു.



അവാർഡ് തുകയായ 25,000 രൂപ കെ എൻ രവീന്ദ്രനാഥ് സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി നേതൃത്വം നൽകുന്ന കരുണാ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ സജി ചെറിയാൻ എംഎൽഎയ‌്ക്ക് കൈമാറി. പ്രസ‌്തുത തുക സിബിസി ഫൗണ്ടേഷനു കീഴിൽ പ്രവർത്തിക്കുന്ന കരുതൽ പാലിയേറ്റീവ് സൊസൈറ്റിക്ക‌് സജി ചെറിയാൻ തിരികെ നൽകി.

By : Jose T Abraham.

Trending News