എയർ ഇന്ത്യയുടെ ലീവ് വിതൗട്ട് പേ തിരുത്തണം - എളമരം കരീം
എയർഇന്ത്യ ജീവനക്കാരെ അഞ്ചുവർഷംവരെ ശമ്പളമില്ലാത്ത അവധിയിലയക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യോമയാന സഹമന്ത്രി ഹർദീപ്സിങ് പുരിക്ക് എളമരം കരിം എംപി കത്തയച്ചു.
എയർഇന്ത്യ ജീവനക്കാരെ അഞ്ചുവർഷംവരെ ശമ്പളമില്ലാത്ത അവധിയിലയക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യോമയാന സഹമന്ത്രി ഹർദീപ്സിങ് പുരിക്ക് എളമരം കരിം എംപി കത്തയച്ചു.
ആറ് മാസം മുതൽ രണ്ടു വർഷം വരെയോ പരമാവധി അഞ്ചുവർഷമോ ജീവനക്കാർക്ക് ശമ്പളമില്ലാത്ത അവധി നൽകാനാണ് എയർഇന്ത്യ ഡയറക്ടർ ബോർഡ് തീരുമാനിച്ചത്. ഇതിന് സിഎംഡിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള സർക്കുലറിൽ ജീവനക്കാർക്ക് നിർബന്ധിത അവധി നൽകാമെന്നും വ്യക്തമാക്കുന്നു.
വിവിധ വിഭാഗങ്ങളുടെ തലവൻമാർ, കേന്ദ്ര--മേഖലാ ആസ്ഥാനങ്ങളിലെ ഡയറക്ടർമാർ എന്നിവർക്ക് നിർബന്ധിത അവധി നൽകേണ്ട ജീവനക്കാർ ആരെന്ന് നിർദ്ദേശിക്കാം. അനുയോജ്യത, കാര്യക്ഷമത, നൈപുണ്യം, പ്രകടന നിലവാരം, ആരോഗ്യസ്ഥിതി, രോഗമോ മറ്റ് കാരണങ്ങളാലോ മുമ്പ് ജോലിക്ക് ഹാജരാകാതിരിക്കൽ, സാമർത്ഥ്യം എന്നിവ കണക്കാക്കിയാണ് നിർബന്ധിത അവധിക്ക് ജീവനക്കാരെ ശുപാർശ ചെയ്യേണ്ടത്. ഫലത്തിൽ മാനേജുമെന്റിന് ജീവനക്കാരുടെ സമ്മതമില്ലാതെ അവർക്ക് ശമ്പളമില്ലാത്ത നിർബന്ധിത അവധി നൽകാം. ഇത്തരത്തിൽ അവധിയിൽ പ്രവേശിക്കേണ്ടിവരുന്ന ജീവനക്കാർക്ക് ഒരുവിധ ആനുകൂല്യവും ലഭിക്കില്ല. മാത്രമല്ല, സ്ഥാനക്കയറ്റം, സീനിയോറിറ്റി എന്നിവയിലും ഈ കാലാവധി പരിഗണിക്കില്ല. ഏകപക്ഷീയമായി തൊഴിലാളികളുടെ സേവന വ്യവസ്ഥ മാറ്റാനുള്ള തീരുമാനം നിലവിലെ തൊഴിൽ ചട്ടങ്ങൾക്കും വ്യാവസായിക തർക്ക നിയമത്തിന്റെ വ്യവസ്ഥകൾക്കും എതിരാണ്.
നിയമവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ തീരുമാനം സർക്കാർ ഉടമസ്ഥതയിലുള്ള എയർഇന്ത്യയിൽനിന്ന് ഉണ്ടായതിനെതിരെ ശക്തമായ വിമർശനമാണ് സമൂഹത്തിന്റെ വ്യത്യസ്ത തുറകളിൽനിന്നുണ്ടായത്. എയർഇന്ത്യ അധികൃതരുടെ തീരുമാനം മന്ത്രി അടിയന്തരമായി ഇടപെട്ട് പിൻവലിക്കണമെന്ന് എളമരം കരിം എംപി കത്തിൽ ആവശ്യപ്പെട്ടു.