മാധ്യമം ജീവനക്കാരുടെ ശമ്പള സമരം ഒത്തുതീർപ്പാക്കുക ; സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തുന്ന സത്യാഗ്രഹം എളമരം കരീം ഉദ്ഘാടനം ചെയ്തു
മാധ്യമം ജീവനക്കാരുടെ ശമ്പള സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മാധ്യമത്തിന്റെ കോഴിക്കോട് പ്രവർത്തിക്കുന്ന പ്രധാന ഓഫീസിന് മുന്നിൽ ആരംഭിച്ച സത്യാഗ്രഹം സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ. എളമരം കരീം ഉദ്ഘാടനം ചെയ്തു.
മാധ്യമം പത്രത്തിലെ ജീവനക്കാർ കഴിഞ്ഞ രണ്ട് മാസക്കാലമായി ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിലാണ്. പത്രം മുടക്കാതെ ജോലി ചെയ്യുന്ന ജീവനക്കാർക്ക് നിലവിൽ എട്ട് മാസത്തെ ശമ്പളം കുടിശ്ശികയാണ്. ഇതോടെ ജീവനക്കാരുടെ കുടുംബജീവിതം വലിയ പ്രയാസത്തിലായിരിക്കുകയാണ്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അഞ്ച് മാസം ശമ്പള കുടിശ്ശിക വന്നപ്പോൾ അന്നത്തെ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി വിളിച്ചു ചേർത്ത ചർച്ചയിൽ രണ്ട് മാസത്തെ കുടിശ്ശിക കൊടുത്തു തീർത്തു എങ്കിലും പിന്നീട് ഇങ്ങോട്ട് കുടിശ്ശിക വീണ്ടും വർദ്ധിക്കുകയായിരുന്നു. നിലവിലെ തൊഴിൽ മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ പ്രശ്നം പരിഹരിക്കാൻ ചർച്ച നടത്തുകയും ശമ്പളം ഗഡുക്കളായി കൊടുത്തു തീർക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തെങ്കിലും മാധ്യമം മാനേജ്മെന്റ് അത് തള്ളിക്കളഞ്ഞു. മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശൻ വിഷയത്തിൽ കൂടിയാലോചനയ്ക്ക് ഇതേവരെ തയ്യാറായിട്ടുമില്ല.
കേരള പത്രപ്രവർത്തക യൂണിയനും കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷനുമാണ് സമരം നയിക്കുന്നത്. സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി മാധ്യമം ജീവനക്കാരുടെ പ്രശ്നം ഒരു തൊഴിൽ പ്രശ്നമായി കണ്ട് സമരസമിതി രൂപീകരിക്കുകയും ഒട്ടേറെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിന്റെ അടുത്തഘട്ട പ്രതിഷേധമായാണ് ഇന്ന് കോഴിക്കോട് പ്രവർത്തിക്കുന്ന മാധ്യമത്തിന്റെ പ്രധാന ഓഫീസിനു മുന്നിൽ സത്യാഗ്രഹ സമരം നടത്തുന്നത്.