സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നത് ആരോഗ്യനീതിയെ
ഒരു ജനാധിപത്യ സർക്കാരിന്റെ ഉത്തരവാദിത്വം അധികാരവിനിയോഗത്തിൽമാത്രം അവസാനിക്കുന്നില്ല. ജനങ്ങളുടെ ആരോഗ്യാവകാശം സംരക്ഷിക്കുകയും അധ്വാനിക്കുന്ന മനുഷ്യരുടെ ജീവിതസുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതും സർക്കാരിന്റെ അടിസ്ഥാന ഉത്തരവാദിത്വമാണ്. എന്നാൽ കേരളത്തിലെ ദേശീയ ആരോഗ്യ ദൗത്യത്തിൽ (എൻഎച്ച്എം) ജോലി ചെയ്തുവന്ന 1495 ജീവനക്കാരെ പുറത്താക്കിയത് സർക്കാർ ഈ ഉത്തരവാദിത്വം എത്രത്തോളം നിറവേറ്റുന്നെന്ന ഗൗരവമായ ചോദ്യം ഉയർത്തുന്നു. ഇത് കേവലം 1495 പേരുടെ തൊഴിൽ നഷ്ടത്തിന്റെ കഥയല്ല. 1495 കുടുംബത്തിന്റെ ഉപജീവനമാർഗം തകർക്കപ്പെടുന്ന സാമൂഹിക പ്രതിസന്ധിയാണ്. സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ പ്രവർത്തനത്തെയും തുടർച്ചയെയും ബാധിക്കാവുന്ന വിഷയവുമാണ്.
പുറത്താകുന്നത് ആരോഗ്യസംവിധാനത്തിന്റെ നട്ടെല്ലായിരുന്നവർ
ഗ്രാമീണ–നഗര മേഖലകളിലെ ജനങ്ങൾക്ക് അടിസ്ഥാന ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനും പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും നിർണായക പങ്കുവഹിക്കുന്ന സംവിധാനമാണ് ദേശീയ ആരോഗ്യ ദൗത്യം. സംസ്ഥാനത്ത് ഏകദേശം 17,000 ജീവനക്കാരാണ് ഇതിൽ പ്രവർത്തിച്ചിരുന്നത്. ഇക്കൂട്ടത്തിൽ 1495 പേരുടെ സേവനമാണ് അവസാനിപ്പിച്ചിരിക്കുന്നത്. ഇവരിൽ ഡോക്ടർമാരുണ്ട്, നഴ്സുമാരുണ്ട്, ഫാർമസിസ്റ്റുകളുണ്ട്, ലാബ് ടെക്നീഷ്യന്മാരുണ്ട്, ഫിസിയോതെറാപ്പിസ്റ്റുകളുണ്ട്, അക്കൗണ്ടന്റുമാരുണ്ട്. ആശുപത്രികളുടെയും വിവിധ ആരോഗ്യപദ്ധതികളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്ന ജീവനക്കാരുമുണ്ട്. പലരും പത്തും പതിനഞ്ചും ഇരുപതും വർഷങ്ങളായി ആരോഗ്യവകുപ്പിന്റെ ഭാഗമായി പ്രവർത്തിച്ചവരാണ്.
കോവിഡ് മഹാമാരിയുടെ കാലത്ത് സ്വന്തം ജീവൻപോലും അപകടത്തിലാക്കി ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ മുന്നിലുണ്ടായിരുന്നവരിൽ ഇവരും ഉൾപ്പെട്ടിരുന്നു. രോഗപ്രതിരോധ പ്രവർത്തനങ്ങൾ, പരിശോധനകൾ, വാക്സിനേഷൻ, രോഗീപരിചരണം, രോഗവ്യാപന നിയന്ത്രണം തുടങ്ങി ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ ജനങ്ങളിലെത്തിക്കുന്നതിൽ ഇവരുടെ പങ്ക് നിർണായകമായിരുന്നു. ഇവയെല്ലാം സാധാരണക്കാരുടെ ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട ആരോഗ്യസേവനങ്ങളാണ്.
ഒരു ലാബ് ടെക്നീഷ്യന്റെ സേവനം നഷ്ടപ്പെട്ടാൽ പരിശോധനകൾ വൈകാം. ഒരു നഴ്സിന്റെ സേവനം ഇല്ലാതായാൽ രോഗീപരിചരണം ബാധിക്കാം. ഒരു ഡോക്ടറുടെ സേവനം അവസാനിപ്പിച്ചാൽ ചികിത്സയുടെ തുടർച്ച മുടങ്ങാം. ആരോഗ്യപദ്ധതികളുടെ ഏകോപനത്തിൽ ജീവനക്കാരുടെ കുറവുണ്ടായാൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്നത് സാധാരണക്കാരായ രോഗികളാണ്.
നടപടികൾ സുതാര്യമാകണം
ജീവനക്കാരുടെ കരാർ സാധാരണയായി ഏപ്രിൽമുതൽ മാർച്ച് വരെയുള്ള ഒരു വർഷത്തേക്കാണ് പുതുക്കാറുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം കരാർ മെയ് വരെ നീട്ടുകയും പിന്നീട് ഒക്ടോബർ 31 വരെയാക്കുകയും ചെയ്തെന്ന് റിപ്പോർട്ടുകളുണ്ട്.
മേയിൽ പ്രകടനമികവ് വിലയിരുത്തപ്പെട്ട ജീവനക്കാരോട് ഒക്ടോബറിലും വീണ്ടും വിലയിരുത്തലിന് വിധേയരാകാൻ ആവശ്യപ്പെട്ടു. ഇവിടെ ഉയരുന്ന ചോദ്യങ്ങൾ വളരെ പ്രസക്തമാണ്.
പ്രകടനമികവ് വിലയിരുത്തുന്നതിന് വ്യക്തവും സുതാര്യവുമായ മാനദണ്ഡങ്ങളുണ്ടായിരുന്നോ. എല്ലാ ജീവനക്കാർക്കും ഒരേ മാനദണ്ഡങ്ങളാണോ ബാധകമാക്കിയത്. വിലയിരുത്തലിൽ ലഭിച്ച സ്കോറും റിപ്പോർട്ടും ജീവനക്കാരെ അറിയിച്ചിരുന്നോ. പുറത്താക്കപ്പെടുന്നവർക്ക് തങ്ങളുടെ ഭാഗം വിശദീകരിക്കാനും അപ്പീൽ നൽകാനും മതിയായ അവസരം ലഭിച്ചിരുന്നോ.
ആരോപണമുണ്ടെങ്കിൽ അന്വേഷണം വേണം. അന്വേഷണത്തിന് തെളിവ് വേണം. നടപടിയെടുക്കുമ്പോൾ സുതാര്യമായ മാനദണ്ഡവും നീതിപൂർവമായ നടപടിക്രമവും വേണം. അതുതന്നെയാണ് ജനാധിപത്യ ഭരണത്തിന്റെ അടിസ്ഥാനതത്വം.
ആരോഗ്യമേഖലയിലെ ചെലവുകളെ സാമ്പത്തിക ബാധ്യതയായി കാണാനാകില്ല. അത് ജനങ്ങളുടെ ആരോഗ്യത്തിനും സാമൂഹ്യസുരക്ഷയ്ക്കും വേണ്ടിയുള്ള നിക്ഷേപമാണ്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനു മുമ്പ് പൊതുജനാരോഗ്യ സേവനങ്ങളെ അത് എങ്ങനെ ബാധിക്കുമെന്നത് ശാസ്ത്രീയമായി വിലയിരുത്തേണ്ടതുണ്ട്. കരാർ ജീവനക്കാരാണെന്ന പേരിൽ തൊഴിൽനീതി നിഷേധിക്കാനാകില്ല!
കരാർ എന്നത് തൊഴിലാളിയുടെ അവകാശങ്ങൾ നിഷേധിക്കാനുള്ള ഉപകരണമാകരുത്. വർഷങ്ങളോളം നിർണായക സംഭാവന നൽകിയവരുടെ തൊഴിൽസുരക്ഷയെ കരാർ പുതുക്കലിന്റെ പേരിൽ ചോദ്യം ചെയ്യുന്നത് നീതിയല്ല.
തൊഴിലാളികളുടെ അധ്വാനത്തെ അംഗീകരിക്കുകയും അവരുടെ തൊഴിൽസുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
പൊതുജനാരോഗ്യമേഖലയെ സംരക്ഷിക്കണം
പുറത്താക്കപ്പെട്ട 1495 ജീവനക്കാരെയും അടിയന്തരമായി തിരിച്ചെടുക്കണം. പ്രകടനമികവ് വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങളും ബന്ധപ്പെട്ട റിപ്പോർട്ടുകളും പരസ്യപ്പെടുത്തണം.
രാഷ്ട്രീയമോ സംഘടനാപരമോ ആയ വിവേചനം ഉണ്ടായിട്ടുണ്ടെങ്കിൽ നിഷ്പക്ഷ അന്വേഷണം നടത്തി നടപടി സ്വീകരിക്കേണ്ടതുണ്ട്. വർഷങ്ങളായി സേവനം ചെയ്യുന്ന ജീവനക്കാർക്ക് തൊഴിൽസുരക്ഷ ഉറപ്പാക്കുകയും പൊതുജനാരോഗ്യ പദ്ധതികളുടെ തുടർച്ച ഉറപ്പാക്കാൻ ആവശ്യമായ ജീവനക്കാരെ നിലനിർത്തുകയും ചെയ്യണം. തുല്യജോലിക്ക് തുല്യവേതനവും അർഹമായ തൊഴിലവകാശങ്ങളും ഉറപ്പാക്കണം. ജീവനക്കാരുടെ പ്രതിനിധികളുമായി ചർച്ച നടത്തി പ്രശ്നങ്ങൾക്ക് നീതിപൂർവമായ പരിഹാരം കണ്ടെത്തുകയാണ് ചെയ്യേണ്ടത്.
ഇവർ വർഷങ്ങളുടെ അധ്വാനവും അനുഭവസമ്പത്തും പൊതുജനാരോഗ്യത്തിനായി സമർപ്പിച്ചവരാണ്. ആരോഗ്യസംവിധാനത്തെ ശക്തിപ്പെടുത്തേണ്ട കാലത്ത് അതിന്റെ മനുഷ്യവിഭവശേഷിയെ ദുർബലപ്പെടുത്തുന്നത് വികസനമല്ല. തൊഴിൽസുരക്ഷ ഉറപ്പാക്കാതെ ആരോഗ്യനീതി നടപ്പാക്കാനുമാകില്ല. ജീവനക്കാർ കുറയുമ്പോൾ സംഭവിക്കുന്നത് സേവനങ്ങളുടെ ലഭ്യതയിലെ ഇടിവാണ്. ഇത് നാളെ പൊതുജനങ്ങൾ അനുഭവിക്കേണ്ടിവരും. അതുകൊണ്ടുതന്നെ ഈ പോരാട്ടം ഒരു വിഭാഗം ജീവനക്കാരുടേത് മാത്രമല്ല; കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തെ സംരക്ഷിക്കാനുള്ള ജനകീയ പോരാട്ടവുമാണ്.
ജീവിതം വഴിമുട്ടുന്നു
മാസശമ്പളത്തെ ആശ്രയിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന കുടുംബങ്ങൾ ഒറ്റനിമിഷംകൊണ്ട് അനിശ്ചിതത്വത്തിലേക്ക് തള്ളപ്പെടുകയാണ്. ഇതിൽ വിദ്യാഭ്യാസ വായ്പയെടുത്ത് പഠിച്ചവരുടെ ജീവിതമുണ്ട്. വീടിന്റെ വായ്പകൾ തിരിച്ചടയ്ക്കേണ്ടവരുണ്ട്. മക്കളുടെ വിദ്യാഭ്യാസ ബാധ്യതകൾ വഹിക്കേണ്ടവരുണ്ട്. പ്രായമായ അച്ഛനമ്മമാരുടെ ചികിത്സാചെലവുകളും കുടുംബത്തിന്റെ ദൈനംദിന ജീവിതച്ചെലവുകളും ഇവർക്ക് മുന്നിലുണ്ട്. ജീവനക്കാരെ പുറത്താക്കുമ്പോൾ അവരുടെ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വവും സാമൂഹിക ജീവിതത്തിന്റെ അടിത്തറയുംകൂടിയാണ് തകരുന്നത്.
ഈ ഉള്ളടക്കം ഇംഗ്ലീഷിൽ ഇതുവരെ ലഭ്യമല്ല.