ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

ഇഐഎ 2020 കരട് വിജ്ഞാപനം പിൻവലിക്കണം - എളമരം കരീം എംപി

ഇഐഎ 2020 കരട് വിജ്ഞാപനം പിൻവലിക്കണം - എളമരം കരീം എംപി

രാജ്യത്ത് നിലവിലുള്ള പരിസ്ഥിതി സംരക്ഷണ നയങ്ങൾക്ക് തുരങ്കം വെക്കുന്ന ഇഐഎ 2020 കരട് വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാകക്ഷി നേതാവും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എളമരം കരീം എംപി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർക്ക് കത്ത് നൽകി.

രാജ്യത്ത് നിലവിലുള്ള പരിസ്ഥിതി സംരക്ഷണ നയങ്ങൾക്ക് തുരങ്കം വെക്കുന്ന ഇഐഎ 2020 കരട് വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാകക്ഷി നേതാവും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എളമരം കരീം എംപി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർക്ക് കത്ത് നൽകി.

കരട് വിജ്ഞാപനത്തിലെ വ്യവസ്ഥകളെ എതിർത്തുകൊണ്ടുള്ള വിശദമായ പ്രതികരണവും കത്തിനോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. 2006ലെ ഇഐഎ വിജ്ഞാപനപ്രകാരമുള്ള എല്ലാ പരിസ്ഥിതി സംരക്ഷണ ചട്ടങ്ങളിലും വെള്ളം ചേർക്കുന്ന രീതിയിലാണ് പുതിയ കരട് വിജ്ഞാപനത്തിന്റെ ഘടന. കോർപറേറ്റുകൾക്ക് നിയമപരമായ യാതൊരു നിയന്ത്രണങ്ങളും ഭയക്കാതെ പ്രകൃതി വിഭവങ്ങളെയും പരിസ്ഥിതിയെയും നിർബാധം ചൂഷണം ചെയ്യാനുള്ള വഴിതുറന്നുകൊടുക്കുകയാണ് ഈ വിജ്ഞാപനത്തിലൂടെ സർക്കാർ ചെയ്തിട്ടുള്ളത്. നമ്മുടെ പരിസ്ഥിതിയെ കുട്ടിച്ചോറാക്കുന്ന ഈ വിജ്ഞാപനം എത്രയും വേഗം പിൻവലിക്കേണ്ടതാണ്.2006ലെ ഇഐഎ നിർദേശങ്ങളെ മറികടക്കുക മാത്രമല്ല, പരിസ്ഥിതി നിയമങ്ങളിൽ ഇളവ് വരുത്തുന്നതിന് കേന്ദ്രം നടത്തുന്ന ശ്രമങ്ങൾക്കെതിരെ ദേശീയ ഹരിത ട്രിബ്യൂണലും സുപ്രീംകോടതിയടക്കമുള്ള കോടതികളും പുറപ്പെടുവിച്ച ഉത്തരവുകളെ കാറ്റിൽ പറത്താൻ കൂടിയാണ് ഈ കരട് തയ്യാറാക്കിയത്. പ്രകൃതിവിഭവങ്ങളെ ആശ്രയിച്ച്‌ ഉപജീവനമാർഗം കണ്ടെത്തുന്നവർക്കും പരിസ്ഥിതിക്കുതന്നെയും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തി വൻകിട കുത്തകകളെ സഹായിക്കുന്നതിലാണ് കേന്ദ്രസർക്കാരിന്റെ മുൻഗണന. ഖനനത്തിനുള്ള പരിസ്ഥിതി മാനദണ്ഡങ്ങൾ ലഘൂകരിച്ച് അതിനെ ഉദാരവൽക്കരിക്കുകയും നിയന്ത്രണ വിമുക്തമാക്കുകയും ചെയ്യുന്നു. ആദിവാസികളുടെ ഭരണഘടനാപരമായുള്ള അവകാശങ്ങളെപ്പോലും ഹനിക്കുന്നവയാണ് പുതിയ വിജ്ഞാപനത്തിലെ പല വ്യവസ്ഥകളും. കോർപറേറ്റ് താൽപ്പര്യങ്ങളെ പ്രീണിപ്പിക്കുന്നതിനും 'ബിസിനസ്‌ എളുപ്പമാക്കൽ' നയം നടപ്പാക്കി നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയുടെ ഭാഗം മാത്രമാണിത്‌. വൻകിട പദ്ധതികൾ ആരംഭിക്കുമ്പോൾ ആവശ്യമായ പാരിസ്ഥിതികാഘാത പഠനം സംബന്ധിച്ച വ്യവസ്ഥകളിൽ പോലും ഇളവുകൾ വരുത്തിയത് ഈ അജണ്ടയുടെ ഭാഗമായിത്തന്നെയാണ്. ഇത്തരത്തിൽ നമ്മുടെ പ്രകൃതി വിഭവങ്ങളെയാകെ കോർപ്പറേറ്റ് ലാഭക്കൊതിയുടെ മുന്നിൽ അടിയറവെക്കുന്ന ഈ വിജ്ഞാപനം പിൻവലിച്ച് ഇന്ത്യയിലെ പരിസ്ഥിതി നിയന്ത്രണസംവിധാനത്തിന്റെ ഘടന കൂടുതൽ ശക്തമാകാനാവശ്യമായ വകുപ്പുകൾ ഉൾപ്പെടുത്തി പുതിയ വിജ്ഞാപനം ഇറക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.