ഉല്പന്നങ്ങൾക്ക് അനസ്യൂതം വിപുലപ്പെടുന്ന കമ്പോളം കണ്ടത്തേണ്ടതിന്റെ ആവശ്യം ബൂർഷ്വാസിയെ ഭൂമണ്ഡലത്തിലെങ്ങും ഓടിക്കുന്നു - മാനിഫെസ്റ്റോ
ഉല്പന്നങ്ങൾക്ക് അനസ്യൂതം വിപുലപ്പെടുന്ന കമ്പോളം കണ്ടത്തേണ്ടതിന്റെ ആവശ്യം ബൂർഷ്വാസിയെ ഭൂമണ്ഡലത്തിലെങ്ങും ഓടിക്കുന്നു - മാനിഫെസ്റ്റോ.
ഉല്പന്നങ്ങൾക്ക് അനസ്യൂതം വിപുലപ്പെടുന്ന കമ്പോളം കണ്ടത്തേണ്ടതിന്റെ ആവശ്യം ബൂർഷ്വാസിയെ ഭൂമണ്ഡലത്തിലെങ്ങും ഓടിക്കുന്നു - മാനിഫെസ്റ്റോ.
1847ൽ എഴുതിയ മാനിഫെസ്റ്റോ ആഗോളതലത്തിൽ കമ്പോളം കണ്ടെത്താതെ മുതലാളിത്തത്തിന് നിലനിൽക്കാൻ കഴിയില്ല എന്ന് അന്ന് തന്നെ ദീർഘദർശനം നടത്തിയിരുന്നു.
മുതലാളിത്തം ആഗോളവത്കരണത്തിലേക്ക് എത്തുമെന്ന് 1847ൽ തന്നെ മാർക്സും എംഗൽസും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ വ്യക്തമാക്കി.മാർക്സിസത്തിന്റെ ശാസ്ത്രീയതും ശരിയും ഇതുതന്നെ തെളിയിക്കുന്നു.കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ അനസ്യൂതം വിപുലപ്പെടുന്ന ഒരു കമ്പോളം കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി പറയുന്ന ഭാഗം നോക്കാം.
ഉത്പാദനോപകരണങ്ങളിലും തദ്വാരാ ഉത്പാദനബന്ധങ്ങളിലും അതോടൊപ്പം സാമൂഹ്യബന്ധങ്ങളിലൊട്ടാകെയും നിരന്തരം വിപ്ലവകരമായ പരിവർത്തനം വരുത്താതെയും ബൂർഷ്വാസിക്ക് നിലനിൽക്കാനാവില്ല.നേരെ മറിച്ച് ഇതിന് മുൻപുണ്ടായിരുന്ന എല്ലാ വ്യവസായിക വർഗങ്ങളുടെയും നിലനിൽപ്പിന്റെ ആദ്യത്തെ ഉപാധി പഴയ ഉല്പാദന രീതികളെ യാതൊരു മാറ്റവും കൂടാതെ നിലനിർത്തുകയെന്നതായിരുന്നു.ഉല്പാദനത്തിൽ നിരന്തരം വിപ്ലവകരമായ പരിവർത്തനം എല്ലാ സാമൂഹ്യോപാദികളെയും ഇടതടവില്ലാതെ ഇളക്കി മറിക്കൽ,ശാശ്വതമായ അനിശ്ചിത്തവസ്ഥയും പ്രക്ഷോഭവും ഇതെല്ലാം ബൂർഷ്വാ കാലഘട്ടത്തെ എല്ലാ പഴയ കാലഘട്ടത്തിൽ നിന്നും വേർതിരിക്കുന്നു.
ഉറച്ചു കട്ടിപിടിച്ചതും,നിശ്ചലവുമായ എല്ലാ ബന്ധങ്ങളും അവയുടെ കൂടപ്പിറപ്പായ പുരാതനവും ആദരണീയവുമായ മുൻവിധികളും അഭിപ്രായങ്ങളും തുടച്ചുനീക്കപ്പെടുന്നു.
തൽസ്ഥാനത്ത് പുതുതായി ഉണ്ടാവുന്നവയ്ക്ക് ഉറച്ചുകട്ടിയാവാൻ സമയം കിട്ടുന്നതിന് മുൻപ് പഴഞ്ചനായി തീരുന്നു.
കട്ടിയായതെല്ലാം വായുവിൽ ഉരുകി ലയിക്കുന്നു.
പരിശുദ്ധമായതെല്ലാം ആശുദ്ധമായി തീരുന്നു.
അങ്ങനെ അവസാനം മനുഷ്യൻ തന്റെ ജീവിതത്തിന്റെ യഥാർത്ഥോപാധികളെയും സഹജീവികളുമായുള്ള തന്റെ ബന്ധങ്ങളെയും സമചിത്തതയോടെ നേരിടാൻ നിർബന്ധിതനാവുന്നു.
ഉല്പന്നങ്ങൾക്ക് അനസ്യൂതം വിപുലപ്പെടുന്ന ഒരു കമ്പോളം കണ്ടെത്തേണ്ടതിന്റെ ആവശ്യം ബൂർഷ്വാസിയെ ഭൂമണ്ഡലത്തിലെങ്ങും ഓടിക്കുന്നു.
അതിന് എല്ലായിടത്തും കൂട് കെട്ടണം,എല്ലായിടത്തും പാർപ്പുറപ്പിക്കണം,എല്ലായിടത്തും ബന്ധങ്ങൾ സ്ഥാപിക്കണം.
ലോക കമ്പോളത്തെ ചൂഷണം ചെയ്യുന്നതിലൂടെ ബൂർഷ്വാസി ഓരോ രാജ്യത്തിലെയും ഉല്പാദനത്തിനും ഉപഭോഗത്തിനും ഒരു സർവ്വലൗകിക ഭാവം നൽകിയിട്ടുണ്ട്. പ്രതിലോമവാദികളെ വളരെയധികം വേദനിപ്പിച്ചുകൊണ്ട് വ്യവസായത്തിന്റെ കാൽക്കീഴിൽ നിന്ന് നിലയുറപ്പിച്ചിരുന്ന ദേശീയാടിത്തറയെ ബൂർഷ്വാസി വലിച്ചുമാറ്റി.
എല്ലാ പരമ്പരാഗത ദേശീയ വ്യവസായത്തെയും അത് നശിപ്പിച്ചു.അഥവാ പ്രതിദിനം നശിപ്പിച്ചുവരികയാണ്.
തൽസ്ഥാനം പുതിയ വ്യവസായങ്ങൾ എടുക്കുന്നു.അവ ഏർപ്പെടുത്തേണ്ടത് എല്ലാ പരിഷ്കൃത രാജ്യങ്ങൾക്കും ഒരു ജീവന്മരണ പ്രശ്നമായിതീരുന്നു.
ഈ പുതിയ വ്യവസായങ്ങൾ ഉപയോഗിക്കുന്ന അസംസ്കൃത സാധനങ്ങൾ തദ്ദേശിയമല്ല - അതിവിദൂര ദേശങ്ങളിൽ നിന്നും കൊണ്ടുവരുന്നതാണ്.അവയുടെ ഉല്പനങ്ങളാകട്ടെ അതാത് നാട്ടിൽ മാത്രമല്ല ലോകത്തിന്റെ ഏതു കോണിലും ഉപയോഗിക്കപ്പെടുന്നുണ്ട്.സ്വന്തം രാജ്യത്തെ ഉല്പാദനം കൊണ്ട് നിറവേറിയിരുന്ന പഴയ ആവശ്യങ്ങളുടെ സ്ഥാനത്ത് വിദൂരസ്ഥങ്ങളായ രാജ്യങ്ങളിലെയും കാലവസ്ഥകളിലെയും ഉല്പന്നങ്ങൾ കൊണ്ടുമാത്രം തൃപ്തിപ്പെടുത്താൻ കഴിയുന്ന പുതിയ ആവശ്യങ്ങൾ നാം കാണുന്നു.
പ്രദേശികവും ദേശീയവുമായ ഏകാന്തതയുടെയും സ്വയംപര്യാപ്തതയുടെയും സ്ഥാനത്ത് രാഷ്ട്രങ്ങൾ തമ്മിലുള്ള നാനാമുഖമായ വ്യാപാരബന്ധങ്ങളും സാർവത്രികമായ പരസ്പരാശ്രയത്വവുമാണ് ഇന്നുള്ളത്.
ഭൗതികോല്പാദനത്തിലെന്ന പോലെ ബുദ്ധിപരമായ ഉല്പാദനത്തിലും ഇതേ മാറ്റങ്ങളുണ്ടാവുന്നു.