ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല

എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല

അമേരിക്കൻ സമൂഹത്തിലെ അസമത്വങ്ങളും വർഗ വൈരുദ്ധ്യങ്ങളും രൂക്ഷമാകുന്നുവെന്ന് ഫ്ലോയിഡ് കൊലപാതകം തെളിയിക്കുന്നു.

അമേരിക്കൻ സമൂഹത്തിലെ അസമത്വങ്ങളും വർഗ വൈരുദ്ധ്യങ്ങളും രൂക്ഷമാകുന്നുവെന്ന് ഫ്ലോയിഡ് കൊലപാതകം തെളിയിക്കുന്നു.

മെയ് ഇരുപത്തിയഞ്ചാം തിയ്യതി ജോർജ്ജ് ഫ്ലോയിഡ് എന്ന 46 വയസ്സുള്ള കറുത്ത വർഗക്കാരൻ അമേരിക്കയിലെ മിനിയപ്പോളീസിൽ പോലീസ് അതിക്രമങ്ങൾക്ക് വിധേയമായി കൊല്ലപ്പെട്ടു.പോലീസ് ഓഫീസർ ഡെറക് ചൗവിൻ ഫ്ലോയിഡിന്റെ പിടലിയിൽ 8 മിനിറ്റ് 46 സെക്കന്റ് മുട്ടുകാൽ ഊന്നിനിന്ന് ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയത്.

ജോർജ്ജ് ഫ്ലോയിഡ് 'ഡേലി' എന്ന സ്റ്റോറിൽ നിന്നും സിഗരറ്റ് വാങ്ങിയപ്പോൾ 20 ഡോളറിന്റെ കള്ളനോട്ട് നൽകിയെന്ന ആരോപണത്തെ തുടർന്നാണ് പോലീസ് പിടികൂടുന്നത്.പിടികൂടിയ ഉടൻ തന്നെ കായികമായി ആക്രമിക്കുകയും നാല് പൊലീസുകാർ ചേർന്ന് തറയിൽ കിടത്തി കഴുത്തിൽ മുട്ടുകാൽ അമർത്തുകയുമായിരുന്നു.അമേരിക്കയിൽ പോലീസ് അതിക്രമങ്ങളിൽ കറുത്ത വർഗക്കാർ കൊല്ലപ്പെടുന്നത് പുതിയ സംഭവമല്ല.

ഫ്ലോയിഡിന്റെ ക്രൂരമായ കൊലപാതകത്തിനെതിരെ അമേരിക്കയിൽ പ്രതിഷേധം അണപൊട്ടി ഒഴുകുകയാണ്.

അമേരിക്കയിലെ നൂറ്റി നാല്പത്തിലധികം നഗരങ്ങളിൽ വലിയ പ്രതിഷേധം നടക്കുകയാണ്.നാല്പതോളം നഗരങ്ങളിൽ കർഫ്‌യൂ ഏർപ്പെടുത്തി.ദിവസങ്ങളായി വൈറ്റ് ഹൗസിന് പുറത്ത് തടിച്ചുകൂടിയ പ്രക്ഷോഭകാരികൾ വർണ്ണവെറിയനായ ട്രംപിനെതിരെ മുദ്രാവാക്യം മുഴക്കുകയാണ്.

പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതുവരെ റിപ്പോർട്ട് ചെയ്തത് അഞ്ച് ആണ്.

മൂവായിരത്തോളം പ്രക്ഷോഭകാരികളെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇട്ടിരിക്കുകയാണ്.

' എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല ' (i can't breath) എന്ന ഫ്ലോയിഡിന്റെ ആവർത്തിച്ചുള്ള വിളി അമേരിക്കൻ നഗരങ്ങളിൽ പ്രതിഷേധത്തിന്റെ മുദ്രാവാക്യമായി അലയടിക്കുകയാണ്.

ഡെറക്ക് ചൗവിൻ എന്ന പോലീസുകാരൻ വർണ്ണവെറിക്ക് കുപ്രസിദ്ധനാണ്.അയാൾ കാൽമുട്ട് അമർത്തി 8 മിനുറ്റ് 46 സെക്കന്റ് നിന്നപ്പോൾ തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടയപ്പെട്ടതും ഓക്സിജന്റെ അളവ് കുറഞ്ഞതുമാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമാണ്.

ഫ്ലോയിഡ് കൊറോണകാലത്ത് ജോലി നഷ്ടപ്പെട്ട ഒരു റസ്റ്റോറന്റ് സെക്യൂരിറ്റി ജീവനക്കാരനായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

ഫ്ലോയിഡ് കൊലപാതകം അമേരിക്കയിലെ കറുത്ത വർഗക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾ ഒരിക്കൽ കൂടി ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.അമേരിക്കയിലെ വർണ്ണവെറിയുടെയും സാമ്പത്തിക ഉച്ചനീചത്വങ്ങളുടെയും അന്തർധാരകളും ഈ സംഭവത്തിലൂടെ ചർച്ചചെയ്യപ്പെടുകയാണ്.

ജോർജ്ജ് ഫ്ലോയിഡിന്റെ കൊലപാതകം യഥാർത്ഥത്തിൽ അമേരിക്കയിലെ പാവപ്പെട്ടവരിൽ പ്രത്യേകിച്ച് കറുത്ത വർഗക്കാരിൽ വർഷങ്ങളായി രൂപപ്പെട്ടുവന്ന രോക്ഷവും, നിരാശയും,ദുഃഖവും എല്ലാം പുറത്തുവരാൻ ഒരു കാരണമായി എന്നുമാത്രം.കോവിഡ്‌ 19 പ്രതിസന്ധി 4 കോടിയിലധികം പേർക്ക് അമേരിക്കയിൽ ജോലി നഷ്ടപ്പെടുത്തി.അതിൽ കൂടുതലും കറുത്ത വർഗക്കാരാണ്.കോവിഡ്‌ 19 മൂലം മരണമടഞ്ഞവരിലും കൂടുതൽ പേർ കറുത്ത വർഗക്കാരാണ്.

കറുത്ത വർഗക്കാരെ സായുധരായ പോലീസ് സർക്കാരിന്റെ മൗനാനുവാദത്തോടെ ആക്രമിക്കുന്നത് നിത്യ സംഭവമാണ്.

ഇതെല്ലാം ഒരു പൊട്ടിത്തെറിയിലേക്ക് നയിച്ചു എന്നുമാത്രം.അമേരിക്കൻ സമൂഹത്തിലെ അസമത്വങ്ങളും വർഗ വൈരുദ്ധ്യങ്ങളും രൂക്ഷമാകുന്നു എന്നാണ് ഫ്ലോയിഡ് സംഭവം കാണിക്കുന്നത്.