ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

കൊറോണയെ പ്രതിരോധിക്കുവാൻ രംഗത്തിറങ്ങുക: സിഐടിയു

കൊറോണയെ പ്രതിരോധിക്കുവാൻ രംഗത്തിറങ്ങുക: സിഐടിയു

കൊറോണയെ പ്രതിരോധിക്കാൻ രംഗത്തിറങ്ങുക - സിഐടിയു

കൊറോണയെ പ്രതിരോധിക്കാൻ രംഗത്തിറങ്ങുക - സിഐടിയു

തിരു:മാർച്ച് 18: കൊറോണ വൈറസ് പടരുന്നതിനെ നേരിടാൻ കേരള സർക്കാർ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ അംഗീകരിക്കാനും, പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സംസ്ഥാനത്തെ തൊഴിലാളികളോട് സിഐടിയു സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിക്കുന്നു. ജനങ്ങൾ ഇടപഴകുന്ന എല്ലാ ഇടങ്ങളും അണുവിമുക്തമാക്കാൻ തൊഴിലാളികൾ മുന്നോട്ടുവരണം. പൊതു ഇടങ്ങൾ ശുചീകരിക്കാനും, പൊതു വാഹനങ്ങൾ അണുവിമുക്തമാക്കാനും തൊഴിലാളികൾ പ്രത്യേകം ശ്രദ്ധിക്കണം.

കൊറോണ വ്യാപനം തടയാൻ കേരളം കൈക്കൊണ്ട നടപടികൾ ലോകമാകെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ആരോഗ്യ മേഖലയെ പൊതുമേഖലയിൽ നിലനിർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്ത എൽഡിഎഫ് സർക്കാരിന്റെ നടപടിയാണ് ജനങ്ങൾക്ക് രക്ഷയായത്. നവ-ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി ആരോഗ്യ മേഖലയിലെ സർക്കാർ ഇടപെടൽ ഉപേക്ഷിക്കുകയും എല്ലാം സ്വകാര്യമേഖലയെ ഏൽപ്പിക്കുകയും ചെയ്ത രാജ്യങ്ങളിൽ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് യാതൊരു ഉപാധിയുമില്ല. ലാഭക്കൊതി മൂത്ത സ്വകാര്യ ഇൻഷുറൻസ് കമ്പനികളാണ് പല രാജ്യങ്ങളിലും ആരോഗ്യമേഖലയെ അടക്കി ഭരിക്കുന്നത്.

ഇന്ത്യയും ഈ വഴിക്കാണ് നീങ്ങുന്നത്. ആരോഗ്യ മേഖലയ്ക്കുള്ള സർക്കാർ ചെലവ് ഓരോവർഷവും കുറഞ്ഞുവരികയാണ്. കൊറോണാ പോലുള്ള പകർച്ചവ്യാധികൾ പടർന്ന് പിടിക്കുമ്പോൾ യാതൊരു സാമൂഹിക പ്രതിബദ്ധതയുമില്ലാത്ത സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ കൈമലർത്തുന്നു. വികസിത യൂറോപ്യൻ രാജ്യങ്ങളിൽ പോലും ജനങ്ങൾ അരക്ഷിതാവസ്ഥയിലാണ്

കേരളത്തിൽ ജനങ്ങളുടെ ആരോഗ്യരക്ഷക്കും പകർച്ചവ്യാധികൾ തടയാനും കേരള സർക്കാർ കൈക്കൊള്ളുന്ന നടപടികൾ ശ്ലാഖിക്കപ്പെടുന്നത് ഈ പശ്ചാത്തലത്തിലാണ്. നേരത്തെ 'നിപ്പ' ബാധയെ നേരിടുന്നതിലും കേരളം നേടിയ വിജയം ലോകം അത്ഭുതത്തോടെയാണ് വീക്ഷിച്ചത്. നവ കേരള മിഷന്റെ ഭാഗമായ 'ശുചിത്വകേരള' പദ്ധതിക്ക് പിന്നിലെ ദീർഘവീക്ഷണവും' ആർദ്രം പദ്ധതിയിലൂടെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെടുത്തിയതും ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്.

കൊറോണയെ നേരിടാൻ സർക്കാർ നിർദ്ദേശിക്കുന്ന മുൻകരുതലുകൾ പാലിക്കാനും, ഈ പ്രവർത്തനങ്ങൾക്ക് സന്നദ്ധ ഭടന്മാരാവാനും തൊഴിലാളി സംഘടനകൾ തയ്യാറാവണം. തൊഴിൽ നഷ്ടം മൂലം കഷ്ടപ്പെടുന്ന സഹോദരങ്ങളെ സഹായിക്കാനും തൊഴിലാളി സംഘടനകൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നഭ്യർത്ഥിക്കുന്നു.

എളമരം കരീം

ജനറൽ സെക്രട്ടറി