ഡബ്ല്യൂ.എഫ്.ടി.യു സ്ഥാപകദിനവും, എഴുപത്തിയഞ്ചാം വാർഷികവും സമുചിതമായി ആചരിക്കണം
ഡബ്ല്യൂ.എഫ്.ടി.യു സ്ഥാപകദിനവും, എഴുപത്തിയഞ്ചാം വാർഷികവും സമുചിതമായി ആചരിക്കണം
ഡബ്ല്യൂ.എഫ്.ടി.യു സ്ഥാപകദിനവും, എഴുപത്തിയഞ്ചാം വാർഷികവും സമുചിതമായി ആചരിക്കണം
ഡബ്ല്യൂ.എഫ്.ടി.യു (വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ്) രൂപീകൃതമാവുന്നത് 1945 ഒക്ടോബർ 3ന് ആണ്. പാരീസിൽ വച്ച് 1945 ഒക്ടോബർ 3 മുതൽ 8 വരെ നടന്ന അന്തർദേശീയ രംഗത്തെ ട്രേഡ് യൂണിയനുകളുടെ കോൺഗ്രസിലാണ് WFTU രൂപീകൃതമാവുന്നത്. 55 രാജ്യങ്ങളിൽ നിന്നുള്ള 56 ദേശീയ ട്രേഡ് യൂണിയനുകളും 20 അന്തർദേശീയ ട്രേഡ് യൂണിയനുകളും ചേർന്നാണ് WFTU രൂപീകരിക്കുന്നത്.
ലോകത്തെ തൊഴിലാളികളുടെ ശബ്ദം എന്ന നിലയിൽ WFTU യുദ്ധങ്ങളിൽ നിന്നും മുക്തമായ സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ ഒരു ലോകത്തിനായി വാദിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ ആ പശ്ചാത്തലത്തിലാണ് WFTU സ്ഥാപിതമാവുന്നത്. ഫാസിസത്തിനെതിരെ ,ഫാസിസ്റ്റ് വിരുദ്ധ ശക്തികളുടെ വിജയം WFTU രൂപീകരണത്തിനൊരു രാസത്വരകമായി വർത്തിച്ചു. ഇത് ലോക തൊഴിലാളി വർഗ്ഗ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ലോകത്ത് തൊഴിലാളികളും ജനാധിപത്യ ശക്തികളും ഫാസിസ്റ് വിരുദ്ധ ശക്തികളുടെ വിജയം ഒരു പുതു ലോകത്തിന്റെ പിറവിയായാണ് കണ്ടത്. ഈ കാലഘട്ടത്തിൽ സാമ്രാജ്യത്വവും കോളനിവവത്കരണവും പിന്നോട്ടടി നേരിടുകയും സ്വാതന്ത്ര്യവും ജനാധിപത്യവും സമാധാനവും മേൽക്കൈ നേടുന്ന അന്തരീക്ഷവും സംജാതമായി.
WFTU പാരീസ് കോൺഗ്രസ് അതിന്റെ പ്രമേയത്തിൽ തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങൾ ഉറക്കെ പ്രഖ്യാപിച്ചു. സംഘടിക്കുവാനുള്ള അവകാശം, മതം, ജാതി, വർഗം, നിറം, ലിംഗം തുടങ്ങി എല്ലാതരം വിവേചനങ്ങളിൽ നിന്നുമുള്ള മോചനം, തൊഴിൽ ചെയ്യാനുള്ള അവകാശം, ശമ്പളത്തോട് കൂടിയ അവധി, ഉയർന്ന ജീവിത നിലവാരം, സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ, തൊഴിലില്ലായ്മ, രോഗം, അപകടം, വയസ്സുകാലം തുടങ്ങിയ അവസ്ഥകളിൽ സുരക്ഷിതത്വം എല്ലാം പ്രമേയത്തിൽ പരാമർശിച്ചു.
സിഐടിയു WFTUമായി ഔദ്യോഗികമായി അഫിലിയേറ്റഡ് ചെയ്തത് 2011ൽ ആണ്. 2011 ജനുവരി 8,11 തിയ്യതികളിൽ മഹാരാഷ്ട്രയിലെ നാസികിൽ ചേർന്ന സിഐടിയു ജനറൽ കൗൺസിലാണ് WFTU അഫിലിയേഷന് തീരുമാനമെടുത്തത്. അഫിലിയേഷന് മുൻപ് തന്നെ സിഐടിയു WFTUമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
WFTU എഴുപത്തി അഞ്ചാം വർഷം പൂർത്തിയാക്കുന്ന ഈ കാലഘട്ടം ലോകമാകെ കോവിഡ് മഹാമാരി പിടിപെട്ട കാലമാണ്. കോടിക്കണക്കിന് തൊഴിലാളികൾക്ക് തൊഴിലും വേതനവും നഷ്ടമായി. തൊഴിലാളികൾക്ക് നേരെ സർക്കാരുകളും മുതലാളിമാരും കടുത്ത ആക്രമണവും നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ തൊഴിൽ നിയമങ്ങളെല്ലാം പൊളിച്ചെഴുതി തൊഴിലാളി വിരുദ്ധവും മുതലാളിമാർക്ക് അനുകൂലവുമായി മാറ്റിയിരിക്കുകയാണ്. ഈ അക്രമണങ്ങൾക്കെതിരെ ലോകമാകെ തൊഴിലാളികളുടെ ശക്തമായ ചെറുത്തുനിൽപ്പും ഉയർന്നുവരേണ്ടതുണ്ട്. ഈ ഘട്ടത്തിലാണ് ഒക്ടോബർ 3ന് WFTU എഴുപത്തിയഞ്ചാം വാർഷികം ആചരിക്കുന്നത്.