ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

തൊഴിലവസരം സൃഷ്‌ടിച്ചത്‌ ട്രേഡ്‌ യൂണിയനുകൾ: ആനത്തലവട്ടം ആനന്ദൻ

തൊഴിലവസരം സൃഷ്‌ടിച്ചത്‌ ട്രേഡ്‌ യൂണിയനുകൾ: ആനത്തലവട്ടം ആനന്ദൻ

കേരളത്തിൽ തൊഴിലവസരം സൃഷ്‌ടിച്ചത്‌ ട്രേഡ്‌ യൂണിയൻ പ്രവർത്തനം കൊണ്ടാണെന്ന്‌ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ. ഉൽപാദനം വർധിക്കണമെങ്കിൽ തൊഴിലാളികളുടെ വാങ്ങൽ ശേഷി കൂടണം. തൊഴിലകളുടെ വാങ്ങൽ ശേഷിയും വരുമാനവും വർധിപ്പിക്കാനാണ്‌ ട്രേഡ്‌ യൂണിയനുകൾ സമരം ചെയ്യുന്നതെന്നും…

കേരളത്തിൽ തൊഴിലവസരം സൃഷ്‌ടിച്ചത്‌ ട്രേഡ്‌ യൂണിയൻ പ്രവർത്തനം കൊണ്ടാണെന്ന്‌ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ. ഉൽപാദനം വർധിക്കണമെങ്കിൽ തൊഴിലാളികളുടെ വാങ്ങൽ ശേഷി കൂടണം. തൊഴിലകളുടെ വാങ്ങൽ ശേഷിയും വരുമാനവും വർധിപ്പിക്കാനാണ്‌ ട്രേഡ്‌ യൂണിയനുകൾ സമരം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മുത്തൂറ്റ്‌ തൊഴിലാളി സമര സഹായ സമിതി രൂപീകരണത്തിന്റെ സംസ്ഥാന ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ന്‌ നാം കാണുന്ന ജീവിത സാഹചര്യം ഉണ്ടാക്കിയെടുത്തത്‌ തൊഴിലാളി പ്രസ്ഥാനങ്ങൾ നേതൃത്വം നൽകിയ എണ്ണമറ്റ പോരാട്ടങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

യൂണിയൻ പ്രവർത്തനം അംഗീകരിക്കില്ലെന്നാണ്‌ മുത്തൂറ്റ്‌ മാനേജ്‌മെന്റ്‌ നിലപാട്‌.

ഇന്ത്യയിൽ നിലവിലുള്ള നിയമം തങ്ങളുടെ സ്ഥാപനത്തിൽ അനുവദിക്കാനാവില്ലെന്ന നിലപാട്‌ അംഗീകരിക്കാനാവില്ല. അഞ്ച്‌ വർഷം തടഞ്ഞു വച്ച മിനിമം കൂലി ലഭിക്കുന്നതിനു സമരം ചെയ്യുന്നത്‌ കുറ്റകരമാണോയെന്നും ആനത്തലവട്ടം പറഞ്ഞു.

സമരം വിജയിപ്പിക്കുന്നതിന്‌ ഓരോ ജില്ലയിലും സമരസഹായ സമിതി രൂപീകരിക്കും. തുടർന്ന്‌ ഓരോ ബ്രാഞ്ചിലും സമരസഹായസമിതി രൂപീകരിച്ച്‌ സമരം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.

എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി സമാഹരിച്ച സമരസഹായ നിധിയായ 15,08,780 രൂപ ജനറൽ സെക്രട്ടറി ടി സി മാത്തുക്കുട്ടി നിഷ കെ ജയനും സി സി രതീഷിനും കൈമാറി. സിഐടിയു ജില്ലാ കമ്മിറ്റിയുടെ ഒന്നാം ഘട്ട സഹായം പ്രസിഡന്റ്‌ പി ആർ മുരളീധരൻ കൈമാറി. എൽഐസി ഏജന്റ്‌സ്‌ ഓഗനൈസേഷൻ ഓഫ്‌ ഇന്ത്യ (സിഐടിയു) പ്രസിഡന്റ്‌ എം കെ മോഹനനും സഹായ നിധി കൈമാറി. സമര സഹായ സമിതി ചെയർമാനായും പ്രൊഫ. എം കെ സാനുവിനെയും ജനറൽ കൺവീനറായും സി എം ദിനേശ്‌മണിയേയും 50 അംഗ ജനറൽ കമ്മിറ്റി രൂപീകരിച്ചു.

സിഐടിയു ദേശീയ സെക്രട്ടറി കെ ചന്ദ്രൻപിള്ള അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി സി കെ മണിശങ്കർ സ്വാഗതവും മുത്തൂറ്റ്‌ ഫിനാൻസ്‌ യൂണിറ്റ്‌ സംസ്ഥാന സെക്രട്ടറി നിഷ കെ ജയൻ നന്ദിയും പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റിയംഗം സി എം ദിനേശ്‌മണി, എസ്‌ ശർമ എംഎൽഎ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം പി പത്രോസ്‌, സെബാസ്‌റ്റ്യൻ പോൾ, കെ എൻ രവീന്ദ്രനാഥ്‌, എം എം ലോറൻസ്‌, അഡ്വ. എം.ആര്‍ രാജേന്ദ്രന്‍ നായര്‍, കെ എ അലി അക്ബർ, നോൺ ബാങ്കിങ്‌ ആൻഡ്‌ പ്രൈവറ്റ്‌ ഫിനാൻസ്‌ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) ജനറൽ സെക്രട്ടറി സി സി രതീഷ്‌ തുടങ്ങിയവർ സംസാരിച്ചു.