പെട്രോളിയം ഉൽപ്പന്നങ്ങളുടെ എല്ലാത്തരം നികുതി ഭാരവും വെട്ടിക്കുറയ്ക്കാൻ കേന്ദ്ര ബിജെപി സർക്കാർ തയ്യാറാവണം - സിഐടിയു
പെട്രോളിയം ഉൽപ്പന്നങ്ങളുടെ എല്ലാത്തരം നികുതി ഭാരവും വെട്ടിക്കുറയ്ക്കാൻ കേന്ദ്ര ബിജെപി സർക്കാർ തയ്യാറാവണം - സിഐടിയു
പെട്രോളിയം ഉൽപ്പന്നങ്ങളുടെ എല്ലാത്തരം നികുതി ഭാരവും വെട്ടിക്കുറയ്ക്കാൻ കേന്ദ്ര ബിജെപി സർക്കാർ തയ്യാറാവണം - സിഐടിയു
പെട്രോളിയം ഉൽപ്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും വില വിവിധങ്ങളായ നികുതി ഭാരത്തിലൂടെ വർധിപ്പിച്ചുകൊണ്ടുള്ള ബിജെപി സർക്കാരിന്റെ നടപടികൾ പിൻവലിക്കണമെന്ന് ഹൈദരാബാദിൽ സമാപിച്ച സിഐടിയു അഖിലേന്ത്യാ ജനറൽ കൗൺസിൽ യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
കർഷക സമരത്തിന് ഒരു വർഷം തികയുന്ന നവംബർ 26ന് രാജ്യവ്യാപകമായി സിഐടിയുവും കർഷക സംഘടനകളും ചേർന്ന് ഐക്യദാർഢ്യ റാലികൾ സംഘടിപ്പിക്കുവാനും 2022 ജനുവരിയിൽ സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുള്ള ദ്വിദിന പണിമുടക്കിന്റെ വിജയത്തിനായി നവംബർ, ഡിസംബർ മാസങ്ങളിൽ പ്രചരണ ജാഥകൾ ഉൾപ്പെടെ അതിവിപുലമായ പ്രചരണ പരിപാടികൾ സംഘടിപ്പിക്കുവാനും ജനറൽ കൗൺസിൽ തീരുമാനിച്ചു.
തൊഴിലെടുക്കുന്ന സ്ത്രീകളുടെ സംരക്ഷണത്തിനായി കേന്ദ്രസർക്കാർ സാമൂഹ്യസുരക്ഷാ നടപടികൾ കൈക്കൊള്ളണമെന്നും ഇപിഎഫ് പെൻഷൻ 9000 രൂപയായി വർധിപ്പിക്കണമെന്നും, മിനിമം വേതനം ദേശീയ തലത്തിൽ 21000 രൂപയായി വർധിപ്പിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. ബിപിസിഎൽ ഉൾപ്പെടെയുള്ള കേന്ദ്ര പൊതുമേഖലാ വ്യവസായങ്ങളുടെ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, ആശ, അംഗൻവാടി, സ്കൂൾ പാചകം, എൻ എച്ച് എം തുടങ്ങിയ സ്കീം വർക്കർമാരെ സ്ഥിതം തൊഴിലാളികളായി അംഗീകരിച്ച് തൊഴിൽ സംരക്ഷിക്കുക, കോവിഡ് അവസാനിക്കുന്നത് വരെ ആദായ നികുതി പരിധിക്ക് താഴെയുള്ള എല്ലാ കുടുംബങ്ങൾക്കും 7500 രൂപ പ്രതിമാസം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി വിവിധ മേഖലകളിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് സിഐടിയു പിന്തുണ പ്രഖ്യാപിച്ചു. ദേശീയ ആസ്തി വില്പനയ്ക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തുവാനും പൊതുമേഖലാ തൊഴിലാളികളുടെ പണിമുടക്കിനെ കുറിച്ചാലോചിക്കുവാനും ജനുവരിയിൽ ന്യൂഡൽഹിയിൽ കേന്ദ്ര പൊതുമേഖലാ ട്രേഡ് യൂണിയനുകളുടെ കൺവെൻഷൻ വിളിച്ചുചേർക്കും. അടച്ചുപൂട്ടികിടന്ന ടെക്സ്റ്റൈൽ കോർപ്പറേഷന്റെ 23 ഫാക്ടറികൾ ഉടൻ തുറന്നു പ്രവർത്തിപ്പിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തോട് സിഐടിയു അഖിലേന്ത്യാ ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
മൂന്ന് ദിവസമായി നടന്ന ജനറൽ കൗൺസിലിൽ കേരളത്തിൽ നിന്നും സി.വി ചന്ദ്രബാബു, ടി.കെ രാജൻ, എസ്.ബി രാജൻ, സുനിത കുര്യൻ, കെ. ജയപ്രകാശ്, കെ.പി മേരി,പി.പി പ്രേമ, എൽ. ഗീത, മഞ്ജുനാഥ് എന്നിവർ രണ്ടാം ദിവസം ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു.
ചർച്ചയ്ക്ക് സിഐടിയു കേന്ദ്ര സെക്രട്ടറിയേറ്റിന് വേണ്ടി ജനറൽ സെക്രട്ടറി തപൻ സെൻ മറുപടി പറഞ്ഞു. സിഐടിയു ദേശീയ നേതാക്കളായ ഡോ: കെ.ഹേമലത, എ. കെ പത്മനാഭൻ, ആനത്തലവട്ടം ആനന്ദൻ, എളമരം കരീം, കെ. ചന്ദ്രൻപിള്ള, ജെ മേഴ്സികുട്ടി അമ്മ, കെ.കെ ദിവാകരൻ, പി. നന്ദകുമാർ, വരദരാജൻ തുടങ്ങിയവരും പങ്കെടുത്തു. പ്രമേയ കമ്മിറ്റിയിൽ ജെ. മേഴ്സികുട്ടി അമ്മ, മിനിറ്റ്സ് കമ്മിറ്റിയിൽ അഡ്വ. സജി, ക്രഡൻഷ്യൽ കമ്മിറ്റിയിൽ ടി.പി രാമകൃഷ്ണൻ എന്നിവരും കേരളത്തെ പ്രതിനിധീകരിച്ചു. തത്സമയ തർജമയ്ക്ക് കെ.എൻ ഗോപിനാഥ്, ഡോ: പ്രദീപ്, ദീപ കെ. രാജൻ എന്നിവർ നേതൃത്വം നൽകി. രജിസ്ട്രേഷൻ കമ്മിറ്റിയിൽ കേരളത്തിൽ നിന്നും അജിത്, രാജേഷ് എന്നിവർ ചുമതല നിർവ്വഹിച്ചു.
സംസ്ഥാനങ്ങളെ മറികടന്ന് " 2020 പുതിയ വിദ്യാഭ്യാസ നയം " ആർ എസ് എസ് അജണ്ടയാണെന്നും അത് വിദ്യാഭ്യാസത്തെ വർഗീയവത്കരിക്കുവാനുള്ള അജണ്ടയാണെന്നും പുതിയ വിദ്യാഭ്യാസ ബിൽ പിൻവലിക്കണമെന്നും എളമരം കരീം അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.