മുതലാളിത്ത പ്രതിസന്ധി വിനാശകാരിയാവും
കോവിഡ് 19 പ്രതിസന്ധി മുതലാളിത്ത വ്യവസ്ഥ ചെന്നുപെട്ടിരിക്കുന്ന പ്രതിസന്ധിയെ കൂടുതൽ കൂടുതൽ വെളിച്ചത്ത് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്.
കോവിഡ് 19 പ്രതിസന്ധി മുതലാളിത്ത വ്യവസ്ഥ ചെന്നുപെട്ടിരിക്കുന്ന പ്രതിസന്ധിയെ കൂടുതൽ കൂടുതൽ വെളിച്ചത്ത് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്.
മുതലാളിത്ത വ്യവസ്ഥ ഒരു പ്രതിസന്ധിയിൽ നിന്നും കൂടുതൽ ആഴത്തിലുള്ള പ്രതിസന്ധിയിലേക്കാണ് പോയ്ക്കൊണ്ടിരിക്കുന്നത്.മാർക്സിസവും ലെനിനിസവുമാണ് ശരിയെന്നും ദിനംപ്രതി തെളിഞ്ഞുകൊണ്ടിരിക്കുകയാണ്.ഈ ഒരു അവസരത്തിൽ മാർക്സിയൻ ക്ലാസിക്കുകളിൽ നിന്നും മാർക്സിസം - ലെനിനിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളും ചില ഉദ്ധരണികളും സിഐടിയുവിന്റെ നവമാധ്യമം വഴി പങ്കുവയ്ക്കുകയാണ്.ഇതിന്റെ ഭാഗമായി മുതലാളിത്തം ചെന്നുപെട്ടിരിക്കുന്ന പ്രതിസന്ധിയെ കുറിച്ച് 172 വർഷങ്ങൾക്ക് മുൻപ് പ്രസിദ്ധീകരിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പറയുന്ന ഭാഗം ഉദ്ധരിച്ചുകൊണ്ട് തുടങ്ങാം.
" ഉത്പാദനത്തിന്റെയും വിനിമയത്തിന്റെയും, സ്വത്തുടമസ്ഥതയുടെയും സ്വന്തമായ ബന്ധങ്ങളോട് കൂടിയ ആധുനിക മുതലാളിത്ത സമുദായം, ഇത്രയും വമ്പിച്ച ഉത്പാദന - വിനിമയോപാധികളെ ആവാഹിച്ചു വരുത്തിയ ഒരു സമുദായം, സ്വന്തം മാന്ത്രിക ശക്തികൊണ്ട് പാതാള ലോകത്തിൽ നിന്നും വിളിച്ചുകൊണ്ട് വന്ന ശക്തികളെ നിയന്ത്രിച്ചു നിർത്താൻ കഴിയാതായ ഒരു മന്ത്രവാദിയെ പോലെയാണ്. "
" മുൻ കാലഘട്ടങ്ങളിലെല്ലാം അസംബന്ധമായി തോന്നിയേക്കാവുന്ന ഒരു പകർച്ചവ്യാധി -അമിതോല്പാദനമെന്ന പകർച്ചവ്യാധി ഈ പ്രതിസന്ധികളിൽ പൊട്ടിപ്പുറപ്പെടും. "
" ബൂർഷ്വ സമുദായത്തിന്റെ ചൊൽപ്പടിയിലുള്ള ഉല്പാദന ശക്തികൾ ബൂർഷ്വ - സ്വത്തുടമ വ്യവസ്ഥകളുടെ വികാസത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രവണത കാട്ടാതായിരിക്കുന്നു.നേരെമറിച്ച് അവ ഈ ഉപാധികൾക്ക് താങ്ങാനാവാത്ത വിധം കരുത്തേറിയവയായി തീർന്നിരിക്കുന്നു.ആ ഉപാധികൾ അവയുടെ കാൽച്ചങ്ങലകളായി തീർന്നിരിക്കുന്നു."
" ബൂർഷ്വ സമുദായത്തിന്റെ ഉപാധികൾ അവ സൃഷ്ടിച്ചിരിക്കുന്ന സമ്പത്തിനെ ഉൾക്കൊള്ളാൻ കഴിയാത്ത വിധം സങ്കുചിതമാണ്.
എങ്ങനെയാണ് ബൂർഷ്വസി ഈ പ്രതിസന്ധികളിൽ നിന്നും കരകയറുന്നത് ? ഒരു വശത്ത് ഉല്പാദന ശക്തികളിൽ വലിയൊരു ഭാഗത്തെ കല്പിച്ചുകൂട്ടി നശിപ്പിച്ചിട്ട് ; മറുവശത്ത് പുതിയ കമ്പോളങ്ങൾ വെട്ടിപ്പിടിച്ചും, പഴയവയെ കൂടുതൽ സമഗ്രമായി ചൂഷണം ചെയ്തും.എന്നുവച്ചാൽ കൂടുതൽ വ്യാപകവും, കൂടുതൽ വിനാശകാരിയുമായ പ്രതിസന്ധികൾക്ക് വഴിതെളിച്ചുകൊണ്ടും, പ്രതിസന്ധികളെ തടയാനുള്ള മാർഗ്ഗങ്ങളെ അധികമധികം അടച്ചുകൊണ്ടും. "
മുതലാളിത്തം എങ്ങനെ പ്രതിസന്ധിയിൽ നിന്നും പ്രതിസന്ധിയിലേക്കും, പരിഹരിക്കാൻ കഴിയാത്ത അവസ്ഥയിൽ എത്തുന്നു എന്നും മാനിഫെസ്റ്റോ നൂറ്റാണ്ടുകൾക്കു മുൻപ് മനോഹരമായി വിവരിച്ചിരിക്കുന്നു.