ലോകത്തിന് മുൻപിൽ വിലപിക്കുന്ന അമേരിക്ക തൊട്ട് യൂറോപ്പ്യൻ രാജ്യങ്ങൾ വരെ പ്രതീക്ഷയോടെ നോക്കുന്നത് സോഷ്യലിസ്റ്റ് രാജ്യങ്ങളെയാണ് -പി.നന്ദകുമാർ എഴുതുന്നു.
കോവിഡ് 19 ബീഭല്സമായി അഴിഞ്ഞാടുമ്പോൾ പ്രതിരോധിക്കാൻ കഴിയാതെ പാശ്ചാത്യ ലോകം.വികസിത മുതലാളിത്ത രാജ്യങ്ങൾ പകച്ചു നിൽക്കുമ്പോൾ തടഞ്ഞുനിർത്തി സോഷ്യലിസ്റ്റ് രാജ്യങ്ങൾ മുൻപോട്ട് പോകുന്ന കാഴ്ച.രണ്ടു വ്യവസ്ഥകൾ തമ്മിലുള്ള അന്തരം ഇരുട്ടും വെളിച്ചവും പോലെ തെളിഞ്ഞു നിൽക്കുകയാണ് മനുഷ്യത്വ…
കോവിഡ് 19 ബീഭല്സമായി അഴിഞ്ഞാടുമ്പോൾ പ്രതിരോധിക്കാൻ കഴിയാതെ പാശ്ചാത്യ ലോകം.വികസിത മുതലാളിത്ത രാജ്യങ്ങൾ പകച്ചു നിൽക്കുമ്പോൾ തടഞ്ഞുനിർത്തി സോഷ്യലിസ്റ്റ് രാജ്യങ്ങൾ മുൻപോട്ട് പോകുന്ന കാഴ്ച.രണ്ടു വ്യവസ്ഥകൾ തമ്മിലുള്ള അന്തരം ഇരുട്ടും വെളിച്ചവും പോലെ തെളിഞ്ഞു നിൽക്കുകയാണ് മനുഷ്യത്വ രഹിതമായ മുതലാളിത്വവും മനുഷ്യ സ്നേഹപരമായ സോഷ്യലിസ്റ് വ്യവസ്ഥയും തമ്മിലുള്ള അന്തരം.പ്രാഥമിക ആരോഗ്യ സൗകര്യങ്ങൾ പോലുമില്ലാതെ ലോകത്തിന് മുൻപിൽ വിലപിക്കുന്ന അമേരിക്ക തൊട്ട് യൂറോപ്പ്യൻ രാജ്യങ്ങൾ വരെ പ്രതീക്ഷയോടെ നോക്കുന്നത് സോഷ്യലിസ്റ്റ് രാജ്യങ്ങളെയാണ്.ആരോഗ്യ സേവന കാര്യങ്ങളയാലും, മരുന്നായാലും വെന്റിലേറ്റർ തൊട്ട് മാസ്ക് വരെയുള്ള പ്രതിരോധ കാര്യങ്ങളായാലും സോഷ്യലിസ്റ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് പാശ്ചാത്യ രാജ്യങ്ങൾ.ചൈന മാത്രമല്ല,കൊച്ചു രാജ്യങ്ങളായ ക്യൂബയും വിയറ്റ്നാമും നൽകികൊണ്ടിരിക്കുന്ന സഹായം ഇന്ന് ലോകത്ത് എല്ലാവരുടെയും പ്രശംസയ്ക്ക് വിധേയമായിട്ടുണ്ട്.നവ ലിബറലൽ നയങ്ങൾ ശക്തമായി നടപ്പിലാക്കികൊണ്ടിരിക്കുന്ന ഒരു രാജ്യത്തിനകത്തെ സംസ്ഥാനമാണ് കേരളം.കോവിഡ് എന്ന മഹാമാരിയെ തടഞ്ഞു നിർത്തിയതും,ലോകത്തിൽ തന്നെ ഏറ്റവും കുറഞ്ഞ മരണ നിരക്കും,രോഗമുക്തി നിരക്കും കേരളത്തിലാണെന്നത് ആർക്കും നിഷേധിക്കാൻ കഴിയുകയില്ല.മാത്രമല്ല ലോകവും നമ്മുടെ നാടും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മനുഷ്യൻ കോവിഡ് ബാധിതരായി മറിച്ചുവീഴുന്നത് ഒഴിവാക്കുക എന്നതാണ്.അതോടൊപ്പം തൊഴിൽ ഇല്ലാതായി പട്ടിണി പാവങ്ങളായി കഴിയുന്ന അടിത്തട്ടിലുള്ള കോടിക്കണക്കിന് മനുഷ്യർക്ക് ഭക്ഷണവും പ്രാഥമിക സൗകര്യങ്ങളും ഉറപ്പുവരുത്തുക എന്നത് മുഖ്യമാണ്.ഇല്ലെങ്കിൽ പട്ടിണി മരണങ്ങളും മറ്റും ഉണ്ടാവാൻ സാധ്യതയുണ്ട്,
ഇത് മനസിലാക്കി നേരത്തെ തന്നെ ശക്തമായ സമീപനം സ്വീകരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്.എല്ലാ കുടുംബങ്ങൾക്കും 15 കിലോ സൗജന്യ റേഷനും അവശ്യസാധനങ്ങളുടെ കിറ്റും മറ്റേത് സംസ്ഥാനമാണ് നൽകിയിട്ടുള്ളത്.കേന്ദ്രം നൽകിയിട്ടുള്ള ക്വാട്ടയ്ക്കുള്ള അരി അല്ലാതെ മറ്റു സംസ്ഥാനങ്ങൾ എന്താണ് നൽകുന്നത്.സംസ്ഥാനത്ത് പാവപ്പെട്ട തൊഴിലാളികൾക്ക് ഇതുപോലെ ആശ്വാസം നൽകിയിട്ടുള്ള ഏത് സംസ്ഥാനമാണ് ഉള്ളത്.അതിഥി തൊഴിലാളികൾക്ക് ഷെൽറ്ററും ,ഭക്ഷണവും ,സാമൂഹിക അടുക്കളലും ചിട്ടയോടെ പ്രവർത്തിക്കുന്ന ഏത് സംസ്ഥാനമാണ് ഉള്ളത്.ടാക്സ് വരുമാനം ഒരു രൂപ പോലും ലഭിക്കാതെ സാമ്പത്തിക പ്രതിസന്ധിക്കകത്ത് ഉഴലുമ്പോഴും എല്ലാ പരിമിതികൾ ഉള്ളപ്പോഴും ഈ ബാധ്യത നിർവഹിച്ച സംസ്ഥാനമാണ് കേരളം.എന്തുകൊണ്ട് കേരളത്തിന് ഇത് കഴിഞ്ഞു എന്നതാണ് ചർച്ച ചെയ്യപ്പെടേണ്ട വിഷയം.1957 മുതൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് -ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റുകൾ നടപ്പിലാക്കിയ ബദൽ നയങ്ങൾ തന്നെയാണ് ഇതിന്റെ കാരണം.പൊതുമേഖലയിലുള്ള ശക്തമായ ആരോഗ്യമേഖല, സാധാരണക്കാരോടും തൊഴിലാളികളോടും അദമ്യമായ കൂറ്,അവരെ സഹായിക്കുന്ന നടപടികൾ ഇതെല്ലാമാണ് അതിന്റെ കാരണം.കോവിഡ് തടയുന്നതിന് കേരളത്തിൽ പദ്ധതികളും നടപടികളും പ്രാവർത്തികമാക്കിയപ്പോൾ ഇവിടെ നടപ്പിലാക്കേണ്ടത് അമേരിക്കൻ മോഡൽ നടപടികളാണെന്നാണ് ചെന്നിത്തല പറഞ്ഞത്.അസംബ്ലിക്കകത്ത് അദ്ദേഹം പ്രസംഗിക്കുകയും ചെയ്തു.അത് നടപ്പിലാക്കിയിരുന്നുവെങ്കിൽ ഇന്ന് ചെന്നിത്തലാദികൾക്ക് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന വിവാദങ്ങളും കുൽസിത ശ്രമങ്ങളും നടത്താൻ കഴിയുമായിരുന്നോ.പിന്നെ പറഞ്ഞത് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ മോഡൽ നടപ്പിലാക്കണം എന്നാണ്. രാജസ്ഥാനിലെ ഇന്നത്തെ അവസ്ഥ ഒന്ന് പരിശോധിച്ചാൽ നല്ലതാണ്.അവിടെ ആയിരത്തി അഞ്ഞൂറ്റി മുപ്പത്തിയഞ്ചു പേർക്കാണ് കോവിഡ് ബാധയേറ്റത്,ഇരുപത്തിയഞ്ച് പേർ മരണപ്പെട്ടു,പല ജില്ലകളിലും അത് വ്യാപിച്ചുകൊണ്ടിരിക്കുകയാണ് (21/03/2020).അത് തടയിടാൻ രാജസ്ഥാൻ ഗവൺമെന്റിന് കഴിയുന്നില്ല.പാവപ്പെട്ടവർക്ക് എന്ത് ആശ്വാസമാണ് അവർ നൽകുന്നത്.തൊഴിലാളികൾക്ക് ആകെ പ്രഖ്യാപിച്ചതൊക്കെ നിർമ്മാണ മേഖലയിൽ മാത്രമുള്ളവർക്കാണ്.നിർമ്മാണ വെൽഫെയർ ഫണ്ട് ബോർഡിൽ നിന്നും സഹായമെടുത്ത് നൽകുന്നതാണത്.ബോർഡിൽ രജിസ്റ്റർ ചെയ്ത 23ലക്ഷം തൊഴിലാളികൾക്ക് 2500 രൂപ നൽകുന്നു എന്നാണ് പ്രഖ്യാപിച്ചത്.ഏപ്രിൽ ഇരുപത്തിയൊന്നാം തിയ്യതി വൈകുന്നേരം വരെ 22.50 % തൊഴിലാളികൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിച്ചത്.ഈ ആനുകൂല്യം ലഭിക്കണമെങ്കിൽ ഒരുപാട് നിബന്ധനകളുമുണ്ട്. ഭാര്യയും ഭർത്താവും തൊഴിലാളികളാണെങ്കിൽ ഒരാൾക്ക് മാത്രം,ബി.പി.എൽ ആനുകൂല്യം ലഭിക്കുന്നവരാണെങ്കിൽ അത് ലഭിക്കുകയുമില്ല.വിധവകൾക്കും ഈ ആനുകൂല്യം ലഭിക്കില്ല.സാമൂഹ്യ അടുക്കള എന്നൊന്ന് അവിടെയില്ല,അതിഥി തൊഴിലാളികൾക്ക് ഷെൽറ്ററുമില്ല,മറ്റൊരു തൊഴിലാളികൾക്കും ഒരു ആനുകൂല്യവും നൽകുന്നുമില്ല.ഇതാണ് രാജസ്ഥാൻ മോഡൽ.
ഇപ്പോൾ സ്പ്രിംഗ്ലർ വിവാദമായി നടക്കുകയാണല്ലോ,
കോവിഡ് തടയിടാൻ വിവരശേഖരണങ്ങളും വിശകലനവുമൊന്നും വേണ്ട എന്നാണ് അവർ പറയുന്നത്.അവർ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് മൊക്കെ ആവാം.രാജ്യമാകെ വിഷമസന്ധിയിൽ കഴിയുമ്പോഴും,പട്ടിണി മരണത്തിലേക്കും കലാപത്തിലേക്കും മറ്റു സംസ്ഥാനങ്ങൾ(കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അടക്കം) നീങ്ങുമ്പോഴും കേന്ദ്രത്തിന്റെ പക്കലുള്ള കെട്ടികിടക്കുന്ന ഭക്ഷ്യധാന്യം പാവപ്പെട്ടവന് സൗജന്യമായി വിതരണം ചെയ്യണമെന്ന ആവശ്യവും അവർക്ക് അടിയന്തിരമായി ചുരുങ്ങിയത് 7500രൂപയെങ്കിലും സാമ്പത്തിക സഹായം നൽകണമെന്ന ആവശ്യവും ഒറ്റകെട്ടായി പറയേണ്ട സമയത്ത് സംസ്ഥാന ഗവൺമെന്റിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് നമ്മുടെ പ്രതിപക്ഷം.അതാണത്രേ അവരുടെ ധർമ്മം.ഈ അല്പന്മാർ പറയുന്നത് കേരളത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങളും,നികുതി വിഹിതവും കേന്ദ്രം നിഷേധിക്കുമ്പോഴും ചെറുകിട ഇടത്തരം വ്യവസായികളെ സംരക്ഷിക്കണം ,അതിന് പാക്കേജ് വേണമെന്ന് പറയുമ്പോഴും,പാവപ്പെട്ടവർക്ക് വിതരണം ചെയ്യാൻ റേഷൻ ക്വാട്ട വർധിപ്പിക്കണമെന്നു നമ്മൾ അവശ്യപ്പെടുമ്പോഴും, സംസ്ഥാനത്തിന്റെ കട പരിധി കൂട്ടണമെന്നു നമ്മൾ അവശ്യപ്പെടുമ്പോഴും,ശക്തമായ നിലപാട് സ്വീകരിക്കാൻ പ്രതിപക്ഷം തയ്യാറാവുന്നില്ല.ചരിത്രത്തിൽ എല്ലാ കാലത്തും ഇത്തരം വേഷക്കാർ ഉണ്ടായിട്ടുണ്ട്,പക്ഷെ അവരുടെ സ്ഥാനം ചവറ്റു കോട്ടയിൽ ആണെന്നു മാത്രം.
വാൽകഷ്ണം : കോവിഡ് 19ന് വാക്സിൻ കണ്ടുപിടിച്ചിട്ടില്ല എന്നതുപോലെ അസൂയയ്ക്കും, മനസിന്റെ ജീര്ണതയ്ക്കും വാക്സിൻ കണ്ടുപിടിച്ചിട്ടില്ല.