ഒരുലക്ഷം തൊഴിലാളികളുടെ പാർലമെന്റ് മാർച്ച്; പ്രക്ഷോഭത്തിനൊരുങ്ങി സിഐടിയു
കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഡിസംബർ ഒന്നിന് ഒരു ലക്ഷത്തിലധികം തൊഴിലാളികളെ അണിനിരത്തി പാർലമെന്റ് മാർച്ച് നടത്തുമെന്ന് സിഐടിയു. 50,000 വനിതാ തൊഴിലാളികൾ മാർച്ചിന് നേതൃത്വം നൽകും. പ്രക്ഷോഭത്തിന് മുന്നോടിയായി ന്യൂഡൽഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് നേതാക്കൾ ഇക്കാര്യം അറിയിച്ചത്.
സിഐടിയു ദേശീയ പ്രസിഡന്റ് സുദീപ് ദത്ത അധ്യക്ഷത വഹിച്ച വാർത്താസമ്മേളനത്തിൽ, ആഗോളതലത്തിൽ തൊഴിലാളികളും യുവാക്കളും നടത്തുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലം അദ്ദേഹം വിശദീകരിച്ചു. ജനറൽ സെക്രട്ടറി എളമരം കരീം, ദേശീയ സെക്രട്ടറി എ ആർ സിന്ധു എന്നിവർ മാർച്ചിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പശ്ചാത്തലവും പ്രധാനപ്പെട്ട ഏഴ് ആവശ്യങ്ങളും വ്യക്തമാക്കി.
പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞയും ജെഎൻയു മുൻ പ്രൊഫസറുമായ ജയതി ഘോഷ്, തൊഴിലാളി ചരിത്രകാരനും ഡൽഹി സർവകലാശാല മുൻ പ്രൊഫസറുമായ പ്രഭു മഹാപത്ര എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നവലിബറൽ നയങ്ങൾ എല്ലായിടത്തും അതിസമ്പന്നരെയാണ് സഹായിക്കുന്നതെന്നും, യുകെ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും സമ്പത്ത് നികുതിയും പിന്തുടർച്ചാവകാശ നികുതിയും നടപ്പിലാക്കണമെന്നും ജയതി ഘോഷ് ആവശ്യപ്പെട്ടു. സ്വാതന്ത്ര്യസമര കാലം മുതൽ തൊഴിലാളിവർഗം നടത്തിയ ത്യാഗോജ്ജ്വലമായ പോരാട്ടങ്ങൾ പ്രഭു മഹാപത്ര അനുസ്മരിച്ചു.
‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ എന്ന പേരിൽ കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായി കുറച്ചതടക്കം നിരവധി ഇളവുകൾ നൽകിയിട്ടും വ്യവസായികൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയോ വേതനം വർധിപ്പിക്കുകയോ ചെയ്തില്ലെന്ന് പ്രധാനമന്ത്രി തന്നെ അടുത്തിടെ ഫിക്കി (FICCI) സമ്മേളനത്തിൽ സമ്മതിച്ചിരുന്നു.
എന്നാൽ, തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നാല് ലേബർ കോഡുകൾ (2026 മെയ് 8-ന് കേന്ദ്ര ചട്ടങ്ങൾ വിജ്ഞാപനം ചെയ്തവ), തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കൽ, ആശാ-അങ്കണവാടി-ഉച്ചഭക്ഷണ തൊഴിലാളികളെ തൊഴിലാളികളായി അംഗീകരിക്കാത്തത്, പൊതുമേഖലയിലെ ഒഴിവുകൾ നികത്താതെ കരാർവൽക്കരണം നടപ്പാക്കുന്നത്, പ്രകൃതിവിഭവങ്ങളും പൊതുആസ്തികളും കോർപ്പറേറ്റുകൾക്ക് കൈമാറുന്നത്, വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിലൂടെ തൊഴിലാളികളുടെ പൗരത്വ-ക്ഷേമ അവകാശങ്ങൾ നിഷേധിക്കുന്നത് എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി മൗനം പാലിച്ചുവെന്ന് സിഐടിയു കുറ്റപ്പെടുത്തി.
പ്രധാന ആവശ്യങ്ങൾ
1. നാല് ലേബർ കോഡുകൾ പിൻവലിക്കുക; തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക.
2. സ്കീം വർക്കർമാരെ (ആശാ, അങ്കണവാടി, ഉച്ചഭക്ഷണ തൊഴിലാളികൾ) തൊഴിലാളികളായി അംഗീകരിച്ച് എല്ലാ ആനുകൂല്യങ്ങളും നൽകുക.
3. കുറഞ്ഞ പ്രതിമാസ വേതനം 42,000 രൂപയായും, സ്വയംതൊഴിൽ ചെയ്യുന്നവരുടെ കുറഞ്ഞ കുടുംബവരുമാനം 42,000 രൂപയായും നിശ്ചയിക്കുക. 21,000 രൂപ സാർവത്രിക പെൻഷൻ ഉറപ്പാക്കുക.
4. പൊതുമേഖലയിലെ എല്ലാ ഒഴിവുകളും നികത്തുക, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കുക.
5. തൊഴിലിടങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം തടയുക; യൂണിയൻ പ്രവർത്തനത്തെയും പണിമുടക്കുകളെയും ക്രിമിനൽ കുറ്റമാക്കുന്ന നടപടി അവസാനിപ്പിക്കുക.
6. ജലം, ഭൂമി, വനം (ജൽ-ജമീൻ-ജംഗിൾ) എന്നിവയും ദേശീയ ആസ്തികളും സംരക്ഷിക്കുക; ഭൂമി കയ്യേറ്റം അവസാനിപ്പിച്ച് പുനരധിവാസവും തൊഴിലും ഉറപ്പാക്കുക.
7. വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) പിൻവലിക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കുക.
ഈ ഉള്ളടക്കം ഇംഗ്ലീഷിൽ ഇതുവരെ ലഭ്യമല്ല.