ഉള്ളടക്കത്തിലേക്ക് പോകുക
സി.ഐ.ടി.യു കേരളം

WFTU- മെയ്ദിന സന്ദേശവും അടിയന്തര കടമകളും.

WFTU- മെയ്ദിന സന്ദേശവും അടിയന്തര കടമകളും.

WFTU- മെയ്ദിന സന്ദേശവും അടിയന്തര കടമകളും

WFTU- മെയ്ദിന സന്ദേശവും അടിയന്തര കടമകളും

2020 ലെ മെയ് ദിനത്തെ നാം വരവേല്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍ കൊറോണ മഹാമാരി സൃഷ്ടിച്ചിരിക്കുന്ന ക്ലേശകരമായ സാഹചര്യങ്ങളിലും ജീവിതത്തെ മുന്നോട്ട് കൊണ്ടു പോകുന്നതിനും തൊഴിലാളികളുടെയും ജനങ്ങളുടെയും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും വേണ്ടി തുടര്‍ന്നും അദ്ധ്വാനിച്ചുകൊണ്ടിരിക്കുന്ന ലോകത്താകെയുള്ള തൊഴിലാളികളെ WFTU (തൊഴിലാളി സംഘടനകളുടെ ലോക ഫെഡറേഷന്‍) അഭിവാദ്യം ചെയ്യുകയാണ്.

ദശലക്ഷക്കണക്കിന് ഡോക്ടര്‍മാരും, നഴ്‌സ്മാരും, മറ്റ് ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് 19 ഉയര്‍ത്തുന്ന ഭീഷണിയെ വകവയ്ക്കാതെ ഈ മഹാമാരിയില്‍ നിന്ന് രോഗികളെ രക്ഷിക്കുന്നതിന് വേണ്ടി ആവശ്യത്തിനുള്ള സുരക്ഷാ കവചങ്ങളുടെയും വൈദ്യ ഉപകരണങ്ങളുടെയും അഭാവത്തിലും സ്വന്തം ആരോഗ്യത്തെയും ജീവനെപ്പോലും അപകടപ്പെടുത്തിക്കൊണ്ട് വിശ്രമമില്ലാതെ അനുദിനം പണിയെടുക്കുകയാണ്. ഈ ആരോഗ്യ മേഖലയിലെ മുഴുവന്‍ പ്രവര്‍ത്തകരെയും നാം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. സ്വന്തം ആവശ്യങ്ങളേയും, സുഖസൗകര്യങ്ങളെയും ത്യജിച്ചുകൊണ്ട് കോവിഡ് -19 നെതിരെയുള്ള യുദ്ധത്തെ സധൈര്യം നയിക്കുന്ന മുന്നണി പോരാളികളാണിവര്‍. ഇതിനകം തന്നെ മഹാമാരി ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുകയും പതിനായിരങ്ങളെ മരണത്തിലേക്ക് തള്ളിവിടുകയും ചെയ്തു കഴിഞ്ഞിരിക്കുന്നു. ആവശ്യത്തിന് ഫണ്ട് ലഭ്യമാക്കാത്തതിനാല്‍ തകര്‍ച്ചയെ നേരിടുന്നതും, മുതലാളിത്ത ഭരണകൂടങ്ങളുടെ നയങ്ങള്‍ ബോധപൂര്‍വ്വമായ അട്ടിമറിക്കും അന്തര്‍ദേശീയ കുത്തകകള്‍ക്ക് ലാഭം കൊയ്‌തെടുക്കുന്നതിന് വേണ്ടിയുള്ള സ്വകാര്യവത്കരണത്തിനും വിധേയമായിക്കൊണ്ടിരിക്കുന്ന പൊതുമേഖലാ ആരോഗ്യ സംവിധാനമാണ് മഹാമാരിക്കെതിരെയുള്ള കരുത്തുറ്റ പോരാട്ടത്തില്‍ ജനങ്ങള്‍ക്ക് ആശ്രയവും ആശ്വാസവുമാകുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.

ആരോഗ്യമേഖലയിലെ പ്രവര്‍ത്തകരുടേതുമായി നമ്മള്‍ തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും സ്വരം ഐക്യപ്പെടുകയാണ്. നമ്മള്‍ അവരുടെ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് അടിസ്ഥാന സൗകര്യങ്ങളുടെ ശക്തിപ്പെടുത്തലിലൂടെയും, അവശ്യ സാമഗ്രഹികളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിലൂടെയും ജനങ്ങളുടെ താല്കാലികവും ദീര്‍ഘകാലത്തേക്കുമുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അനുയോജ്യമായ രീതിയില്‍ പൊതു ആരോഗ്യ മേഖലയെ കരത്തുറ്റതാക്കണമെന്ന് ആവശ്യപ്പെടുകയാണ്. ആരോഗ്യ മേഖലയുടെ സ്വകാര്യവത്കരണവും വാണിജ്യവത്കരണവും അവസാനിപ്പിക്കണം. പൊതുമേഖലാ സംവിധാനത്തിലൂടെ മികച്ച നിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ സാര്‍വ്വത്രികമായും സൗജന്യമായും ലഭ്യമാക്കണം. ലാഭത്തിനല്ല തൊഴിലാളികളുടെയും പൊതുജങ്ങളുടെയും ആരോഗ്യത്തിനായിരിക്കണം പരിഗണന നല്‍കേണ്ടത്.

ഭക്ഷണത്തിന്റെയും മറ്റ് അവശ്യ വസ്തുക്കളുടെയും ഉല്പാദന/വിതരണ മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികളെ നാം അഭിവാദ്യം ചെയ്യുന്നു. സൂപ്പര്‍ മാര്‍ക്കറ്റുകളിലെയും ഔഷധം, ശുചിത്വം, ഊര്‍ജ്ജം മുതലായ സേവന മേഖലകളിലെയും തൊഴിലാളികളുടെ അദ്ധ്വാനമാണ് ജനങ്ങളുടെ നിലനില്പിന് അനിവാര്യമായെതെല്ലാം ലഭ്യമാക്കുന്നത്.

കോവിഡ് -19 ന്റെ മറവില്‍ പിരിച്ചുവിടലുകളിലൂടെയും, വേതനം നല്‍കാതെയും അല്ലെങ്കില്‍ വെട്ടിച്ചുരുക്കിയും, ജോലി സമയം വര്‍ദ്ധിപ്പിച്ചും, സംഘടനാ സ്വാതന്ത്ര്യത്തിന്മേല്‍ വിലക്കേര്‍പ്പെടുത്തിക്കൊണ്ടും തൊഴിലാളികളുടെ അവകാശങ്ങളുടെമേല്‍ നടത്തപ്പെടുന്ന കയ്യേറ്റങ്ങളെ നാം അപലപിക്കുന്നു.

ദീര്‍ഘകാലമായി തൊഴിലില്ലാത്തവര്‍ , ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത തൊഴിലാളികള്‍, കുടിയേറ്റക്കാര്‍, അഭയാര്‍ത്ഥികള്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ജീവനോപാധികള്‍ കണ്ടെത്തുന്നതിനോ ആരോഗ്യപരിരക്ഷ ഉറപ്പ് വരുത്തുന്നതിനോ സാധിക്കാത്ത അവസ്ഥ സംജാതമായിരിക്കുകയാണ്. ഇത് അവരുടെ ആരോഗ്യ സ്ഥിതി കൂടുതല്‍ മോശമാക്കുന്നതിലേക്കായിരിക്കും നയിക്കുന്നത്.

അവശ്യസാധനങ്ങളുടെ കൂട്ടത്തില്‍പ്പെടാത്തവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്ന കമ്പനികളില്‍ അവയുടെ ഉടമകളായ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് കൂടുതല്‍ ലാഭം കൈക്കലാക്കുന്നതിനുവേണ്ടി രോഗപ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാതെ തൊഴിലാളികളെ പണിയെടുപ്പിക്കുന്നതായിട്ടുള്ള പരാതികള്‍ ലോകത്താകെ ഉയര്‍ത്തപ്പെടുന്നുണ്ട്. ഇത് അമേരിക്കയിലും, ഇറ്റലി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും സംഭവിച്ചതുപോലെ മഹാമാരി പടര്‍ന്ന്പിടിക്കുന്നതിന് കാരണമായേക്കാം.

ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോഴും പൊതുമേഖലാ സംവിധാനം വഴിയുള്ള സാര്‍വ്വത്രികവും, സൗജന്യവുമായ ആരോഗ്യപരിരക്ഷ, മാന്യമായ കൂലിയുള്ള തൊഴിലുകള്‍, തൊഴില്‍ രഹിതര്‍ക്ക് പൂര്‍ണ്ണമായ തൊഴില്‍ ലഭ്യമാക്കല്‍, പണിയെടുക്കാനാകാത്തവര്‍ക്കും കോവിഡ് -19 ഉള്‍പ്പെടെയുള്ള രോഗങ്ങളാല്‍ ബാധിക്കപ്പെട്ടിരിക്കുന്നവര്‍ക്കും ന്യായമായ പിന്തുണയും സംരക്ഷണവും ഉറപ്പാക്കല്‍ തുടങ്ങിയ തൊഴിലാളികളുടെ ആവശ്യങ്ങള്‍ ശക്തമായും സജീവമായും നമ്മള്‍ മുന്നോട്ട് വെച്ചുകൊണ്ടിരിക്കും. മഹാമാരിയുടെ മറവില്‍ അരങ്ങേറിയ പിരിച്ചുവിടലുകളും തൊഴിലാളി വിരുദ്ധ നടപടികളും തീര്‍ച്ചയായും പരിശോധിക്കപ്പെടണം.

ഈ പ്രയാസമേറിയ ഘട്ടത്തിലും തൊഴിലാളികളുടെ ആവശ്യങ്ങളെ നിഷേധിച്ചുകൊണ്ട് തങ്ങളുടെ സാമ്പത്തിക താല്പര്യങ്ങളെ സംരക്ഷിക്കുന്നതിനായി രക്ത രൂക്ഷിതങ്ങളായ സംഘട്ടനങ്ങളിലൂടെയും യുദ്ധങ്ങളിലൂടെയും ജനങ്ങള്‍ക്ക് സ്വന്തമായ പ്രകൃതിദത്തവും ഉല്പാദിപ്പിക്കപ്പെടുന്നതുമായ സമ്പത്തിനെ കൊള്ളയടിക്കുന്നതിന് വേണ്ടിയുള്ള മുതലാളിത്ത രാജ്യങ്ങളുടെയും സാമ്രാജ്യത്വ ശക്തികളുടെയുംഅതിക്രമങ്ങള്‍ അത്യാര്‍ത്തിയോടെ നിര്‍ബാധം തുടരുകയാണ് എന്നും കാണുവാനാകും. ക്യൂബ, ഇറാന്‍, വെനിസ്വല എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ക്കെതിരായി അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം സിറിയ, പാലസ്തീന്‍, യമന്‍ എന്നീ രാജ്യങ്ങളിലെ സാമ്രാജ്യത്വ ഇടപെടലുകള്‍, ആയുധ നിര്‍മാണവും കച്ചടവും, സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും എല്ലാം തുടരുകയാണ്.

കോവിഡ് -19 നെ പ്രതിരോധിക്കുന്നതിന് അനിവാര്യമായ ശുചിത്വ/ ആവശ്യ സാമഗ്രഹികളിന്മേലുള്ള ഊഹക്കച്ചടവും രോഗചികിത്സക്ക് അത്യന്താപേഷിതമായ വാക്‌സിന്‍ കണ്ടുപിടിച്ച് അതിന്റെ വില്പനയിലൂടെ വന്‍ലാഭം തട്ടിയെടുക്കുനന്തിനായുള്ള കമ്പനികള്‍ തമ്മിലുള്ള മത്സരവും കഴുത്തറുപ്പന്‍ സ്വഭാവം കൈക്കൊള്ളുകയാണ്.

മഹാമാരിയുടെ പിടിയിലായ 14 രാജ്യങ്ങളിലേക്ക് ക്യൂബ പ്രത്യേക വൈദഗ്ദ്യമുള്ള ഡോക്ടര്‍മാരെ അയക്കുകയുണ്ടായി. ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും പിന്തുണച്ചുകൊണ്ട് ഇറ്റലിയിലെ തൊഴിലാളികള്‍ ഒരു ദിവസത്തെ പൊതുപണിമുടക്ക് നടത്തി. ലോകമൊട്ടാകെ തൊഴിലാളികള്‍ നിശബ്ദരായിരിക്കാതെ ഈ പ്രതിസന്ധികാലത്ത് ജനങ്ങളുമായി ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള നിലപാടുകള്‍ എടുത്തിരിക്കുകയാണ്. ഇവയെ മാതൃകയാക്കിക്കൊണ്ട് മുതലാളിത്ത ആക്രമണത്തിനും ഊഹക്കച്ചവടത്തിനും എതിരായി തൊഴിലാളികളുടെ അന്തര്‍ദേശീയതയും ജനങ്ങളുടെ ഐക്യദാര്‍ഡ്യവും ഉയര്‍ത്തിക്കാട്ടുകയാണ് നമ്മള്‍ തൊഴിലാളികളും പൊതുജനങ്ങളും.

1886 -ല്‍ 8 മണിക്കൂര്‍ ജോലിക്കായി പോരാടുകയും ജീവത്യഗം ചെയ്യുകയും ചെയ്ത ചിക്കാഗോയിലെ തൊഴിലാളികളാണ് തൊഴിലാളി വര്‍ഗ്ഗത്തിന് തുടര്‍ന്നും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കുന്നതിനായുള്ള ആത്മവിശ്വാസം പകര്‍ന്നു നല്‍കിയത്.

WFTU വിന്റെ നേതൃത്വത്തില്‍ വര്‍ഗ്ഗസമരത്തിന്റെ പാതയില്‍ മുന്നേറുന്ന അന്തര്‍ദേശീയ തൊഴിലാളിവര്‍ഗ്ഗം ചിക്കാഗോ തൊഴിലാളികള്‍ തെളിയിച്ച പോരാട്ടത്തിന്റെ പാരമ്പര്യത്തെ ആദരിക്കുകയും ചൂഷണ വ്യവസ്ഥയെ ഇല്ലായ്മ ചെയ്ത് തൊഴിലാളികളുടെ ആധുനികമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായുള്ള പ്രക്ഷോഭങ്ങളെ ഏതുസാഹചര്യത്തിലും മുന്നോട്ട് കൊണ്ടു പോകുന്നതിന് പ്രതിജ്ഞാബന്ധതയോടെ നിലകൊള്ളുകയും ചെയ്യുന്നു. മുതലാളിത്വത്തിന്റെ കാടത്തത്തില്‍ നിന്ന് തൊഴിലാളികളുടെ വിമോചനമാണ് നമ്മുടെ പരമമായ ലക്ഷ്യം.

നമ്മുടെ അടിയന്തര കടമകള്‍

തൊഴിലാളി സഹോദരി സഹോദരന്മാര്‍, തൊഴില്‍ രഹിതര്‍, വിരമിച്ചവര്‍, കുടിയേറ്റക്കാരും, അഭയാര്‍ത്ഥികളും, യുവശാസ്ത്രജ്ഞര്‍, തദ്ദേശീയ വാസികള്‍, സ്ത്രീകളും പുരുഷന്മാരും തുടങ്ങിയ സമസ്ത വിഭാഗങ്ങളും ഇന്നു നാം അഭിമുഖീകരിക്കുന്ന സങ്കീര്‍ണ്ണങ്ങളായ ബുദ്ധിമുട്ടുകളുടെ പശ്ചാത്തലത്തില്‍ സമൂഹത്തില്‍ ചൂഷണം അവസാനിപ്പിക്കുന്നതിനായുള്ള നമ്മുടെ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ ഒരിയ്ക്കല്‍ കൂടി താഴെപറയുന്ന അടിയന്തരമായ ആവശ്യങ്ങല്‍ ഉയര്‍ത്തിക്കൊണ്ട് അണിനിരക്കേണ്ടതായിട്ടുണ്ട്.

1 സാര്‍വ്വത്രികവും, സമ്പൂര്‍ണ്ണവും സൗജന്യവുമായ പൊതു ആരോഗ്യ സംവിധാനത്തിന് ആവശ്യമായ ഫണ്ട് എല്ലാ രാഷ്ട്രങ്ങളും ഭരണകൂടങ്ങളും ലഭ്യമാക്കുക.

2 തന്ത്രപരമായ ആരോഗ്യമേഖലയുടെ സ്വകാര്യവത്കരണനടപടികളില്‍ നിന്ന് പിന്‍വാങ്ങുക.

3 പൊള്ളയായ ആശംസകളും വിശദീകരണങ്ങളും നല്‍കുന്നത് ഒഴിവാക്കി അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ അവരുടെ ഉദ്ദേശലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

4 സുരക്ഷിതമായ പ്രതിരോധ കുത്തിവയ്പ് എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കുക.

5 പിരിച്ചുവിടലുകള്‍ നിരോധിക്കുക

6 വേതനം, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ അവകാശങ്ങളെ ബഹുമാനിക്കുക.

7 ജനാധിപത്യ/തൊഴിലാളി സംഘടനാ സ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കുക

8 പണിയെടുക്കുവാനുള്ള അവകാശം പരിരക്ഷിക്കൂക.

9 തൊഴിലാളികളും പൊതുജനങ്ങളും തമ്മിലുള്ള ഐക്യദാര്‍ഡ്യവും തൊഴിലാളി അന്തര്‍ദേശീയതയും ശക്തിപ്പെടുത്തുക.

10 ഊഹക്കച്ചടവും, അമിതവില ഈടാക്കലും നിറുത്തലാക്കുക.

11 വംശീയ/നവ നാസി പ്രവണതകളെ തിരസ്‌കരിക്കുക.

പ്രീയപ്പെട്ട സഹപ്രവര്‍ത്തകരെ,

WFTU ന്റെ 75 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ആദരിക്കുന്നതിനായി 'ഒരാളും തനിച്ചാകരുത്' എന്ന മുദ്രാവാക്യത്തെ പ്രായോഗികമാക്കിക്കൊണ്ട് നമുക്ക് വര്‍ഗ്ഗ സമരങ്ങളെ ശക്തിപ്പെടുത്താം. തൊഴിലാളി വര്‍ഗ്ഗം ഒന്നായി നിന്നുകൊണ്ട് നമ്മുടെ ആധുനികമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായുള്ള പോരാട്ടങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാം.

WFTU 75 വര്‍ഷങ്ങളായി പോരാട്ടങ്ങളുടെ മുന്‍നിരയില്‍ തന്നെയുണ്ട്. ഇത് തുടരുക എന്നത് നമ്മുടെ കടമയാണ്. അത് നമ്മള്‍ നിര്‍വഹിക്കും.

തൊഴിലാളികളുടെ അന്തര്‍ദേശീയത നീണാള്‍ വാഴട്ടെ.

മെയ്ദിനം നീണാള്‍ വാഴട്ടെ.

പോരാട്ടങ്ങള്‍ തുടരും.