loader

സി ഐ ടി യു ഭരണഘടന

CITU Constitution

(2003 ഡിസംബര്‍ 9 മുതല്‍ 13 വരെ ചെന്നൈയില്‍ ചേര്‍ന്ന സി ഐ ടി യു പതിനൊന്നാം സമ്മേളനം അംഗീകരിച്ച ഭേദഗതികളോടു കൂടിയത്)
1. പേര്
സംഘടനയുടെ പേര് സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ് (ചുരുക്കത്തില്‍ സി ഐ ടി യു) എന്നാകുന്നു.
2. മധ്യത്തില്‍ വെളുത്ത നിറത്തില്‍ അരിവാളും ചുറ്റികയും ഉള്ളതും അതിന് ഇടതുവശത്ത് മുകളില്‍നിന്ന് താഴോട്ട് C I T U എന്നെഴുതിയതുമായ ചുവന്ന പതാകയാണ് സി ഐ ടി യുവിന്റേത്.
3. ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും
A. എല്ലാ ഉല്‍പ്പാദനോപാധികളും വിതരണവും വിനിമയവും സാമൂഹികവല്‍ക്കരിക്കുകയും ഒരു സോഷ്യലിസ്റ്റ് ഭരണകൂടം സ്ഥാപിക്കുകയും ചെയ്തുകൊണ്ടുമാത്രമേ തൊഴിലാളിവര്‍ഗത്തിന്റെമേല്‍ നടത്തുന്ന ചൂഷണം അവസാനിപ്പിക്കാന്‍ കഴിയൂ എന്ന് സി ഐ ടി യു വിശ്വസിക്കുന്നു. സോഷ്യലിസ്റ്റ് ആശയം മുറുകെപ്പിടിച്ചുകൊണ്ട് എല്ലാത്തരം ചൂഷണങ്ങളില്‍നിന്നും സമൂഹത്തെ പരിപൂര്‍ണമായി മോചിപ്പിക്കാനായി സി ഐ ടി യു നിലകൊള്ളുന്നു.
B. താഴെ പറയുന്നവയ്ക്കുവേണ്ടി സി ഐ ടി യു സമരം ചെയ്യുന്നു.
a) തൊഴിലാളികളുടെ സാമ്പത്തികവും സാമൂഹികവും ആയ അവകാശങ്ങളുടെ നേരെ നടത്തുന്ന കടന്നാക്രമണങ്ങള്‍ക്കെതിരായും പണിമുടക്കാനുള്ള അവകാശം ഉള്‍പ്പെടെ എല്ലാ അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും വിപുലീകരണത്തിനും എല്ലാ ജനാധിപത്യ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെയും സ്വതന്ത്ര്യം നേടാനും സംരക്ഷിക്കാനും വിപുലീകരിക്കാനും.
b) രഹസ്യബാലറ്റിന്റെ അടിസ്ഥാനത്തില്‍ ട്രേഡ് യൂണിയനുകളുടെ അംഗീകാരത്തിനും.
c) തൊഴിലാളികള്‍ക്ക് ഉയര്‍ന്ന വേതനം, പ്രവൃത്തിസമയം ചുരുക്കല്‍, മാന്യമായ താമസ സൗകര്യങ്ങള്‍, ഉയര്‍ന്ന ജീവതനിലവാരം എന്നിവയ്ക്കുവേണ്ടിയും.
d) പൂര്‍ണമായ തൊഴില്‍ ഉറപ്പുവരുത്താനും ജോലി ചെയ്യാനുള്ള അവകാശത്തിനുവേണ്ടിയും തൊഴിലില്ലായ്മയുടെ വിനാശകരമായ ഫലങ്ങള്‍ക്കെതിരായും.
e) തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആവശ്യാനുസരണമായ പ്രസവകാല ഇന്‍ഷുറന്‍സ്, വിധവകളായ അമ്മമാര്‍ക്കും അവരെ ആശ്രയിച്ചുജീവിക്കുന്ന കുട്ടികള്‍ക്കും പെന്‍ഷന്‍ എന്നിവ ഉള്‍പ്പെടെ, രോഗം, വാര്‍ധക്യം, അപകടം എന്നിവയ്ക്കെതിരായ പരിപൂര്‍ണമായ സാമൂഹിക സുരക്ഷിതനിയമം, മറ്റ് എല്ലാത്തരം സാമൂഹിക സുരക്ഷിതത്വം, പ്രൊവിഡന്റ് ഫണ്ട്, ഇ എസ് ഐ കോര്‍പ്പറേഷന്‍ എന്നിവയുടെ മേല്‍ തൊഴിലാളികള്‍ക്ക് ഫലപ്രദമായ നിയന്ത്രണം എന്നിവയ്ക്കും.
f) തുല്യജോലിക്ക് തുല്യവേതനത്തിനും
g) തൊഴില്‍, വേതനം, ഉദ്യോഗക്കയറ്റം എന്നീ രംഗങ്ങളില്‍ നിലനില്‍ക്കുന്ന 'തൊട്ടുകൂടായ്മ' സ്ത്രീപുരുഷഭേദം, ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം അവസാനിപ്പിക്കാനും.
h) ന്യൂനപക്ഷങ്ങളുടെ ജനാധിപത്യ അവകാശസംരക്ഷണത്തിനും.
i) ഫാക്ടറികള്‍, തൊഴില്‍ശാലകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നീകൂട്ടായ ജോലികളില്‍ ഏര്‍പ്പെടുന്ന ഇടങ്ങളില്‍ തൊഴില്‍സ്ഥിതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നതിനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പു മുഖേന കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനും
j) വേണ്ടവിധമുള്ള തൊഴില്‍ പരിശീലനത്തിനും
k) നിരക്ഷരത ഇല്ലാതാക്കാനും
l) യൂണിയന്‍ നിലവിലില്ലാത്ത ഇടങ്ങളില്‍ യൂണിയന്‍ സംഘടിപ്പിക്കാന്‍ തൊഴിലാളികളെ സഹായിക്കാനും ഒരേ വ്യവസായത്തിലുള്ള എതിര്‍ യൂണിയനുകളെ ഏകീകരിച്ച് എല്ലാവരെയും ഒരു യൂണിയന്റെ കീഴില്‍ അണിനിരത്താനും.

C
a) തൊഴിലാളികളുടെ അടിയന്തര താല്‍പര്യങ്ങള്‍ക്കുവേണ്ടിയുള്ള സമരത്തില്‍, (1) നമ്മുടെ തൊഴിലാളിവര്‍ഗത്തെ പ്രാകൃതമായ രീതിയില്‍ ചൂഷണംചെയ്യുന്ന എല്ലാ വിദേശീയ കുത്തകകമ്പിനികളും ദേശസാല്‍ക്കരിക്കാനും, (2) തൊഴിലാളികളുടെ ചെലവില്‍ വന്‍തോതിലുള്ള ലാഭമുണ്ടാക്കുകയും വിലനിലവാരം ഉയര്‍ത്തി ജനങ്ങളെ ചൂഷണംചെയ്യുകയും തൊഴിലാളിവിരുദ്ധവും ജനവിരുദ്ധവുമായ നയങ്ങള്‍ നടപ്പാക്കാന്‍ ഗവണ്‍മെന്റിനോട് ആജ്ഞാപിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ കുത്തകകളും വന്‍കിട വ്യവസായങ്ങളും ദേശസാല്‍ക്കരിക്കാനും സി ഐ ടി യു ആവശ്യപ്പെടുന്നു.
b) ജനാധിപത്യ-ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളോട് ഗവണ്‍മെന്റ് കൈക്കൊള്ളുന്ന മാര്‍ദനനയങ്ങള്‍ക്കെതിരായും വര്‍ധിച്ച നികുതിയും നാണയപ്പെരുപ്പവും വഴി സാധാരണ ജനങ്ങളുടെമേല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയും മുതലാളിമാരുടെയും ഭൂപ്രഭുക്കളുടെയും താല്‍പര്യം സംരക്ഷിക്കുകയും ചെയ്യുന്ന ഗവണ്‍മെന്റിന്റെ സാമ്പത്തിക നയത്തിനെതിരായും സി ഐ ടി യു സമരം ചെയ്യുന്നു. നിലവിലുള്ള ബൂര്‍ഷ്വാ-ഭൂപ്രഭു ഭരണം അവസാനിപ്പിച്ച് ഒരു ജനകീയ ജനാധിപത്യഭരണം സ്ഥാപിക്കാന്‍ അത് പോരാടുന്നു.

D i. ഈ ആവശ്യത്തിനായ,
a) മറ്റു ജനവിഭാഗങ്ങളുടെ ജനാധിപത്യപരമായ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതോടൊപ്പം നിലവിലുള്ള ബൂര്‍ഷ്വാ-ഭൂപ്രഭു ഭരണം അവസാനിപ്പിച്ച് ഒരു ജനകീയ ജനാധിപത്യഭരണം സ്ഥാപിക്കാനുള്ള പൊതുസമരത്തില്‍ സി ഐ ടി യു മറ്റു ജനാധിപത്യ ശക്തികളുടെയും സംഘടനകളുടെയും സഹായം തേടുകയും ചെയ്യുന്നു.
b) തൊഴിലാളിവര്‍ഗത്തെ കഠിനമായ ചൂഷണത്തിലേക്കും ദേശീയ സ്വാതന്ത്ര്യത്തെ അപായകരമായ നിലയിലേക്കും നയിച്ചുകൊണ്ട് അമേരിക്കയിലെയും മറ്റു രാജ്യങ്ങളിലെയും കുത്തകമൂലധനത്തിന്റെമേല്‍ നമ്മുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് വര്‍ധിച്ചുവരുന്ന ആശ്രിതത്വത്തിനും വിദേശകടം കുന്നുകൂടുന്നതിനും എതിരായി സി ഐ ടി യു ശബ്ദമുയര്‍ത്തുന്നു.
ii. സി ഐ ടി യു ഭൂമിക്കുവേണ്ടിയും, വര്‍ധിച്ച പലിശ, പാട്ടം, ഭാരിച്ച നികുതി എന്നിവയ്ക്കെതിരായും സമരം ചെയ്യുന്ന കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളുമായി ദൃഢമായ ഐക്യം വളര്‍ത്തുകയും കാര്‍ഷികവിപ്ലവത്തിന്റെ ശക്തികള്‍ക്ക് സഹായം നല്‍കുകയും ഉയര്‍ന്ന വേതനത്തിനും മാന്യമായ ജീവിതത്തിനും വേണ്ടിയുള്ള കര്‍ഷകത്തൊഴിലാളികളുടെ സമരത്തില്‍ അവര്‍ക്ക് പൂര്‍ണമായി പിന്തുണ നല്‍കുകയും ചെയ്യുന്നു. ഭൂമിയില്‍ നിലവിലുള്ള ഫ്യൂഡല്‍ ബന്ധം പരിപൂര്‍ണമായി തുടച്ചുമാറ്റി ഭൂപ്രഭുക്കളുടെ കുത്തക അവസാനിപ്പിക്കാതെ തൊഴിലാളിവര്‍ഗത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ ശാശ്വതമായ മെച്ചം കൈവരുത്താന്‍ കഴിയുകയില്ലെന്ന് അത് വിശ്വസിക്കുന്നു.
iii. അത് സോഷ്യലിസത്തിനുവേണ്ടിയുള്ള പൊതുസമരത്തില്‍ മറ്റു രാജ്യങ്ങളിലെ തൊഴിലാളികളുമായി ഐക്യദാര്‍ഢ്യം വളര്‍ത്തുകയും സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ തൊഴിലാളികളും ജനങ്ങളുമായി സഹോദര്യബന്ധവും ഐക്യവും വളര്‍ത്തുകയും ചെയ്യുന്നു.
iv. അത് സാമ്രാജ്യത്വമേധാവിത്വത്തിനും ആക്രമണത്തിനും എതിരായി പൊരുതുന്ന ജനങ്ങളെ സഹായിക്കുകയും സാമ്രാജ്യത്വത്തിനെതിരായി ദേശീയ വിമോചനപ്രസ്ഥാനങ്ങള്‍ക്ക് സര്‍വസഹായങ്ങളും നല്‍കുകയും ചെയ്യുന്നു.
v. ലോകസമാധാനം നിലനിര്‍ത്തുന്നതിനും, സര്‍വവിനാശകാരികളായ അണുവായുധങ്ങളുടെയും മറ്റ് മാരകായുധങ്ങളുടെയും നിരോധനത്തിനും, ഒരു ആഗോളയുദ്ധം അഴിച്ചുവിടുന്നതിനുള്ള സാമ്രാജ്യത്വഗൂഢതന്ത്രങ്ങള്‍ക്കും അണുയുദ്ധത്തിനും എതിരായും സി ഐ ടി യു സമരം ചെയ്യുന്നു.
vi. വ്യത്യസ്ത സാമൂഹികവ്യവസ്ഥകളോടുകൂടിയ വിവിധരാജ്യങ്ങളുടെ സമാധാനപരമായ സഹവര്‍ത്തിത്വത്തിനുവേണ്ടി അത് പോരാടുന്നു.
vii. യുദ്ധത്തിനെ എതിര്‍ത്തുകൊണ്ടും സമാധാനത്തിനും ദേശീയ വിമോചനപ്രസ്ഥാനങ്ങള്‍ക്കും പിന്തുണ നല്‍കിക്കൊണ്ടും അത് അയല്‍രാജ്യങ്ങളോട് സുഹൃദ്ബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു വിദേശനയത്തിനുവേണ്ടി പോരാടുന്നു.
viii. ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ പൊതുലക്ഷ്യങ്ങള്‍ സാക്ഷാല്‍ കരിക്കുന്നതിനുവേണ്ടി സി ഐ ടി യു ലോക ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുമായി സഹകരിക്കുന്നു.
ix. വര്‍ഗസമരം കൂടാതെ സാമൂഹികപരിവര്‍ത്തനം നടപ്പില്‍ വരുത്താന്‍ സാധ്യമല്ലെന്ന നിലപാടില്‍ അത് ഉറച്ചു നില്‍ക്കുന്നു. വര്‍ഗസഹകരണത്തിന്റെ പാതയിലൂടെ തൊഴിലാളിവര്‍ഗത്തെ നയിക്കുന്നതിനുള്ള ശ്രമങ്ങളെ അത് അനുസ്യൂതം എതിര്‍ക്കുന്നതാണ്.

4. ജനാധിപത്യപരമായ പ്രവര്‍ത്തനം
a) അതിന്റെ ഉദ്ദേശ്യം നേടിയെടുക്കുന്നതിനുവേണ്ടി സി ഐ ടി യു മറ്റു കേന്ദ്രസംഘടനകളും അതിനോട് അഫിലിയേറ്റു ചെയ്തതും അല്ലാത്തതുമായ യൂണിയനുകളും സംഘടനകളുമായി പൊതുലക്ഷ്യത്തിനുവേണ്ടിയുള്ള സമരത്തില്‍ യോജിച്ചുപ്രവര്‍ത്തിക്കാനുള്ള സര്‍വവിധ പരിശ്രമങ്ങളും നടത്തും.
b) അതിന്റെ ലക്ഷ്യം നേടിയെടുക്കാന്‍ സംഘടനയുടെയും അതിന്റെ എല്ലാ ഘടകങ്ങളുടെയും എല്ലാ തലങ്ങളിലും ജനാധിപത്യപരമായ പ്രവര്‍ത്തനരീതി കൈക്കൊള്ളുന്നത് അത്യന്താപേക്ഷിതമാണെന്ന് സി ഐ ടി യു കരുതുന്നു.
c) സി ഐ ടി യുവിന്റെ വിവിധ ഘടകങ്ങള്‍ പതിവായി യോഗം ചേരുന്നത് സംബന്ധിച്ചുള്ള ഭരണഘടനാവ്യവസ്ഥകളിലും ചുമതലപ്പെട്ട കടമകളും ഉത്തരവാദിത്വങ്ങളും ചെയ്തുതീര്‍ക്കുന്നതിലും വിവിധഘടകങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിലും ഉറച്ചുനില്‍ക്കേണ്ടത് സംഘടനയുടെ ജനാധിപത്യപരമായ പ്രവര്‍ത്തനത്തിന് ആവശ്യമാണ്.
d) സി ഐ ടി യുവിന്റെ ഘടകങ്ങളില്‍ ന്യൂനപക്ഷാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിന് സ്വാതന്ത്ര്യമുണ്ടായിരിക്കേണ്ടതും അവയ്ക്ക് എല്ലാ ഘടകങ്ങളിലും പ്രാതിനിധ്യം കൊടുക്കേണ്ടതുമാണ്. ബഹുവിതരണവോട്ടു സമ്പ്രദായം ഇതിന് ഉറപ്പുവരുത്തും.
e) തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാനകമ്മിറ്റികളിലും മറ്റു ഘടകങ്ങളിലും അതിലെ എല്ലാ വിഭാഗക്കാര്‍ക്കും അഭിപ്രായം തുറന്നുപറയാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തിക്കൊണ്ട്, നിയമാനുസൃതമായി ജനാധിപത്യപരമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്വം സി ഐ ടി യുവിന്റെ കേന്ദ്രഘടകങ്ങള്‍ക്കുണ്ട്.
f) ഘടകയൂണിയനുകളില്‍ അതതിന്റെ ഭരണഘടനയനുസരിച്ച് ജനാധിപത്യപരമായ പ്രവര്‍ത്തനം നടക്കുന്നുവെന്ന് സി ഐ ടി യുവിന്റെ സംസ്ഥാനകമ്മിറ്റി ഉറപ്പുവരുത്തുന്നു. ജനാധിപത്യപരമല്ലാത്ത പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള പരാതികള്‍ സംസ്ഥാനകമ്മിറ്റി ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്ത് കൈകാര്യം ചെയ്യുകയും ചെയ്യും.
g) സി ഐ ടി യു ഘടകങ്ങള്‍ കേവലഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതാണ്. ഭരണഘടനയില്‍ ഭേദഗതിവരുത്തുക, പരിപാടികളില്‍ മാറ്റം വരുത്തുക എന്നിവയ്ക്ക് മൂന്നില്‍ രണ്ടിന്റെ ഭൂരിപക്ഷം ആവശ്യമാണ്. സാധാരണഗതിയില്‍ സി ഐ ടി യുവിന്റെ വിവിധ ഘടകങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ ബഹുവിതരണവോട്ട് സമ്പ്രദായമനുസരിച്ച് നടത്തപ്പെടും.

5. സി ഐ ടി യുവിന്റെ ഘടന സി ഐ ടി യു താഴെ വിവരിക്കുന്ന ഘടകങ്ങള്‍ അടങ്ങിയതാണ്.
i. അഫിലിയേറ്റു ചെയ്ത യൂണിയനുകള്‍.
ii. സി ഐ ടി യു സമ്മേളനത്തിന്റെ ത്രിവാര്‍ഷികയോഗത്തിലോ വിശേഷാല്‍ യോഗത്തിലോ പങ്കെടുക്കുന്ന പ്രതിനിധികള്‍
iii. ജനറല്‍ കൗണ്‍സില്‍
iv. പ്രവര്‍ത്തക സമിതിയോ ജനറല്‍ കൗണ്‍സിലോ
v. സംസ്ഥാനസമ്മേളനങ്ങളും സംസ്ഥാനകമ്മിറ്റികളും സംസ്ഥാന കൗണ്‍സിലുകളും.

6. സി ഐ ടി യു സമ്മേളനം
i. പൊതുസമ്മേളനം മൂന്നുവര്‍ഷത്തില്‍ ഒരിക്കല്‍ ചേരും. ഈ സമ്മേളനത്തിന്റെ പേര് സി ഐ ടി യു സമ്മേളനം എന്നാണ്. സി ഐ ടി യുവിന്റെ ഏറ്റവും ഉന്നതാധികാരമുള്ള ഘടകം ഇതാണ്. അതിന്റെ മറ്റു ഘടകങ്ങളുടെയെല്ലാം അധികാരം ഇതില്‍നിന്ന് ഉത്ഭവിക്കുന്നു.
ii. ഭരണഘടന വ്യവസ്ഥകളനുസരിച്ച് ഘടകയൂണിയനുകള്‍ തിരഞ്ഞെടുത്തയയ്ക്കുന്ന പ്രതിനിധികള്‍ ചേര്‍ന്നതാണ് സമ്മേളനം. സി ഐ ടി യുവിന്റെ ഔദ്യോഗിക ഭാരവാഹികള്‍ക്ക് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ പദവി തന്നെ ആയിരിക്കും.
iii. സി ഐ ടി യു സമ്മേളനത്തിന്റെ പ്രവര്‍ത്തനവും അധികാരങ്ങളും താഴെ വിവരിക്കുന്നവയാണ്.
a) തൊഴിലാളിവര്‍ഗ്ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ആവശ്യമാണെന്നുതോന്നുന്ന മാറ്റങ്ങളോടുകൂടി സി ഐ ടി യുവിന്റെ പരിപാടികളും പൊതുനയവും അംഗീകരിക്കുക.
b) ജനറല്‍സെക്രട്ടറി അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടും അജണ്ടയിലെ പ്രശ്നങ്ങളെ സംബന്ധിച്ച് ജനറല്‍ കൗണ്‍സില്‍ അവതരിപ്പിക്കുന്ന മറ്റു റിപ്പോര്‍ട്ടുകളും ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുക.
c) സംസ്ഥാന കമ്മിറ്റികളും ഘടകയൂണിയനുകളും സമ്മേളനത്തിനു മുമ്പാകെ അവതരിപ്പിക്കുന്ന പ്രശ്നങ്ങള്‍ പരിശോധിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്യുക.
d) തൊഴിലാളിവര്‍ഗത്തെ ബാധിക്കുന്ന ആനുകാലിക പ്രശ്നങ്ങളിന്‍മേല്‍ പ്രമേയങ്ങള്‍ പാസാക്കുക.
e) യൂണിയനുകളുടെ അഫിലിയേഷന്‍, അഫിലയേഷന്‍ എടുത്തുകളയല്‍, മറ്റ് അച്ചടക്കനടപടികള്‍ എന്നിവയിന്‍മേല്‍ തീരുമാനങ്ങളെടുക്കുക.
f) ജനറല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്.
g) ഔദ്യോഗിക ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്.
h) സമ്മേളനംതന്നെ അതിന്റെ സ്വന്തം അജണ്ട നിര്‍ണ്ണയിക്കും.
i) നിലവിലുള്ള ഭരണഘടന മാറ്റുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുക.
j) നിര്‍ദിഷ്ട നിയമങ്ങള്‍ അനുസരിച്ച് അത് ജനറല്‍ കൗണ്‍സിലിനെ തിരഞ്ഞെടുക്കും.
k) ഓഡിറ്റ് ചെയ്ത് വരവ്-ചെലവ് കണക്കുകള്‍ പാസാക്കുക.
l) സി ഐ ടി യു ഭരണഘടനയ്ക്കും പരിപാടിക്കും അനുയോജ്യമായി അത് മറ്റ് എന്ത് തീരുമാനവും എടുക്കും.

7. വിശേഷാല്‍ യോഗം ജനറല്‍ കൗണ്‍സിലിന് ആവശ്യമെന്നു തോന്നുമ്പോഴോ സി ഐ ടി യുവിന്റെ അംഗസംഖ്യയുടെ നാലില്‍ ഒരുഭാഗം അംഗങ്ങളടങ്ങുന്ന യൂണിയനുകള്‍ ആവശ്യപ്പെടുമ്പോഴോ ത്രിവത്സര സമ്മോളനങ്ങളുടെ ഇടയ്ക്കുള്ള കാലയളവില്‍ സി ഐ ടി യു സമ്മേളനത്തിന്റെ വിശേഷാല്‍യോഗം വിളിച്ചുകൂട്ടാവുന്നതാണ്.
8. സി ഐ ടി യു യോഗത്തിന് പ്രതിനിധികളെ തിരഞ്ഞെടുക്കല്‍
a) സി ഐ ടി യുവിന്റെ പൊതുസമ്മേളനത്തിനോ വിശേഷാല്‍ യോഗത്തിനോ അഫിലിയേറ്റു ചെയ്ത യൂണിയനുകള്‍ക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ അവകാശമുണ്ടായിരിക്കും. മൊത്തം പ്രതിനിധികള്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിനുള്ള സാധ്യതകള്‍ കണക്കിലെടുത്തും ചെറിയ യൂണിയനുകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പരിഗണിച്ചും സമ്മേളനത്തിനുമുമ്പ് ജനറല്‍ കൗണ്‍സില്‍ ആയിരിക്കും പ്രാതിനിധ്യം നിശ്ചയിക്കുക.
b) അഫിലിയേറ്റുചെയ്ത ഒരു യൂണിയന് അര്‍ഹമായ പ്രതിനിധികളുടെ സംഖ്യ നിര്‍ണ്ണയിക്കേണ്ടത്, സമ്മേളനം നടക്കുന്നതിന്റെ മുമ്പിലെ കലണ്ടര്‍വര്‍ഷത്തില്‍ ആ യൂണിയന്റെ ഓഡിറ്റുചെയ്ത വരവു-ചെലവ് കണക്കുകളില്‍ കാണിച്ചിരുന്ന അംഗത്വഫീസ് കൊടുത്തിട്ടുള്ള അംഗങ്ങളുടെ സംഖ്യയുടെ അടിസ്ഥാനത്തിലായിരിക്കും.
c) അഫിലിയേറ്റു ചെയ്ത യൂണിയനുകള്‍ തങ്ങളുടെ പ്രതിനിധികളുടെ പേരും വിലാസവും സി ഐ ടി യു സമ്മേളനം നടത്തുവാന്‍ നിശ്ചയിച്ച തീയതിക്ക് രണ്ടാഴ്ചമുമ്പ് സി ഐ ടി യു ജനറല്‍ സെക്രട്ടറിയെ അറിയിക്കേണ്ടതാണ്.
d) ബന്ധപ്പെട്ട യൂണിയന്റെ സെക്രട്ടറിയോ പ്രസിഡന്റോ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും രണ്ടു രൂപയോ പ്രവര്‍ത്തക സമിതി നിശ്ചയിക്കുന്ന മറ്റൊരു തുകയോ പ്രതിനിധിഫീസ് അടയ്ക്കുകയും ചെയ്താല്‍ പ്രതിനിധികാര്‍ഡുകള്‍ വാങ്ങാവുന്നതാണ്.
e) ഏതെങ്കിലും അഫിലിയേറ്റുചെയ്ത യൂണിയന്റെ ഔദ്യോഗിക ഭാരവാഹിയോ അംഗവരികൊടുക്കുന്ന അംഗമോ ഓണററി അംഗമോ അല്ലാത്ത ഒരാള്‍ക്കും സി ഐ ടി യുവിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല.
f) സി ഐ ടി യുവിന്റെ പൊതുസമ്മേളനത്തിലേക്കുള്ള നിര്‍ദ്ദേശങ്ങളോ അജണ്ടയോ അയയ്ക്കുന്നത് അതാത് യൂണിയന്റെ പ്രസിഡന്റിന്റെയോ സെക്രട്ടറിയുടെയോ ഒപ്പോടുകൂടിയായിരിക്കണം. അവ നിശ്ചിത തീയതിക്ക് രണ്ടാഴ്ചമുമ്പെങ്കിലും സി ഐ ടി യു ജനറല്‍ സെക്രട്ടറിക്ക് കിട്ടിയിരിക്കണം.
g) സി ഐ ടി യു സമ്മേളനത്തില്‍ ഔദ്യോഗിക നടപടികള്‍ക്ക് മറ്റു നടപടികളെക്കാള്‍ മുന്‍ഗണനയുണ്ടായിരിക്കും.

9.A ജനറല്‍ കൗണ്‍സില്‍
a) ജനറല്‍ കൗണ്‍സില്‍ ഉള്‍പ്പെടുന്നവര്‍
i. ഭാരവാഹികള്‍
ii. സി ഐ ടി യു സമ്മേളനത്തിന്റെ പൊതുയോഗത്തിനുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിന് ആധാരമായെടുക്കുന്ന സി ഐ ടി യുവിന്റെ ആകെ അംഗസംഖ്യയില്‍ സംസ്ഥാന കമ്മിറ്റികളുടെ അംഗത്വത്തിന് ആനുപാതികമായി മുകളില്‍ പറഞ്ഞ 425 സീറ്റുകള്‍ വീതിച്ച് നല്‍കും. (വിശദീകരണം: വകുപ്പ് 10(1) പ്രകാരം ഈ 425 ല്‍ 125 വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടും)
aa) ഓരോ സംസ്ഥാനത്തെയും പ്രതിനിധികള്‍ ആ സംസ്ഥാനത്തെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെ മുകളില്‍ നിശ്ചയിച്ച എണ്ണത്തിന്റെ അടിസ്ഥാനത്തില്‍
(a) പ്രകാരം തിരഞ്ഞെടുക്കുന്നതാണ്.
aaa) അങ്ങനെ തിരഞ്ഞെടുക്കുന്ന ജനറല്‍ കൗണ്‍സില്‍ അംഗങ്ങളെ സി ഐ ടി യു സമ്മേളനത്തിന്റെ പൊതുയോഗം അംഗീകരിക്കേണ്ടതാണ്.
B ജനറല്‍ കൗണ്‍സിലിന്റെ അധികാരങ്ങളും ചുമതലകളും
a) ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം അത് പ്രവര്‍ത്തക സമിതിയെ തിരഞ്ഞെടുക്കും. രണ്ടു പൊതുസമ്മേളനങ്ങളുടെ ഇടവേളയില്‍ ജനറല്‍ കൗണ്‍സിലായിരിക്കും ഏറ്റവും ഉന്നതാധികാരസമിതി.
b) ജനറല്‍ കൗണ്‍സില്‍ സമ്മേളനത്തിന്റെ നയങ്ങളും പ്രമേയങ്ങളും നടപ്പില്‍ വരുത്തുകയും കാലാകാലങ്ങളില്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലെ പരിത:സ്ഥിതികളെ പുന:പരിശോധിക്കുകയും തൊഴിലാളിവര്‍ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അതിന്റെ അണികളില്‍ ഐക്യം സ്ഥാപിക്കുന്നതിനും സംഘടനയുടെ നയങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും ആവശ്യമായ എല്ലാ നടപടികളും എടുക്കുകയും ചെയ്യും.
c) പ്രവര്‍ത്തക സമിതിക്കുവേണ്ടി ജനറല്‍സെക്രട്ടറിയും മറ്റ് ഔദ്യോഗിക ഭാരവാഹികളും സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ അത് പരിശോധിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്യും. ഭരണഘടനാ വ്യവസ്ഥകളനുസരിച്ച് എല്ലാ സി ഐ ടി യു ഘടകങ്ങളുടെയും പ്രവര്‍ത്തനം ജനാധിപത്യപരമാകുന്നുണ്ടോ എന്ന് അത് പരിശോധിക്കുകയും പ്രവര്‍ത്തനത്തിലെ ബലഹീനതകള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
d) അത് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ സി ഐ ടി യു കമ്മിറ്റികള്‍ക്ക് ആവശ്യമായ പ്രവര്‍ത്തനപദ്ധതികള്‍ തയ്യാറാക്കുകയും പുതിയ തൊഴിലാളികളെ സംഘടനയിലേക്ക് കൊണ്ടുവരികയും ഏകോപിച്ച യൂണിയനുകള്‍ കെട്ടിപ്പടുക്കുന്നതിനും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തില്‍ ഐക്യം കെട്ടിപ്പടുക്കുന്നതിനും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തില്‍ ഐക്യം കെട്ടിപ്പടുക്കുന്നതിനും തൊഴിലാളികളെ സഹായിക്കുകയും ചെയ്യും.
e) രാജ്യമൊട്ടാകെയുള്ള അഫിലിയേറ്റുചെയ്ത യൂണിയനുകളുടെ പ്രവര്‍ത്തനങ്ങളെ ഏകീകരിക്കുകയും പൊതുനടപടികള്‍ കൈക്കൊള്ളാന്‍ പരിശ്രമിക്കുകയും ചെയ്യും. അഫിലിയേറ്റു ചെയ്തതോ അല്ലാത്തതോ ആയ യൂണിയനുകള്‍ നടത്തുന്ന പണിമുടക്കങ്ങള്‍ക്ക് സഹായവും മാര്‍ഗനിര്ജി‍ദേശങ്ങളും നല്‍കുകയും വിവിധ വ്യവസായങ്ങളിലെയും സംസ്ഥാനങ്ങളിലെയും തൊഴിലാളികള്‍ തമ്മിലും തൊഴിലാളികളും മറ്റു ജീവനക്കാരും തമ്മിലും ഉള്ള ഐക്യദാര്‍ഢ്യം വളര്‍ത്തിയെടുക്കുകയും ചെയ്യും.
f) ഖജാന്‍ജി അവതരിപ്പിക്കുന്ന വരവ്-ചെലവ് കണക്കുകള്‍ അത് അംഗീകരിക്കും.
g) ആവശ്യമുള്ളപ്പോഴെല്ലാം പ്രസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായ എല്ലാ അടിയന്തര നടപടികളും അത് സ്വീകരിക്കും.
h) ഭരണഘടനാചട്ടങ്ങളനുസരിച്ച് പുതിയ യൂണിയനുകളെ അത് അഫിലിയേറ്റുചെയ്യും. കുറ്റക്കാരായ യൂണിയനുകളുടെ അഫിലിയേഷന്‍ നിര്‍ത്തലാക്കാനുള്ള അധികാരവും അതിനുണ്ടായിരിക്കും.
i) സി ഐ ടി യുവിന്റെ ലക്ഷ്യങ്ങള്‍ക്ക് ജനറല്‍ കൗണ്‍സില്‍ പ്രചാരം നല്‍കും. അത് ഭരണവര്‍ഗങ്ങളുടെയും ഗവണ്‍മെന്റിന്റെയും തൊഴിലാളിവിരുദ്ധവും ജനവിരുദ്ധവുമായ നയങ്ങള്‍ക്കെതികായി പോരാടാന്‍ മൂര്‍ത്തമായ തീരുമാനങ്ങളെടുക്കും.
j) സി ഐ ടി യു ത്രിവത്സര സമ്മേളനത്തിന്റെ തീയതിയും സ്ഥലവും ജനറല്‍കൗണ്‍സില്‍ നേരിട്ടു നിശ്ചയിക്കുകയോ അവ നിശ്ചയിക്കാനും വിളിച്ചുകൂട്ടാനും പ്രവര്‍ത്തകസമിതിയെയോ സെക്രട്ടേറിയറ്റിനെയോ ചുമതലപ്പെടുത്തുകയോ ചെയ്യും.
k) രണ്ടു സമ്മേളനത്തിനിടയ്ക്ക് വിശേഷാല്‍ സമ്മേളനം വിളിച്ചുകൂട്ടാന്‍ ജനറല്‍ കൗണ്‍സിലിന് അധികാരമുണ്ടായിരിക്കും.
l) ഔദ്യോഗിക ഭാരവാഹികളില്‍ ഒഴിവുവരുമ്പോള്‍ ജനറല്‍ കൗണ്‍സിലിന് ആ ഒഴിവുകള്‍ നികത്താം.
m) അടിയന്തര പരിത:സ്ഥിതികളില്‍ അത് ഭരണഘടനയില്‍ ഭേദഗതി ചെയ്യും.

10. പ്രവര്‍ത്തക സമിതി
(1) സി ഐ ടി യുവിന്റെ പ്രവര്‍ത്തകസമിതി താഴെപ്പറയുന്നവര്‍ അടങ്ങിയതായിരിക്കും.
a) സി ഐ ടി യുവിന്റെ മുഴുവന്‍ ഔദ്യോഗിക ഭാരവാഹികള്‍
b) സെക്ഷന്‍ 9A (ii)(a) യില്‍ വിശദീകരിച്ചതുപോലെ അതേ രീതിയിലും അനുപാതത്തിലും ഓരോ സംസ്ഥാനത്തുനിന്നും ജനറല്‍ കൗണ്‍സില്‍ തിരഞ്ഞെടുക്കുന്ന 125 അംഗങ്ങള്‍.
c) ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന പ്രവര്‍ത്തകസമിതി അംഗങ്ങളുടെ പേരുകള്‍ ജനറല്‍ കൗണ്‍സില്‍ യോഗം അംഗീകരിക്കേണ്ടതാണ്.
(2) പ്രവര്‍ത്തകസമിതിയുടെ യോഗം വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും ചേരും.
(3) ജനറല്‍ കൗണ്‍സിലിന്റെ രണ്ടുയോഗങ്ങള്‍ക്കിടയിലുള്ള ഇടവേളയില്‍ പ്രവര്‍ത്തകസമിതി ജനറല്‍ കൗണ്‍സിലിനുവേണ്ടി പ്രവര്‍ത്തിക്കുകയും ഭരണഘടനാഭേദഗതിയുടെ കാര്യം ഒഴിച്ച് അതിന്റെ എല്ലാ അധികാരങ്ങളും ഉപയോഗിക്കുകയും എല്ലാ ചുമതലകളും നിര്‍വഹിക്കുകയും ചെയ്യും.
(4) പ്രവര്‍ത്തകസമിതിയുടെ തീരുമാനങ്ങള്‍ അടുത്ത ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ അതിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കേണ്ടതാണ്.
(5) സി ഐ ടി യുവിന്റെ മൊത്തം അംഗസംഖ്യയുടെ നാലില്‍ ഒരു വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന യൂണിയനുകള്‍ ആവശ്യപ്പെടുമ്പോള്‍ അത്തരം നിര്‍ദ്ദേശം കൈപ്പറ്റി രണ്ടു മാസത്തിനകം അതിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രവര്‍ത്തകസമിതി സി ഐ ടി യുവിന്റെ വിശേഷാല്‍ സമ്മേളനം വിളിച്ചുകൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

11. സി ഐ ടി യു ഔദ്യോഗിക ഭാരവാഹികള്‍
(1) a) താഴെ പറയുന്നവര്‍ സി ഐ ടി യുവിന്റെ ഔദ്യോഗിക ഭാരവാഹികളായിരിക്കും.
i) ഒരു പ്രസിഡന്റ്
ii) ഒരു ജനറല്‍ സെക്രട്ടറി
iii) വൈസ് പ്രസിഡന്റുമാര്‍
iv) ഒരു ഖജാന്‍ജി
v) സെക്രട്ടറിമാര്‍

(വിശദീകരണം: വൈസ് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും എണ്ണം അതത് സമ്മേളനം തീരുമാനിക്കുന്നതാണ്)
b) ഒന്നോ അതില്‍ കൂടുതലോ (പ്രതിനിധികള്‍ നിര്‍ദ്ദേശിക്കുകയും ശുപാര്‍ശചെയ്യുകയും ചെയ്ത) നാമനിര്‍ദേശം ലഭിച്ചതിനുശേഷം ത്രിവത്സര സമ്മേളനം ഭാരവാഹികളെ തിരഞ്ഞെടുക്കേണ്ടതാണ്. നിര്‍ദേശിക്കപ്പെടുന്നവര്‍ സമ്മേളനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളോ സ്ഥാനമൊഴിയുന്ന ഔദ്യോഗിക ഭാരവാഹികളോ ആയിരിക്കണം.
(2) a) ജനറല്‍ കൗണ്‍സിലിന്റെയും പ്രവര്‍ത്തകസമിതിയുടെയും യോഗങ്ങളില്‍ പ്രസിഡന്റ് അധ്യക്ഷത വഹിക്കേണ്ടതാണ്. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് തന്റെ കാലാവധി കഴിയുന്നതുവരെ സമ്മേളിക്കുന്ന പൊതുയോഗങ്ങളിലും അധ്യക്ഷത വഹിക്കേണ്ടതാണ്.
b) പ്രവര്‍ത്തകസമിതിയുടെയും ജനറല്‍ കൗണ്‍സിലിന്റെയും തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനും സംസ്ഥാനഘടകങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിനും എല്ലാ തലങ്ങളിലും കൂട്ടായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനും സി ഐ ടി യു നയങ്ങള്‍ പ്രചരിപ്പിക്കാനും അവയെ ആനുകാലിക പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തി വിശദീകരിക്കാനും പ്രസിഡന്റും അദ്ദേഹത്തോടൊപ്പം ജനറല്‍സെക്രട്ടറിയും സെക്രട്ടറിയറ്റും ബാധ്യസ്ഥരാണ്.
(3) പ്രസിഡന്റിന്റെ അഭാവത്തില്‍ വൈസ് പ്രസിഡന്റുമാരില്‍ ഒരാള്‍ ജനറല്‍ കൗണ്‍സിലിന്റെയും പ്രവര്‍ത്തകസമിതിയുടെയും യോഗങ്ങളില്‍ അധ്യക്ഷത വഹിക്കും. പൊതുസമ്മേളനത്തിന്റെയും വിശേഷാല്‍ സമ്മേളനത്തിന്റെയും യോഗങ്ങളില്‍ യോഗനടപടികളുടെ നടത്തിപ്പില്‍ പ്രസിഡന്റിനെ സഹായിക്കാന്‍ എല്ലാ വൈസ് പ്രസിഡന്റുമാരും ഒരു പ്രസീഡിയത്തിലെ അംഗങ്ങളായി പ്രവര്‍ത്തിക്കും.
(4) പ്രവര്‍ത്തകസമിതിയുടെ രണ്ടുയോഗങ്ങള്‍ക്കിടയിലുള്ള കാലയളവില്‍ സി ഐ ടി യുവിന്റെ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം ജനറല്‍ സെക്രട്ടറിക്കാണ്. ജനറല്‍ സെക്രട്ടറിക്ക് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ അടിയന്തര തീരുമാനങ്ങള്‍ പ്രസിഡന്റിനോടും സെക്രട്ടറിമാരോടും ആലോചിച്ച് എടുക്കാവുന്നതാണ്. അത്തരം തീരുമാനങ്ങള്‍ക്ക് പ്രവര്‍ത്തക സമിതിയുടെയോ ജനറല്‍ കൗണ്‍സിലിന്റെയോ, ഏതാണ് ആദ്യം യോഗം ചേരുന്നത്, അതിന്റെ അംഗീകാരം നേടേണ്ടതാണ്.
(5) രണ്ട് സി ഐ ടി യു സമ്മേളനങ്ങള്‍ക്കിടയിലുള്ള സമയത്തെ ജനറല്‍ കൗണ്‍സിലിന്റെയും പ്രവര്‍ത്തകസമിതിയുടെയും പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി സി ഐ ടി യു സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ടതാണ്. റിപ്പോര്‍ട്ടില്‍ സംസ്ഥാന ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും അടങ്ങിയിരിക്കണം, സംഘടനയുടെ എല്ലാതലത്തിലുമുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ജനാധിപത്യപരമായ പ്രവര്‍ത്തനരീതിയെപ്പറ്റിയും സംഘടനയില്‍ ജീവത്തായ ഐക്യം വളര്‍ത്തിയെടുക്കുന്നതിന് ആവശ്യമായ നടപടികളെപ്പറ്റിയും റിപ്പോര്‍ട്ടില്‍ വിശദമായി പറഞ്ഞിരിക്കണം. കൂടാതെ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം മര്‍മപ്രധാനമായിട്ടുള്ള ആനുകാലിക പ്രശ്നങ്ങള്‍ അത് കൈകാര്യം ചെയ്യണം. ഭരണഘടനയുടെ നയപരിപാടികള്‍ക്കനുസൃതമായി അവയെ എങ്ങനെ നേരിടാമെന്ന് നിര്‍ദേശിക്കണം. പതിവായി കൂടുന്ന പ്രവര്‍ത്തകസമിതിയുടെയും ജനറല്‍ സെക്രട്ടറിയറ്റോ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്.
(6) സി ഐ ടി യു വിന്റെ ഫണ്ടിനെ സംബന്ധിച്ചുള്ള എല്ലാ കണക്കുകളും ശരിയായി തയാറാക്കുകയും അവ സുരക്ഷിതമായി കൈവശംവെയ്ക്കുകയും ചെയ്യേണ്ടത് ഖജാന്‍ജിയുടെ ചുമതലയാണ്. പ്രവര്‍ത്തകസമിതിയുടെ തീരുമാനപ്രകാരവും ജനറല്‍ സെക്രട്ടറിയുടെയോ സെക്രട്ടറിയറ്റിന്റെയോ നിര്‍ദേശാനുസരണവും സി ഐ ടി യു ഫണ്ട് ഉപയോഗിക്കും എന്നതിന് അദ്ദേഹം ഉറപ്പുവരുത്തണം. ഓരോവര്‍ഷവും കണക്ക് ഓഡിറ്റ് ചെയ്യിക്കുകയും പ്രവര്‍ത്തകസമിതിയുടെയും ജനറല്‍ കൗണ്‍സിലിന്റെയും അംഗീകാരത്തിന് സമര്‍പ്പിക്കുകയും ചെയ്യണം. ഓഡിറ്റര്‍മാര്‍ പരിശോധിച്ച വരവ് ചെലവ് കണക്ക് സി ഐ ടി യു സമ്മേളനത്തിനുമുമ്പാകെ അവതരിപ്പിക്കേണ്ടതും ഖജാന്‍ജി തന്നെ.
(7) തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ജനറല്‍സെക്രട്ടറിയെ സെക്രട്ടേറിയറ്റ് സഹായിക്കണം.
(8) പ്രസിഡന്റും ജനറല്‍സെക്രട്ടിയും എല്ലാ സെക്രട്ടറിമാരും ഔദ്യോഗിക ഭാരവാഹികളുമടങ്ങിയതാണ് സി ഐ ടി യു സെക്രട്ടേറിയറ്റ്.
(9) അടിയന്തരഘട്ടങ്ങളില്‍ അല്ലെങ്കില്‍ ജനറല്‍ കൗണ്‍സിലോ പ്രവര്‍ത്തകസമിതിയോ വിളിച്ചുകൂട്ടാന്‍ കഴിയാതെ വരുന്ന ഘട്ടങ്ങളില്‍ സുപ്രധാന പ്രശ്നങ്ങളെക്കുറിച്ച് തീരുമാനങ്ങളെടുത്ത് പ്രവര്‍ത്തക സമിതി അംഗങ്ങളെ അറിയിക്കാവുന്നതാണ്.

12. യോഗത്തിനുള്ള അറിയിപ്പ്
1. a) പ്രവര്‍ത്തകസമിതി, ജനറല്‍ കൗണ്‍സില്‍, ത്രിവത്സരപ്രത്യേക സമ്മേളനങ്ങള്‍ എന്നിവയുടെ അറിയിപ്പ്, തീയതി, സമയം, കാര്യപരിപാടി എന്നിവ ജനറല്‍ സെക്രട്ടറിയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ സെക്രട്ടറിമാരിലൊരാളോ നല്‍കേണ്ടതാണ്.
b) പ്രവര്‍ത്തകസമിതിയുടെയും ജനറല്‍ കൗണ്‍സിലിന്റെയും യോഗവിവരം പതിനഞ്ചുദിവസം മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. സമ്മേളനവിവരമാകട്ടെ ചുരുങ്ങിയത് ഒരു മാസം മുമ്പും.
c) സി ഐ ടി യുവിന്റെ ഭരണഘടനയും പരിപാടിയും മാറ്റുന്നതിന് രണ്ടുമാസം മുന്‍കൂട്ടിയുള്ള നോട്ടീസെങ്കിലും ആവശ്യമാണ്.
d) ഏഴു ദിവസത്തെ നോട്ടീസ് നല്‍കി പ്രവര്‍ത്തകസമിതിയുടെ അടിയന്തരയോഗം വിളിക്കാവുന്നതാണ്.
e) ഈ വ്യവസ്ഥകള്‍ സംസ്ഥാനസമ്മേളനത്തിനും സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ക്കും കൂടി ബാധകമാണ്. സംസ്ഥാനകമ്മിറ്റി സെക്രട്ടറി ആവശ്യമായ നോട്ടീസ് നല്‍കും.
2. സി ഐ ടി യു സമ്മേളനത്തിന്റെയും ജനറല്‍ കൗണ്‍സില്‍ പ്രവര്‍ത്തകസമിതി യോഗങ്ങളുടെയും സംസ്ഥാന സമ്മേളനത്തിന്റെയും സംസ്ഥാനകമ്മിറ്റിയുടെയും കൗണ്‍സിലിന്റെയും യോഗങ്ങളുടെ കോറം പ്രതിനിധികളുടെയോ ബന്ധപ്പെട്ട സമിതികളിലെ അംഗങ്ങളുടെയോ മൂന്നിലൊന്നായിരിക്കും.

13. സംസ്ഥാനക്കമ്മിറ്റികള്‍
a) സി ഐ ടി യു കേന്ദ്രസമിതികളും ഘടകയൂണിയനുകളുടെ പ്രവര്‍ത്തനങ്ങളും തമ്മില്‍ കൂട്ടിയോജിപ്പിക്കുന്ന കണ്ണി സി ഐ ടി യുവിന്റെ സംസ്ഥാനക്കമ്മിറ്റികളും സംസ്ഥാനകൗണ്‍സിലുകളും ആണ്.
b) തൊഴിലാളിവര്‍ഗ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സി ഐ ടി യു നയങ്ങള്‍ നടപ്പാക്കുന്നതിനും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും എതിര്‍യൂണിയനുകളെയും ഒന്നിപ്പിച്ചുകൊണ്ട് ഒരു വ്യവസായത്തില്‍ ഒരു യൂണിയന്‍ സ്ഥാപിക്കാന്‍ തൊഴിലാളികളെ അണിനിരത്തുന്നതിനും സംസ്ഥാനങ്ങളിലെ ഘടകയൂണിയനുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നതിനുള്ള ഉത്തരവാദിത്വം സംസ്ഥാനക്കമ്മിറ്റികള്‍ക്കും സംസ്ഥാന കൗണ്‍സിലുകള്‍ക്കും ആണ്.
c) സംസ്ഥാനത്തിലെ അഫിലിയേറ്റുചെയ്ത യൂണിയനുകളുടെ പ്രവര്‍ത്തനങ്ങളെ ഏകീകരിക്കുവാനും അഫിലിയേറ്റുചെയ്യാത്ത സംഘടനകളുമായി യോജിച്ച് സമരങ്ങള്‍ ഏര്‍പ്പെടുന്നതിനും തങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി കേന്ദ്ര ആപ്പീസിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനും ഉള്ള ഉത്തരവാദിത്വം സംസ്ഥാനക്കമ്മിറ്റിക്കും കൗണ്‍സിലുകള്‍ക്കും ഉണ്ട്.
d) മൂന്നാം വകുപ്പില്‍ വിവരിച്ച പ്രകാരം സി ഐ ടി യുവിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളും നയങ്ങളും പ്രചരിപ്പിക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാനക്കമ്മിറ്റികള്‍ക്കും കൗണ്‍സിലുകള്‍ക്കും ഉണ്ട്.
e) വിവിധ യൂണിയനുകള്‍ തമ്മിലും ഓരോ യൂണിയനിലെ അംഗങ്ങളും അവരുടെ നേതാക്കളും തമ്മിലും അടുത്തബന്ധം വളര്‍ന്നുവരത്തക്കവിധം സംസ്ഥാനത്തിലും ഘടകയൂണിയനുകളിലും കൂട്ടായതും ജനാധിപത്യപരവുമായ പ്രവര്‍ത്തനത്തിന് ഉറപ്പുവരുത്തേണ്ടത് അവരുടെ കടമയാണ്. ന്യൂനപക്ഷാഭിപ്രായപ്രകടനത്തിന് സ്വാതന്ത്യം അനുവദിക്കുകയും തിരഞ്ഞെടുക്കപ്പെടുന്ന ഘടകങ്ങളില്‍ അവയ്ക്ക് ശരിയായ പ്രാതിനിധ്യം കൊടുക്കുകയും ചെയ്യേണ്ടതും അവരുടെ കടമയാണ്.
f) സി ഐ ടി യു സമ്മേളനംപോലെ സംസ്ഥാനത്തിലെ സി ഐ ടി യുമായി അഫിലിയേറ്റുചെയ്ത എല്ലാ യൂണിയനുകളുടെയും പ്രതിനിധികളുടെ ഒരു സമ്മേളനം രണ്ടു വര്‍ഷത്തിലൊരിക്കലെങ്കിലും ചേരേണ്ടതാണ്. ഈ സമ്മേളനം ഒരു സംസ്ഥാന കൗണ്‍സിലിനെയും സംസ്ഥാന കൗണ്‍സില്‍ ആവശ്യമില്ലെന്ന് സംസ്ഥാന സമ്മേളനത്തിന് തോന്നുകയാണെങ്കില്‍ അതിന് സംസ്ഥാനക്കമ്മിറ്റിയെ നേരിട്ടു തിരഞ്ഞെടുക്കാം.
g) ഒരു സെക്രട്ടറിക്കും ഒരു ഖജാന്‍ജിക്കും പുറമെ അതിന് അനുയോജ്യമെന്ന് തോന്നുന്ന ഔദ്യോഗിക ഭാരവാഹികളെയും സംസ്ഥാന സമ്മേളനത്തിന് തിരഞ്ഞെടുക്കാം.
h) സംസ്ഥാന കൗണ്‍സിലിലേക്കോ സംസ്ഥാന കമ്മിറ്റിയിലേക്കോ ഉള്ള പ്രതിനിധികളെ അയക്കുന്നതിന്റെ അടിസ്ഥാനവും കൗണ്‍സിലിന്റെയും കമ്മിറ്റിയുടെയും അംഗസംഖ്യയും സംസ്ഥാനസമ്മേളനം നിര്‍ണയിക്കൂം.
i) സംസ്ഥാന സമ്മേളനം അതിന്റെ യോഗത്തില്‍ താഴെ വിവരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും.
(1) സി ഐ ടി യു സമ്മേളനം, ജനറല്‍ കൗണ്‍സില്‍, പ്രവര്‍ത്തക സമിതി എന്നിവയുടെ നയങ്ങള്‍ നടപ്പില്‍വരുത്താന്‍ ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുകയും അവ നടപ്പില്‍ വരുത്തുന്നതിന് ഉറപ്പുവരുത്തുകയും ഏതെങ്കിലും യൂണിയന്‍ അവലംഘിക്കൂന്നുവെങ്കില്‍ അത് റിപ്പോര്‍ട്ടുചെയ്യുകയും ചെയ്യുക.
(2) സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യുകയും അംഗീകരിക്കുകയും ചെയ്യുക.
(3) ഖജാന്‍ജി അവതരിപ്പിക്കുന്ന വരവ്-ചെലവ് കണക്കുകള്‍ അംഗീകരിക്കുക.
(4) സംസ്ഥാന ഗവണ്‍മെന്റിന്റെ നയം ഉള്‍പ്പെടെയുള്ള അടിയന്തര പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുകയും തക്കതായ തീരുമാനങ്ങളെടുക്കുകയും ചെയ്യുക. അഖിലേന്ത്യാ പ്രസ്ഥാനത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍, ഇന്ത്യാഗവണ്‍മെന്റിന്റെ തൊഴില്‍നിയമങ്ങളും നയങ്ങളും എന്നിവ ചര്‍ച്ച ചെയ്യുകയും തീരുമാനങ്ങളെടുക്കുകയും ജനറല്‍ കൗണ്‍സിലിന് തീരുമാനങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക.
(5) ഘടകയൂണിയനുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക. ഒരു വ്യവസായ സ്ഥാപനത്തില്‍ ഒരു യൂണിയന്‍ എന്ന തത്വം നടപ്പില്‍ വരുത്തുവാന്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്ത് തൊഴിലാളിവര്‍ഗത്തിന്റെ സമരത്തിന് മുന്‍കയ്യെടുക്കുകയും അതിന് മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്യാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക. മറ്റു സംസ്ഥാനങ്ങളിലെ തൊഴിലാളികളുമായി ഏകീകൃത പ്രവര്‍ത്തനം വളര്‍ത്തുക.
(6) ഭരണഘടനയിലെ വ്യവസ്ഥകളനുസരിച്ച് യൂണിയനുകളെ അഫിലിയേറ്റ് ചെയ്യാന്‍ ജനറല്‍ കൗണ്‍സിലിന് ശുപാര്‍ശചെയ്യുക, ഭരണഘടനയില്‍ വിവരിച്ചിരിക്കുന്ന കാരണങ്ങളാല്‍ യൂണിയനുകളുടെ അഫിലിയേഷന്‍ നീക്കം ചെയ്യണമെങ്കില്‍ അതിനും ശുപാര്‍ശചെയ്യുക.
(7) സി ഐ ടി യുവിന്റെ രാഷ്ട്രീയലക്ഷ്യങ്ങള്‍ ഊര്‍ജിതമായി പ്രചരിപ്പിക്കുകയും ആവശ്യമായ ഘട്ടങ്ങളില്‍ തക്കതായ രാഷ്ട്രീയസമരം നടത്താന്‍വേണ്ട തീരുമാനങ്ങളെടുക്കുകയും ചെയ്യുക. പ്രത്യേകമായി അത് കര്‍ഷകസംഘടനകളുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ വിശേഷാല്‍ പരിശ്രമിക്കുകയും ഭൂമിക്കും മാനമായ വേതനത്തിനും വേണ്ടിയുള്ള ദരിദ്രകൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും സമരങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യും.
j) സംസ്ഥാനസമ്മേളനത്തിന്റെ രണ്ടു യോഗങ്ങളുടെ ഇടവേളയില്‍ സംസ്ഥാനകൗണ്‍സില്‍ നേതൃഘടകമായി പ്രവര്‍ത്തിക്കുകയും എല്ലാ ചുമതലകളും നിര്‍വഹിക്കുകയും ചെയ്യും. സംസ്ഥാനക്കമ്മിറ്റിയുടെ ഭരണഘടനയില്‍ ഭേദഗതി വരുത്തുന്നതൊഴികെ അതിന് സംസ്ഥാനസമ്മേളനത്തിന്റെ എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കുന്നതാണ്.
k) സംസ്ഥാനകൗണ്‍സിലിന്റെ രണ്ടു യോഗങ്ങളുടെ ഇടവേളയില്‍ സംസ്ഥനക്കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. സംസ്ഥാനകൗണ്‍സിലിന്റെ എല്ലാ ചുമതലകളും അത് നിര്‍വഹിക്കും. കൗണ്‍സിലിന്റെ എല്ലാ അധികാരവും അതിനുണ്ടായിരിക്കുകയും ചെയ്യും.
l) സംസ്ഥാനക്കമ്മിറ്റി ചുരുങ്ങിയത് രണ്ടുമാസത്തില്‍ ഒരിക്കലും കൗണ്‍സില്‍ ചുരുങ്ങിയത് നാലുമാസത്തില്‍ ഒരിക്കലും യോഗം ചേരും. m) സംസ്ഥാനത്തില്‍നിന്ന് യൂണിയനുകളുടെ അഫിലിയേഷനു വേണ്ടിയുള്ള അപേക്ഷകള്‍ സംസ്ഥാനക്കമ്മിറ്റി പരിഗണിക്കുകയും ശുപാര്‍ശകളോടെ സി ഐ ടി യു ആപ്പീസിലേക്ക് അയച്ചുകൊടുക്കുകയും ചെയ്യും. അത്തരം അപേക്ഷകള്‍ സംസ്ഥാനക്കമ്മിറ്റിക്ക് ലഭിച്ച് രണ്ടുമാസത്തിനകം അവ ജനറല്‍ സെക്രട്ടറിക്ക് അയയ്ക്കേണ്ടതാണ്.
n) ഭരണഘടനാ വ്യവസ്ഥകള്‍ക്ക് അനുയോജ്യമായി സംസ്ഥാനകൗണ്‍സിലിന് അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപനിയമാവലി ഉണ്ടാക്കാവുന്നതാണ്.
o) ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനും സി ഐ ടി യുവിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതിനും ആവശ്യമായ എല്ലാ സ്ഥലങ്ങളിലും ജില്ലാകൗണ്‍സിലോ സിറ്റികൗണ്‍സിലോ റീജണല്‍ കൗണ്‍സിലോ രൂപീകരിക്കാന്‍ സംസ്ഥാനക്കമ്മിറ്റിക്കോ കൗണ്‍സിലിനോ അനുവാദം കൊടുക്കാവുന്നതാണ്.

14. യൂണിയന്‍ അഫിലിയേഷന്‍
a) താഴെ വിവരിക്കുന്ന നിബന്ധനകള്‍ അനുസരിക്കുന്ന ഏത് യഥാര്‍ഥ ട്രേഡ് യൂണിയനും സി ഐ ടി യുവിന് അഫിലിയേഷന്‍ കൊടുക്കാവുന്നതാണ്.
i) അഫിലിയേഷന്‍ തേടുന്ന ട്രേഡ് യൂണിയന്‍ നിശ്ചിത ഫോറത്തില്‍ അപേക്ഷ അയക്കേണ്ടതാണ്.
ii) ഓരോ വര്‍ഷവും നിയമം അനുസരിച്ചുള്ള അഫിലിയേഷന്‍ ഫീസും പ്രത്യേക ലെവികളും യൂണിയന്‍ അടയ്ക്കേണ്ടതാണ്.
iii) യൂണിയന്‍ ഭരണഘടനയുടെ ഒരു കോപ്പിയും ഔദ്യോഗിക ഭാരവാഹികളുടെ ലിസ്റ്റും യൂണിയന്‍വരി കൊടുക്കുന്ന ശരാശരി അംഗസംഖ്യ കാണിച്ചുകൊണ്ട് അപേക്ഷ അയയ്ക്കുന്ന കലണ്ടര്‍വര്‍ഷത്തെ ഓഡിറ്റുചെയ്ത വരവു ചെലവുകണക്കുകളും സി ഐ ടി യു ജനറല്‍ സെക്രട്ടറി ആവശ്യപ്പെടുന്ന മറ്റു വിവരങ്ങളും അഫിലിയേഷന്‍ ആഗ്രഹിക്കുന്ന യൂണിയന്‍ അയയ്ക്കേണ്ടതാണ്.
iv) അഫിലിയേഷനുള്ള അപേക്ഷ ബന്ധപ്പെട്ട സംസ്ഥാനക്കമ്മിറ്റി സി ഐ ടി യു ജനറല്‍ സെക്രട്ടറിക്ക് അയക്കേണ്ടതാണ്. അത്തരം അപേക്ഷകള്‍ കമ്മിറ്റി കൈപ്പറ്റി സംസ്ഥാനകമ്മിറ്റി രണ്ടുമാസങ്ങള്‍ക്കുള്ളില്‍, ഭരണഘടനയനുസരിച്ച് അഫിലിയേഷന് യൂണിയനുള്ള അര്‍ഹതയെ സംബന്ധിച്ച റിമാര്‍ക്കുകളോടുകൂടി ജനറല്‍ സെക്രട്ടറിക്ക് അയക്കേണ്ടതാണ്.
v) സി ഐ ടി യുവിലേക്ക് അഫിലിയേഷന്‍ ആഗ്രഹിക്കുന്ന യൂണിയന്‍ അതിന്റെ അംഗങ്ങളില്‍നിന്ന് പ്രതിമാസമോ ത്രൈമാസികമോ അര്‍ധവാര്‍ഷികമോ വാര്‍ഷികമോ ആയി പിരിച്ചെടുക്കുന്ന ഫീസ് വര്‍ഷത്തില്‍ മൂന്നുരൂപയില്‍ കുറയാന്‍പാടില്ല.
b) യൂണിയനില്‍നിന്നു കിട്ടുന്ന അഫിലിയേഷനുവേണ്ടിയുള്ള ഏതൊരു അപേക്ഷയും സി ഐ ടി യു പ്രവര്‍ത്തകസമിതിക്ക് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാനുള്ള അധികാരമുണ്ടായിരിക്കും. പക്ഷേ, അപേക്ഷ നിരസിക്കപ്പെട്ട ഒരു യൂണിയന് സി ഐ ടി യുവിന്റെ ജനറല്‍ കൗണ്‍സിലിലോ വിശേഷാല്‍‌ സമ്മേളനത്തിലോ അപ്പീല്‍ ബോധിപ്പിക്കാനുള്ള അവകാശമുണ്ട്.

15. അഫിലിയേഷന്‍ ഫീസ് അഫിലിയേറ്റ് ചെയ്ത ഓരോ യൂണിയനും സി ഐ ടി യു വിലേക്ക് താഴെ വിവരിക്കുന്ന സംഖ്യ അടക്കേണ്ടതാണ്.
a) ഓരോ കലണ്ടര്‍വര്‍ഷത്തിലും ഒരു അംഗത്തിന് ഒരു രൂപാ നിരക്കില്‍ 40 രൂപയില്‍ കുറയാത്ത അഫിലിയേഷന്‍ ഫീസ്.
b) സി ഐ ടി യുവിന്റെ കേന്ദ്രപത്രികയായ വര്‍ക്കിങ് ക്ലാസിന്റെ വാര്‍ഷിക വരിസംഖ്യ.
c) ജനറല്‍ കൗണ്‍സിലോ സംസ്ഥാന കമ്മിറ്റിയോ അതിന്റെ പ്രവര്‍ത്തനത്തിനായി നിശ്ചയിക്കുന്ന തുക.
d) മുകളില്‍ എ ബി സി എന്നീ ഉപവകുപ്പുകളില്‍ പറഞ്ഞ സംഭാവനകള്‍ അഫിലിയേഷന്‍ ഫീസിന്റെ അഭേദ്യഭാഗമാണ്.

16. i. അഫിലിയേഷന്‍ ഫീസ് ഓരോ വര്‍ഷവും ജൂണ്‍ 30-ാം തീയതിയോടുകൂടി അടച്ചിരിക്കേണ്ടതാണ്. സമ്മേളനം ജൂണ്‍ 30-ന് മുമ്പ് നടക്കുകയാണെങ്കില്‍ അഫിലിയേഷന്‍ ഫീസ് സമ്മേളനത്തിനുമുമ്പുതന്നെ അടച്ചിരിക്കേണ്ടതുമാണ്. നേരത്തെ ഫീസ് കൊടുക്കുന്നതുകാരണമായി ഏതെങ്കിലും യൂണിയന് ആ വര്‍ഷത്തെ പൂര്‍ണ അംഗസംഖ്യ നിര്‍ണയിക്കാന്‍ വിഷമം നേരിടുകയാണെങ്കില്‍ മുന്‍ വര്‍ഷത്തെ അംഗസംഖ്യ ആ വര്‍ഷത്തെ അംഗസംഖ്യയായി സ്വീകരിക്കാവുന്നതാണ്. വിശേഷാല്‍ സംഭാവനയോ ലെവിയോ അവ നിശ്ചയിക്കുമ്പോള്‍ കൊടുക്കേണ്ടതാണ്. അഫിലിയേഷന്‍ ഫീസ് അടയ്ക്കുന്നതില്‍ വീഴ്ചവരുത്തുന്ന യൂണിയനുകള്‍ക്ക് അത് അടച്ചുതീര്‍ക്കുന്നതുവരെ സി ഐ ടി യു യോഗങ്ങളിലോ ഏതെങ്കിലും ഘടകങ്ങളുടെ യോഗങ്ങളിലോ പങ്കെടുക്കുന്നതിനോ വോട്ടുചെയ്യുന്നതിനോ ഉള്ള അര്‍ഹത നഷ്ടപ്പെടുന്നതായിരിക്കും. പക്ഷേ പ്രത്യേക സന്ദര്‍ഭങ്ങളില്‍, തക്കതായ കാരണം രേഖപ്പെടുത്തിക്കൊണ്ട് പ്രവര്‍ത്തകസമിതിക്ക്, അത്തരം യൂണിയനുകളെ ഈ അനര്‍ഹതകളില്‍നിന്ന് ഒഴിവാക്കാവുന്നതാണ്.
ii. കുടിശികകളും നടപ്പുവര്‍ഷത്തെ ഫീസും കൊടുത്തുകൊണ്ട് അനര്‍ഹത കല്‍പ്പിക്കപ്പെട്ട ഒരു യൂണിയന് വീണ്ടും അഫിലിയേഷന്‍ നേടാവുന്നതാണ്.
iii. ഏതെങ്കിലും യൂണിയന്‍ മുകളില്‍ കൊടുത്ത വ്യവസ്ഥ അനുസരിച്ച് 12 മാസത്തില്‍ കുറയാത്ത കാലത്തേക്ക് അനര്‍ഹത കല്‍പ്പിക്കപ്പെട്ടാല്‍, മൂന്ന് മാസത്തിനുള്ളില്‍ കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ജനറല്‍ സെക്രട്ടറിക്ക് അതത് യൂണിയന് നോട്ടീസ് അയക്കാവുന്നതാണ്. നിശ്ചിത സമയത്തിനുള്ളില്‍ കുടിശ്ശിക അടച്ചുതീര്‍ക്കാത്ത യൂണിയന്റെ അഫിലിയേഷന്‍ റദ്ദുചെയ്യാവുന്നതാണ്. പ്രത്യേക കാരണങ്ങള്‍ കാണിച്ചുകൊണ്ട് ജനറല്‍ കൗണ്‍സിലിന് ഒരു യൂണിയനെ കുടിശ്ശിക അടച്ചുതീര്‍ക്കുന്ന ബാധ്യതയില്‍നിന്ന് പൂര്‍ണമായോ ഭാഗികമായോ ഒഴിവാക്കാവുന്നതാണ്.

17. ദേശീയ-സാര്‍വദേശീയ സമ്മേളനങ്ങളിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കല്‍ സാധാരണഗതിയില്‍ ദേശീയതലത്തിലും സാര്‍വദേശീയ തലത്തിലും നടക്കുന്ന സമ്മേളനങ്ങളിലേക്കും യോഗങ്ങളിലേക്കും അതത് സമയത്ത് ചേരുന്ന ജനറല്‍ കൗണ്‍സിലിന്റെയോ പ്രവര്‍ത്തകസമിതിയുടെയോ യോഗങ്ങളില്‍നിന്ന് പ്രതിനിധികളെ തെരഞ്ഞെടുക്കേണ്ടതാണ്. അടിയന്തര ഘട്ടങ്ങളിലോ, ജനറല്‍ കൗണ്‍സിലിന്റെയോ പ്രവര്‍ത്തകസമിതിയുടെയോ യോഗം വിളിച്ചുകൂട്ടാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളിലോ പ്രവര്‍ത്തകസമിതി അംഗങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ച് തീരുമാനങ്ങളെടുക്കാവുന്നതാണ്.

18. സാര്‍വദേശീയ അഫിലിയേഷന്‍ തുല്യമോ സമാനമോ ആയ ലക്ഷ്യങ്ങളുള്ള സാര്‍വദേശീയ സംഘടനയുമായി സി ഐ ടി യുവിന് അഫിലിയേറ്റ് ചെയ്യാവുന്നതാണ്.

19. സാമ്പത്തിക കാര്യങ്ങള്‍ സി ഐ ടി യുവിന്റെ ഫണ്ടുകള്‍ ഒരു ബാങ്കില്‍ നിക്ഷേപിക്കേണ്ടതാണ്. അത്തരം ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനും നടത്തുന്നതിനും ഖജാന്‍ജി ഉള്‍പ്പെടെ സി ഐ ടി യുവിന്റെ ഔദ്യോഗിക ഭാരവാഹികളില്‍നിന്ന് ചിലരെ പ്രവര്‍ത്തകസമിതി നോമിനേറ്റ് ചെയ്യേണ്ടതാണ്.

20. അച്ചടക്ക നടപടി
a) അഫിലിയേഷന്‍ ഫീസ് അടയ്ക്കാത്തതോ സി ഐ ടി യുവിന്റെ താല്‍പര്യങ്ങള്‍ക്കും ഭരണഘടനയ്ക്കും വിരുദ്ധമായി മന:പൂര്‍വം പ്രവര്‍ത്തിക്കുന്നതോ ആയ ഏതൊരു യൂണിയന്റെയും അഫിലിയേഷന്‍ എടുത്തുകളയാന്‍ ജനറല്‍ കൗണ്‍സിലിന് അധികാരമുണ്ടായിരിക്കും.
b) തൊഴിലാളിവര്‍ഗവിരുദ്ധ പ്രവര്‍ത്തനത്തിന് ഏതൊരു ഔദ്യോഗിക ഭാരവാഹിയെയും നീക്കംചെയ്യാന്‍ ജനറല്‍ കൗണ്‍സിലിന് അധികാരമുണ്ടായിരിക്കും. അത്തരം കുറ്റങ്ങള്‍ക്ക് ഏതൊരു ജനറല്‍ കൗണ്‍സില്‍ അംഗത്തിന്റെ പേരിലും ഇതേപോലെ യുക്ത നടപടിയെടുക്കാന്‍ അതിന് അധികാരമുണ്ടായിരിക്കും. അത്തരം നടപടി എടുക്കുന്നതിനുമുമ്പ് ബന്ധപ്പെട്ട വ്യക്തികള്‍ക്ക് അവരവരുടെ നിലപാട് വിശദീകരിക്കാനുള്ള ഒരവസരം കൊടുക്കേണ്ടതാണ്.
c) സംസ്ഥാനക്കമ്മിറ്റിക്കും മറ്റു ഘടകങ്ങള്‍ക്കും അവയുടെ അംഗങ്ങളുടെമേല്‍ ഇത്തരം അധികാരങ്ങളുണ്ടായിരിക്കും.
d) ബന്ധപ്പെട്ട വ്യക്തികള്‍ക്കും യൂണിയനുകള്‍ക്കും ജനറല്‍കൗണ്‍സിലോ സംസ്ഥാനകൗണ്‍സിലോ സ്വീകരിച്ച നടപടികള്‍ക്കെതിരായി യഥാക്രമം സി ഐ ടി യു സമ്മേളനത്തിലും സംസ്ഥാന സമ്മേളനത്തിലും അപ്പീല്‍ ബോധിപ്പിക്കാനുള്ള അവകാശമുണ്ടായിരിക്കും.
e) സി ഐ ടി യുവിന്റെ നയങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ, നിഷ്ക്രിയത്വത്താലോ മറ്റു കാരണങ്ങള്‍കൊണ്ടോ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനക്കമ്മിറ്റിയെയോ കൗണ്‍സിലിനെയോ പിരിച്ചുവിടുന്നതിനോ പുന:സംഘടിപ്പിക്കുന്നതിനോ ഉള്ള അധികാരം ജനറല്‍ കൗണ്‍സിലിന് ഉണ്ടായിരിക്കും. അത്തരം നടപടികള്‍ എടുക്കുന്നതിനുമുമ്പ് നടപടികള്‍ക്ക് വിധേയമാകുന്ന സംസ്ഥാനക്കമ്മിറ്റിയുടെയോ സംസ്ഥാനകൗണ്‍സിലിന്റെയോ ഒരു യോഗം വിളിച്ചുകൂട്ടി അതിലെ അംഗങ്ങള്‍ക്ക് തങ്ങളുടെ നിലപാട് വിശദീകരിക്കാന്‍ ഒരവസരം ജനറല്‍ കൗണ്‍സില്‍ കൊടുക്കേണ്ടതാണ്. അത്തരം നടപടികള്‍ എടുത്ത് ആറുമാസങ്ങള്‍ക്കുള്ളില്‍ ഒരു സംസ്ഥാനകമ്മിറ്റിയെയോ കൗണ്‍സിലിനെയോ, രണ്ടുമോ തിരഞ്ഞെടുക്കാനായി സംസ്ഥാനത്തെ യൂണിയനുകളുടെ ഒരു സമ്മേളനം ജനറല്‍ കൗണ്‍സില്‍ വിളിച്ചു കൂട്ടേണ്ടതാണ്.

21. ഉപനിയമാവലി
ഭരണഘടനയ്ക്ക് നിരക്കുന്ന വിധത്തില്‍ ഉപനിയമാവലി ഉണ്ടാക്കാന്‍ ജനറല്‍ കൗണ്‍സിലിന് അധികാരമുണ്ടായിരിക്കും.