loader

Breaking News

1982 ജൂലായ് 23-ാം തീയതി സി.ഐ.ടി.യു-വര്‍ക്കിംഗ് കമ്മിറ്റിയുടെ ബാംഗ്ളൂരില്‍ ചേര്‍ന്ന യോഗത്തില്‍ സ.രണദിവെ ചെയ്ത പ്രസംഗം

Published On : 26 October 2017

സഖാക്കളെ,

നാം ഇതിനുമുമ്പ് യോഗം ചേര്‍ന്ന‌ശേഷം നമ്മുടെ രാജ്യത്തെ പ്രധാന സംഭവങ്ങള്‍ ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതിനാല്‍ ഞാനവ കൈകാര്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല.

സഖാക്കളെ, നമ്മുടെ ജനറല്‍ കൌണ്‍സിലിന്റെ യോഗത്തിനു തൊട്ടുപിന്നാലെ സ.ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തില്‍ നമുക്കു ദുഃഖകരമായ നഷ്ടമാണുണ്ടായത്. നമ്മുടെ സംഘടനയുടെ സമുന്നത നേതാക്കളിലൊരാളും അതിന്റെ സ്ഥാപകരില്‍ ഒരാളുമായിരുന്ന അദ്ദേഹം തമിഴ്നാട്ടിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ കഴിഞ്ഞ ഏതാനും ദശകങ്ങളായി അസാമാന്യമായൊരു പങ്കാണ് വഹിച്ചത്.



സഖാക്കളെ, സി.ഐ.ടി.യുവിന്റെ രൂപീകരണം മുതല്‍ അതിന്റെ വര്‍ക്കിംഗ് കമ്മിറ്റി അംഗമായിരുന്നു. സി.പി.ഐ.എമ്മിന്റെ സമുന്നത നേതാക്കളില്‍ ഒരാളും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്നു. നമ്മുടെ രാജ്യത്തിലെ തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിനു വലിയൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ ചരമം.



ദിമിത്രോവ് ശതവാര്‍ഷികം

ഈ വര്‍ഷം ലോകത്തിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുന്നണി വിഭാഗങ്ങള്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ മഹാനായ വീരാളിയും നേതാവും ലെനിന്‍ സ്ഥാപിച്ച കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ജനറല്‍ സെക്രട്ടറിയുമായിരുന്ന ഗ്യോര്‍ഗിദിമിത്രോവിന്റെ ജന്‍മശത വാര്‍ഷികം ആഷോഘിക്കുന്നു. മാര്‍ക്സിസം-ലെനിനിസത്തോടും തൊഴിലാളിവര്‍ഗ്ഗ സാര്‍വദേശീയതയോടും കൂറുള്ള ബുള്‍ഗേറിയയില്‍ നിന്നുള്ള ഈ അച്ചടിതൊഴിലാളി ഫാസിസം ഒരു ലോക വിപത്തായി തീരുകയും ഒരു ലോകയുദ്ധം അഴിച്ചുവിടാന്‍ ഉറയ്ക്കുകയും ചെയ്തപ്പോള്‍ സാര്‍വ‌ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്കു ഉയര്‍ന്നു. എല്ലാത്തരം പരിഷ്കരണവാദികളും ഭയപ്പെടുന്ന സ്റ്റാലിന്റെ മാര്‍ഗ്ഗനിര്‍‌ദ്ദേശത്തോടെ അദ്ദേഹം സാര്‍വ ദേശീയ പ്രസ്ഥാനത്തെ ഐക്യത്തിലേക്കും യുദ്ധത്തിനും ഫാസിസത്തിനും എതിരായ ചെറുത്തു നില്പിലേക്കും നയിക്കുന്നതില്‍ വിജയിച്ചു. അതിനുമുമ്പ് ഒരു നാസി കോടതിയെ നേരിടുന്നതില്‍ അസാധാരണമായ ധൈര്യം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. മരണശിക്ഷയെ നേരിട്ടുകൊണ്ട് അദ്ദേഹം നാസി കുപ്രചരണങ്ങള്‍‌ക്കെതിരായി കമ്മ്യൂണിസ്റ്റ് തത്വങ്ങളെ ഉയര്‍ത്തിപ്പിടിച്ചു. വ്യക്തിപരമായി സ്വയം പ്രതിരോധിക്കുന്നതില്‍ താല്‍പര്യമില്ലെന്നും പാര്‍ട്ടിയെയും കമ്മ്യൂണിസം ഏത് ആശയസംഹിതക്കു വേണ്ടിയാണോ നിലകൊള്ളുന്നത് അതിനെയും പ്രതിരോധിക്കുന്നതിലെ തനിക്കു താല്‍പര്യമുള്ളുവെന്നും അദ്ദേഹം കോടതിയില്‍ പ്രസ്താവിച്ചു.



അമിതാധികാരവിപത്തിനെ നേരിടുന്ന നമുക്കു ദിമിത്രോവ് തന്നിട്ടുള്ള പൈതൃകം അമൂല്യമാണ്. അത്തരമൊരു വിപത്തിനെ നേരിടാന്‍ ദിമിത്രോവ് ട്രേഡ് യൂണിയന്‍ ഐക്യത്തിനും തൊഴിലാളി വര്‍ഗ്ഗ ഐക്യത്തിനും അതിന്റെ പിന്‍ബലത്തോടെ ഫാസിസത്തിന്റെ വേലിയേറ്റത്തെ തടയുവാന്‍ എല്ലാ പുരോഗമന ശക്തികളുടെയും ഏകോപിപ്പിച്ച ചെറുത്തു നില്‍പ്പിനും വേണ്ടി ആഹ്വാനം ചെയ്തു.



ഒരു അണുയുദ്ധത്തിന്റെയും സോവിയറ്റ് യൂണിയനെ ലാക്കാക്കി വെറുക്കപ്പെട്ട യുഎസ് സാമ്രാജ്യത്വം സംഘടിപ്പിക്കുന്ന മനുഷ്യകൂട്ടക്കുരുതിക്കുള്ള യുദ്ധത്തിന്റെയും ആപത്തിനെ ലോകം നേരിട്ടു കൊണ്ടിരിക്കുമ്പോള്‍ തൊഴിലാളി വര്‍ഗ്ഗ സാര്‍വ‌ദേശീയതയുടെ പൈതൃകത്തിനു മുമ്പില്ലാത്ത പ്രാധാന്യം ലഭിക്കുന്നു.



അണുയുദ്ധത്തിനുള്ള യുഎസ് തയ്യാറെടുപ്പ്

യുദ്ധത്തിന് ഒരുക്കൂട്ടിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വം ജനങ്ങളെ കൂട്ടത്തോടെ കൊല്ലുന്നതിനുള്ള ആയുധങ്ങള്‍ ഉണ്ടാക്കുന്നതിനായി ശതകോടിക്കണക്കിന് ഡോളര്‍ ചെലവാക്കിക്കൊണ്ടിരിക്കുകയാണ്. ഈ ആയുധങ്ങള്‍ ഇപ്പോള്‍ ബഹിരാകാശത്തു സ്ഥാപിക്കുന്നതിനാണ് അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ തങ്ങളുടെ ഇച്ഛക്ക് വഴങ്ങാത്ത രാജ്യങ്ങളില്‍ ഇത്തരം ആയുധങ്ങള്‍ വര്‍ഷിക്കാന്‍ അവര്‍ക്ക് കഴിയുമല്ലോ.



പട്ടാളച്ചെലവ് കുത്തനെ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതില്‍ നിന്ന്, ആ മാരകായുധങ്ങള്‍ക്കു വേണ്ടി ചെലവാക്കുന്ന വമ്പിച്ച തുകയുടെ വ്യാപ്തി നമുക്ക് ഏതാണ്ട് ഊഹിക്കാം. 1979-ല്‍ അമേരിക്കയുടെ പട്ടാളബഡ്ജറ്റ് 100 ബില്യണ്‍ ഡോളറില്‍ക്കവിഞ്ഞിരുന്നു. റീഗന്‍ ഭരണമേറ്റതില്‍ പിന്നീട് 1982 ല്‍ അത് 227 ബില്യണ്‍ ഡോളറാക്കി വര്‍ദ്ധിപ്പിക്കപ്പെട്ടു. 1986 ആകുമ്പോഴേക്ക് അത് 440 ബില്യന്‍ ഡോളറാകുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.



യുദ്ധത്തിന്റെ അപകടം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുകയാണ്. യൂറോപ്പില്‍ പെര്‍ഷിങ്ങ് മിസൈസലുകളും ക്രൂസിമിസൈലുകളും സ്ഥാപിക്കാന്‍ അമേരിക്ക ശ്രമിച്ചു കൊണ്ടിരിക്കുന്നു. സോവിയറ്റു യൂണിയനു നേരെ പ്രത്യക്ഷത്തിലുള്ള ഒരു ഭീഷണിയല്ലാതെ മറ്റൊന്നുമല്ലിത്. 1000-2500 കിലോമീറ്റര്‍ ദൂരംവരെ കടുന്നുചെന്ന് ആക്രമണം നടത്താന്‍ ഈ മിസൈലുകള്‍ക്ക് കഴിയും. പടിഞ്ഞാറന്‍ ജര്‍മ്മനിയുടെ മണ്ണില്‍ സ്ഥാപിച്ച ഈ മിസ്‌സൈലുകള്‍ കൊണ്ട് യൂറോപ്പില്‍ കിടക്കുന്ന സോവിയറ്റ് യൂണിയന്റെ ഭൂവിഭാഗങ്ങളെല്ലാം എളുപ്പത്തില്‍ ആക്രമണത്തിന്നിരയാക്കാന്‍ കഴിയും.



സോവിയറ്റ് യൂണിയനു നേരെ യുദ്ധം ചെയ്തു ജയിച്ച് ആഗോളമേധാവിത്വം നേടാനുള്ള അമേരിക്കന്‍ ഐക്യനാടുകളുടെ ആഗ്രഹവും അതിനുതകുന്ന നയങ്ങളും കാരണം കോടിക്കണക്കിന് ജനങ്ങളുടെ ജീവിതങ്ങള്‍ ആഹൂതി ചെയ്യപ്പെടുന്ന ന്യൂക്ലിയര്‍ യുദ്ധത്തിന്റെ ഭീഷണി നമ്മുടെയാകെ തലക്കുമുകളില്‍ എപ്പോഴും തൂങ്ങിനില്‍ക്കുകയാണ്.



യുദ്ധ ഭ്രാന്തന്‍മാരെ തുറന്നു കാട്ടുന്നതിനും ഒറ്റപ്പെടുത്തുന്നതിനും അണ്വായുധ യുദ്ധം തടയുന്നതിനും വേണ്ടി, ലോകത്തിലെ മുഴുവന്‍ ജനതയോടും തൊഴിലാളി വര്‍ഗ്ഗത്തോടും ഒപ്പം ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗവും ട്രേഡ് യൂണിയന്‍ പ്രസ്ഥാനവും മുഴുവന്‍ ഒറ്റക്കെട്ടായി അണിനിരന്ന് ശബ്ദമുയര്‍‌ത്തേണ്ടിയിരിക്കുന്നു. തൊഴിലാളിവര്‍ഗ്ഗ സാര്‍വ്വ‌ദേശീയത്വവും ലോകജനതയോടുള്ള ഇന്ത്യന്‍ ജനതയുടെ ഉത്തരവാദിത്വവും നമ്മോട് ആവശ്യപ്പെടുന്നത് അതാണ്. യൂറോപ്പിലും യു.എസ്.എയിലും കൂറ്റന്‍ സമാധാന പ്രകടനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. സാമ്രാജ്യത്വവാദികളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന മുദ്രാവാക്യങ്ങളുയര്‍ത്തിക്കൊണ്ട് തൊഴിലാളി വര്‍ഗ്ഗവും ട്രേഡ് യൂണിയനുകളും വിപുലമായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്.



സോവിയറ്റു യൂണിയന്റെ നിര്‍ദ്ദേശങ്ങള്‍

ആയുധപ്പന്തയം തടയുന്നതിനും അണ്വായുധങ്ങള്‍ ഉണ്ടാക്കുന്നത് ക്രമേണ അവസാനിപ്പിക്കുന്നതിനും വേണ്ടി സോവിയറ്റ് യൂണിയന്‍ മുന്നോട്ടുവച്ച വ്യക്തമായ നിര്‍‌ദ്ദേശങ്ങള്‍, സമാധാനത്തിന്റെ ശക്തികളെയും യുദ്ധ വിരുദ്ധ ശക്തികളെയും വളരെയേറെ സഹായിച്ചിട്ടുണ്ട്. തങ്ങളായിരിക്കുകയില്ല, അണ്വായുധങ്ങള്‍ ആദ്യം ഉപയോഗിക്കുന്നത് എന്ന യു.എസ്.എസ്.ആറിന്റെ ഏകപക്ഷീയമായ പ്രഖ്യാപനത്തെ സാര്‍വ‌ദേശീയ തൊഴിലാളി വര്‍ഗ്ഗവും സമാധാന കാംഷികളായ ജനങ്ങളും അഹ്ലാദത്തോടെയാണ് സ്വാഗതം ചെയ്തത്. ആ പ്രഖ്യാപനത്തിന്റെ പ്രധാന്യത്തെ കുറച്ചു കാണാനാണ് റീഗനും റീഗന്റെ ഭരണകൂടവും ശ്രമിക്കുന്നത്.



ഇന്ത്യയിലെ ട്രേഡ് യൂണിയനുകളും യുദ്ധവിരുദ്ധ സമരവും

മനുഷ്യരെ കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള സാമ്രാജ്യത്വത്തിന്റെ ഈ നീക്കത്തിനെതിരെയുള്ള സമരത്തില്‍ ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം എവിടെ നില്‍ക്കുന്നു? വിവിധ ആശയഗതികളുടെ സ്വാധീനത്തില്‍‌പ്പെട്ടു കിടക്കുന്ന ഇന്ത്യയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം, ഈ സാര്‍വ‌ദേശീയ സമരത്തില്‍ പറയത്തക്ക പങ്കൊന്നും വഹിക്കുന്നില്ല എന്നത് അംഗീകരിക്കേണ്ടിയിരിക്കുന്നു. രാജ്യത്തെങ്ങുമുള്ള സി.ഐ.ടി.യു യൂണിയനുകള്‍ ഇക്കഴിഞ്ഞ മെയ് ദിനത്തിന്‍ നാള്‍ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയാണുണ്ടായെന്നത് ശരിതന്നെ. എ.ഐ.ടി.യു.സിയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള യൂണിയനുകളും മറ്റുചില യണിയനുകളും മെയ് ദിനത്തിന്‍ നാള്‍ യുദ്ധവിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തുകയുണ്ടായെന്നതും ശരിതന്നെ, എന്നാല്‍ ഇന്ത്യയിലെ തൊഴിലാളികളില്‍ ഒരു വലിയ വിഭാഗവും ട്രേഡ് യൂണിയനുകളും ഈ അപകടത്തെ കുറിച്ച് അജ്ഞരാണ്, അവരുടെ സാര്‍വ‌ദേശീയ ചുമതലയെക്കുറിച്ച് അവര്‍ ഓര്‍മിക്കുന്നതേയില്ല, തങ്ങളുടെ അടിയന്തിരാവശ്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും സാര്‍വ‌ദേശീയതയെ കുറിച്ച് വിസ്മരിക്കുകയും ചെയ്യുന്ന സങ്കുചിത മനഃസ്ഥിതി കാരണം തൊഴിലാളി വര്‍ഗ്ഗ ബോധം തന്നെ ശിഥിലമായിക്കൊണ്ടിരിക്കുകയാണ്.



ആഗോള യുദ്ധത്തിന്റെ കെടുതികളെക്കുറിച്ച് സ്വന്തം അണികളെ ബോധവാന്മാരാക്കാന്‍ തയ്യാറില്ലാത്ത കേന്ദ്ര ഗവണ്‍‌മെന്റ് ജീവനക്കാരുടെ ഫെഡറേഷനുകളും കേന്ദ്ര സംഘടനകളും നിരവധിയുണ്ടിവിടെ. ശ്രീമതി ഗാന്ധിയുടെ ഗവണ്‍‌മെന്റ് ഈ യുദ്ധ വിപത്തിനെ അംഗീകരിക്കുന്നില്ല, അതിനെതിരായ പ്രതിഷേധ പ്രകടനങ്ങളെ പൊറുപ്പിക്കാനും തയ്യാറില്ല. കേന്ദ്ര ഗവണ്‍‌മെന്റ് ജീവനക്കാരുടെയും പി.ആന്റ്.ടി. ജീവനക്കാരുടെയും റയില്‍‌വേ ജീവനക്കാരുടെയും സംഘടനകളുടെ നേതാക്കള്‍, യുദ്ധ വിപത്തിനെക്കുറിച്ച് സംസാരിക്കുന്നതേയില്ല.



ഇവിടെ നാം ഒരു കാര്യം കൂടി ഓര്‍മ്മിക്കണം. സി.ഐ.ടി.യു.വിനും എ.ഐ.ടിയു.സിക്കും പോലും മെയ്ദിനത്തിലെ യുദ്ധവിരുദ്ധ പ്രകടനങ്ങള്‍ സംയുക്തമായി നടത്താന്‍ കഴിയുകയുണ്ടായില്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കൂടെ ചൈനയെകൂടി കൂട്ടണമെന്ന എ.ഐ.ടി.യു.സിയുടെ നിര്‍ബന്ധമാണിതിനു കാരണം.



വളരെ അപമാനകരമായ ഒരു സംഗതിയാണിത്. വളരെ കുറച്ചേ നമുക്ക് ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളു. അതും ഏറെക്കുറെ യാദൃശ്ചികമായി നടന്നിട്ടുള്ളതും. അതുകൊണ്ട് നമുക്ക് സംതൃപ്തിയടയാന്‍ സാധ്യമല്ല.



സാര്‍‌വ‌ദേശീയ ഐക്യദാര്‍ഢ്യത്തിന്റെയും യുദ്ധവിരുദ്ധ സമരത്തിന്റെയും മാര്‍ഗ്ഗത്തിലൂടെ ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനം മുഴുവന്‍ ചരിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് നമ്മുടെ കടമയാണ്.



യുദ്ധ വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണിപ്പടയാളികളായിരിക്കണം നമ്മള്‍. യുദ്ധത്തിനെതിരായ ഈ പ്രസ്ഥാനത്തില്‍ വരും മാസങ്ങളില്‍ നാം, തൊഴിലാളി വര്‍ഗ്ഗത്തെ ഒറ്റക്കെട്ടായി അണിനിരത്തണം. വരുന്ന സെപ്തംബര്‍ 1-ാം തീയതി യുദ്ധവിരുദ്ധ ദിനമായി ആചരിക്കാന്‍ ട്രേഡ് യൂണിയനുകളുടെ ലോക ഫെഡറേഷന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ ആഹ്വാനം നാം നടപ്പാക്കണം. യുദ്ധ വിരുദ്ധ-സാര്‍വദേശീയ ദിനം സമുചിതമായി ആചരിക്കുന്നതിനു വേണ്ടി കഴിയാവുന്നത്ര വിപുലമായ ജനവിഭാഗങ്ങളെയും ട്രേഡ് യൂണിയനുകളെയും അണിനിരത്തുന്നതിന് ഇന്ത്യയിലെല്ലായിടത്തും സി.ഐ.ടി.യുവും അതിന്റെ യൂണിയനുകളും നേതൃത്വം വഹിക്കും. സാമ്രാജ്യത്വത്തെ യുദ്ധത്തിന്റെ ഉറവിടമായി കാണുന്നവരും ഏതെങ്കിലും സോഷ്യലിസ്റ്റ് രാജ്യത്തെ വിമര്‍ശിക്കുന്നതില്‍ മുഴുകാത്തവരും രണ്ടു വന്‍ശക്തികള്‍ എന്ന കള്ള സിദ്ധാന്തത്തില്‍ ആശ്രയം കണ്ടെത്താത്തവരുമായ എല്ലാ വിഭാഗം ആളുകളെയും നാം ഇക്കാര്യത്തില്‍ കൈകോര്‍ത്തു പിടിക്കണം.



യുദ്ധത്തിനെതിരായും സമാധാനത്തിനു വേണ്ടിയും ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗം നടത്തുന്ന ശക്തമായ പ്രകടനത്തിന്റെ ദിനമായിരിക്കണം സെപ്തംബര്‍ ഒന്ന്.



ഇസ്രേലിന്റെ കുടുത്ത ആക്രമണം

യു.എസ്.എയുടെ നിര്‍‌ദ്ദേശത്തോടെ ഇസ്രേല്‍ പാലസ്തീന്നു നേരെ നടത്തിയ കടന്നാക്രമണങ്ങളെ പുരോഗമന ലോകം മുഴുവനും, തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനവും എല്ലാ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെയും എല്ലാ ഗവണ്‍‌മെന്റുകളും ശക്തിയായി അപലപിച്ചിട്ടുണ്ട്. പി.എല്‍.ഒ.വിനേയും അതിന്റെ ഐതിഹാസികമായ ചെറുത്തു നില്‍പ്പിനേയും നശിപ്പിക്കുന്നതിനുവേണ്ടി കൊടും ക്രൂരതകളും കൂട്ടക്കശാപ്പുകളും നടത്തപ്പെട്ട ഒരു കടന്നാക്രമണമാണിത്. ഈ കടന്നാക്രമണത്തെ ശക്തിയായി അപലപിക്കുന്ന സി.ഐ.ടി.യു. അമേരിക്കയുടെ ഈ കടുത്ത വഞ്ചനക്കും കള്ളക്കളിക്കും എതിരായി പ്രതിഷേധം ഉയര്‍ത്തുന്നു. പാലസ്തീന്‍ വിമോചന മുന്നണി നടത്തിയ ചെറുത്തു നില്‍പ്പിനെ സി.ഐ.ടി.യു അഭിനന്ദിക്കുന്നു. പി.എല്‍.ഒ.വിന്ന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും അമേരിക്കന്‍ ആക്രമണത്തെ അപലപിച്ചുകൊണ്ടും സി.ഐ.ടി.യു. യൂണിയനുകള്‍ നിരവധിയിടങ്ങളില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായിട്ടുണ്ട്. യുദ്ധം ചെയ്യുന്ന പാലസ്തീനിയന്‍ ജനതയെ രക്ഷിക്കാന്‍ ഇനിയുമെത്രയോ ചെയ്യാനുണ്ടെന്നത് ശരിതന്നെ.



സി.ഐ.ടി.യു. യൂണിയനുകള്‍ ഇക്കാര്യത്തില്‍ തുടര്‍ന്നും തൊഴിലാളിവര്‍ഗ്ഗത്തെ ഒന്നിച്ചുകൊണ്ടുവരികയും ഇസ്രയേലിനെയും റീഗന്‍ ഭരണകൂടത്തെയും തുറന്നു കാണിക്കുകയും പി.എല്‍.ഒ.ക്കു പിന്തുണ നല്‍കുകയും ചെയ്തുകൊണ്ടിരിക്കണം.



അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നിര്‍‌ദ്ദേശത്തോടെ ഇസ്രേല്‍ നടത്തിയ ഈ കടന്നാക്രണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അമേരിക്കയെ പ്രത്യക്ഷമായി അപലപിക്കുകയുണ്ടായില്ല എന്നത് അത്ഭുത ജനകം തന്നെയാണ്. പാലസ്തീന്‍ കാരോടും ലെബനോണ്‍കാരോടും അനുകമ്പ പ്രകടിപ്പിക്കുയും ഇസ്രേലി ഗവണ്‍‌മെന്റിനെ അപലപിക്കുകയും ചെയ്തുകൊണ്ട് അവര്‍ തൃപ്തിപ്പെടുകയാണുണ്ടായത്. ഇന്ത്യാ ഗവണ്‍‌മെന്റിനു വേണ്ടി പ്രധാനമന്ത്രി പാലസ്തീന്‍ ജനതയോടു കാണിച്ച അനുകമ്പ സ്വാഗതാര്‍ഹം തന്നെ. എന്നാല്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായി ഒരൊറ്റ അക്ഷരംപോലും ഉച്ചരിക്കാതിരുന്നതുവഴി പ്രധാനമന്ത്രി സ്വന്തം അന്തസ്സും ഇന്ത്യയുടെ അന്തസ്സും കെടുത്തുകയാണുണ്ടായത്.



അമേരിക്കക്ക് പിന്തുണ നല്‍കുവാന്‍ തയ്യാറുള്ളവരും ലെബനോണിനെതിരെ ഇസ്രയേല്‍ നടത്തിയ കടന്നാക്രമണത്തിനു പിന്‍തുണ നല്‍കുന്നവരും പാലസ്തീന്‍കാരോട് കാണിക്കുന്ന ഏതൊരു അനുകമ്പയേയും എതിര്‍ക്കാന്‍ മടിയില്ലാത്തവരും ആയ പലരും ഇന്ത്യയിലുണ്ടെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. പാര്‍ല‌മെന്റില്‍ വെച്ച് ഇസ്രായേലിനെ അധിക്ഷേപിക്കുന്നതിനെ ബി.ജെ.പി.യിലെ ജേത്‌മാലിനി പരസ്യമായിത്തന്നെ എതിര്‍ക്കുകയുണ്ടായി. അതില്‍ അത്ഭുതപ്പെടാനുമില്ല. വാജ്‌പേയി വിദേശകാര്യമന്ത്രിയായിരുന്നപ്പോഴാണല്ലോ, ഇസ്രയേലി വിദേശകാര്യമന്ത്രിയുമായി രഹസ്യ സംഭാഷണങ്ങള്‍ നടത്തപ്പെട്ടത്. ഇസ്രയേലിനെ നയതന്ത്രപരമായി ഒറ്റപ്പെടുത്തുന്നതിനെ അനുകൂലിക്കാത്ത ഒരാളാണ് ജനതാപാര്‍ട്ടിയിലെ സുബ്രഹ്മണ്യ സ്വാമി.



തങ്ങള്‍ ഇസ്ലാമിന്റെ സംരക്ഷകരാണെന്ന് മേനി നടിക്കുന്ന പല മുസ്ലീം ഭരണകൂടങ്ങളുടെയും വഞ്ചനാപരമായ സ്വഭാവം തുറുന്നു കാണിക്കുന്നതിനു ഇസ്രേലി അക്രമണത്തിനു കഴിഞ്ഞു. പാലസ്തീന്‍കാരെ ഇതിനുമുമ്പു തന്നെ കയ്യൊഴിപ്പിച്ചിരുന്ന ഈജിപ്ത്, അമേരിക്കയുടെ ചേലത്തുമ്പില്‍ അഭയം പ്രാപിച്ചു കഴിഞ്ഞിരിക്കുന്നു. ഏറ്റവും ആധുനികമായ ആയുധങ്ങള്‍ യു.എസ്.എയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയും ഇസ്ലാമിക പരിശുദ്ധിയുടെ സംരക്ഷകരാണ് തങ്ങള്‍ എന്ന് അഭിമാനിക്കുകയും ചെയ്യുന്ന സൌദി അറേബിയ പാലസ്തീന്‍കാരെ രക്ഷിക്കുന്നതിനുവേണ്ടി ചെറുവിരല്‍‌പോലും അനക്കുകയുണ്ടായില്ല. അതുപോലെ തന്നെയാണ് മറ്റ് പല പിന്തിരിപ്പന്‍ ഭരണകൂടങ്ങളും പ്രവര്‍ത്തിച്ചത്.



എണ്ണയില്‍ നിന്ന് സമ്പാദിച്ച പണം കൊണ്ട് തടിച്ചുകൊഴുത്ത അവര്‍ക്ക്, അമേരിക്കന്‍ സഹായത്തോടെ തങ്ങളുടെ രാജ്യത്തെ ജനങ്ങളെ അടിച്ചമര്‍ത്താനാണ്, പാലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യത്തിലല്ല അവര്‍ക്കു താല്പര്യം, അതേവഴിക്കുന്ന തന്നെയാണ് പാകിസ്ഥാന്‍ ഭരണാധികാരികളുടെയും പോക്ക്, അവരും ഇസ്ലാമിനെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ ഓരോരോ അറബ് രാജ്യങ്ങളുടെയായി സ്വാതന്ത്ര്യം നശിപ്പിക്കുന്ന അമേരിക്കക്ക് വീടുപണി ചെയ്യുകയാണവരും.



ഇസ്ലാം മതമൌലികതാ വാദികള്‍ പാലസ്തീനിയന്‍ ജനതയെ ഇത്ര പരസ്യമായും ഇത്ര ക്രൂരമായും വഞ്ചിക്കുന്നതുവഴി, സ്വയം തുറന്നുകാട്ടപ്പെടുകയാണ് ചെയ്യുന്നത്. അവര്‍ അതതു രാജ്യങ്ങളിലെ ജനാധിപത്യ-വിപ്ലവ പ്രസ്ഥാനങ്ങളെയും ശക്തികളെയും പിളര്‍ക്കുന്നതിനുള്ള ആയുധങ്ങളായി വര്‍ത്തിക്കുകയാണ്. തങ്ങളുടെ രാജ്യങ്ങളിലെ പിന്തിരിപ്പന്‍ വര്‍ഗ ഭരണങ്ങളെ ഉറപ്പിച്ചു നിര്‍ത്തുന്നതിനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. യു.എസ്.എ.യുടെ താളത്തിനൊത്തു തുള്ളുന്ന ഈ ഭരണകൂടങ്ങളെ ഉറപ്പിച്ചു നിര്‍ത്തി അവയെ സാമ്രാജ്യത്വത്തിന്റെ ചട്ടുകങ്ങളാക്കി ഉപയോഗപ്പെടുത്തുകയാണ് ഈ ഇസ്ലാം മതമൌലികവാദികള്‍.





ഇസ്രേലി തൊഴിലാളികള്‍ സാര്‍വ‌ദേശീയ ഐക്യദാര്‍ഢ്യം ഉയര്‍ത്തിപ്പിടിക്കുന്നു

ഈ ഗവണ്‍‌മെന്റുകള്‍ കൈക്കൊണ്ട പിന്തിരിപ്പന്‍ നിലപാടിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുമ്പോഴാണ്, ഇസ്രേലിലെ തൊഴിലാളിവര്‍ഗം കൈക്കൊണ്ട നിലപാട് മഹത്തരമായിരുന്നത്. അവര്‍ ഇസ്രേലി കടന്നാക്രമണത്തെ പരസ്യമായിത്തന്നെ അപലപിച്ചിട്ടുണ്ട്, പാലസ്തീന്‍ ജനതക്ക് സ്വാതന്ത്ര്യവും നീതിയും ലഭിക്കണം എന്നവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രേലിലെ തൊഴിലാളി വര്‍ഗ്ഗവും പുരോഗമനശക്തികളും സാര്‍വ‌ദേശീയ ഐക്യദാര്‍ഢ്യത്തിന്റെയും തൊഴിലാളിവര്‍ഗ സാര്‍വ്വ‌ദേശീയതയുടെയും തത്വങ്ങളംഗീകരിച്ചിരിക്കുന്നു. അവര്‍ വളരെയേറെ വിഷമങ്ങള്‍ സഹിച്ചുകൊണ്ടാണെങ്കിലും തങ്ങളുടെ ധൈര്യം കാട്ടിയിരിക്കുന്നു, തങ്ങളുടെ സ്വന്തം ഗവണ്‍‌മെന്റിനെ പരസ്യമായി അധിക്ഷേപിച്ചിരിക്കുന്നു. ലെബനോണില്‍ നിന്ന് പട്ടാളത്തെ പിന്‍വലിക്കണമെന്ന് തങ്ങളുടെ ഗവണ്‍‌മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നു.



ആറബ് രാജ്യങ്ങളിലെ പിന്തിരിപ്പന്‍ ഭരണകൂടങ്ങളുടെ വഞ്ചനകാരണം പാലസ്തീന്‍ ജനതയുടെ വിമോചനസമരം കൂടുതല്‍ വിഷമം പിടിച്ചതായിത്തീര്‍ന്നിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ തീപ്പൊരി ഒരിക്കല്‍ സ്ഫുരിച്ചുകഴിഞ്ഞാല്‍ പിന്നെ അതൂതിക്കെടുത്താനാവില്ല. വിയറ്റ്നാം ജനതയുടെ ഐതിഹാസികമായ ചെറുത്തുനില്പ്പു സമരത്തിനു ശേഷം, പാലസ്തീന്‍ ജനതയെപ്പോലെ മറ്റാരുംതന്നെ സ്വാതന്ത്ര്യത്തിനുവേണ്ടി എന്തും ത്യജിക്കുന്നതിനുള്ള സന്നദ്ധതയും കഴിവും ചെറുത്തുനില്‍പ്പും ഇത്ര ഉദാത്തമായ വിധം പ്രദശിപ്പിച്ചിട്ടില്ല. ധീരോദാത്തമായ ഈ ജനതയ്ക്ക് നല്‍കാന്‍ നമ്മുടെ കയ്യിലെന്താണുള്ളത്? പാബ്‌ളോനെരൂദതയുടെ വാക്കുകള്‍ തന്നെ നമുക്കവരോട് പറയാം.



ലോകത്തെമ്പാടുമുള്ള നാം ആഗ്രഹിക്കുന്ന നമ്മില്‍ പലരും ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന, എല്ലാ ദുരിതങ്ങളുടെയും അവസാനമായ ആ ദിവസത്തെക്കുറിച്ചുള്ള, കടുത്ത സമരങ്ങളിലൂടെ നാം നേടിയെടുക്കുന്ന ആ നീതിയുടെ ദിവസങ്ങളെക്കുറിച്ചുള്ള, നിങ്ങളുടെ നിറഞ്ഞ പ്രത്യാശയെ അതിശക്തമായ മര്‍ദ്ദകരുടെ ജഡഹസ്തങ്ങള്‍ വീര്‍പ്പുമുട്ടിച്ച് ഞെക്കിക്കൊല്ലാതിരിക്കട്ടെ.



ഈ ഒഴികഴിവുകള്‍ വഞ്ചിക്കാനാണ്

തൊഴിലാളി വര്‍ഗത്തിന്റെ സ്വാതന്ത്ര്യങ്ങള്‍‌ക്കെതിരായിട്ടുള്ള നീക്കത്തിലൂടെയാണ് ആദ്യമായി ജനങ്ങള്‍ക്ക് എതിരായുള്ള അമിതാധികാരത്തിന്റെ നീക്കം പ്രത്യക്ഷപ്പെട്ടത്. ആദ്യം അവശ്യസര്‍വീസ് പരിപാലനനിയമം (എസ്മാ) വന്നു. അതിന്റെ പിറകെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തെ അടിച്ചമര്‍ത്തുന്നതിനുള്ള മൂന്നു പുതിയ ബില്ലുകള്‍ വന്നു. യു.പിയിലേയും ഹരിയാനയിലേയും ട്രേഡ് യൂണിയന്‍ സമരങ്ങള്‍ക്കു നേരെ കൊടിയ മര്‍ദനം കെട്ടഴിച്ചുവിട്ടതിനു പിറകേയാണിതുണ്ടായത്.



സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം തൊഴിലാളികളുടെ ചുമലില്‍ കെട്ടിയേല്‍പിക്കുന്നതിനും അവരുടെ കൂലി വെട്ടിക്കുറിക്കുന്നതിനും അവരുടെ ഭാവിജീവിതനിലവാരം ഇടിച്ചു താഴ്ത്തുന്നതിനും ഉള്ള ആസൂത്രിതമായ ഗൂഢാലോചനയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ സംഘടിത വ്യവസായങ്ങളിലെ വേതന നിലവാരം വളരെ ഉയര്‍ന്നതാണെന്ന പ്രചരണം ഗവണ്‍മെന്റ് നിര്‍ബന്ധപൂര്‍വ്വം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതു ഖണ്ഡിക്കാനായി ലേബര്‍ ജേര്‍ണലില്‍ ഡോ. കെ. രാമചന്ദ്രന്‍ നായര്‍ എഴുതിയ ഒരു ലേഖനത്തില്‍ നിന്നുള്ള പ്രസക്തമായ ഭാഗങ്ങള്‍ ഞാന്‍ ഉദ്ധരിക്കട്ടെ.



തങ്ങളുടെ ട്രേഡ് യൂണിയന്‍ ശക്തി ഉപയോഗിച്ച് സംഘടിത വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്ക് വേതന വര്‍ധന നേടിയെടുക്കാന്‍ കഴിവുണ്ടെന്നും ഇങ്ങനെ ഉല്പാദനച്ചെലവില്‍ വരുന്ന അധികഭാരം തങ്ങളുടെ കുത്തകശക്തി ഉപയോഗിച്ച് ഉപഭോക്താക്കളുടെ തലയില്‍ ചുമത്തിക്കൊണ്ട് തങ്ങളുടെ ലാഭവിഹിതം നിലനിര്‍ത്താന്‍ കഴിയും എന്ന ബോധ്യമുള്ളതുകൊണ്ട് ആ വ്യവസായങ്ങളിലെ തൊഴിലുടമകള്‍ അതിന്നു വഴങ്ങുന്നുണ്ടെന്നും ഉള്ള വിശ്വാസം പൊതുവില്‍ പരന്നിട്ടുണ്ട്.



ഫാക്ടറി തൊഴിലാളികളുടെ ശരാശരി വാര്‍ഷിക വരുമാനത്തിന്റെ കണക്കുകള്‍ (പണമായിട്ടായാലും യഥാര്‍ത്ഥ വരുമാനമായിട്ടായാലും) പരിശോധിച്ചാല്‍ തൊഴിലാളികള്‍ക്ക് നീതി ലഭിച്ചിട്ടില്ലെന്ന് കാണാം. മിക്ക മൂന്നാംലോക രാജ്യങ്ങളിലെയും ഫാക്ടറിത്തൊഴിലാളികളുടെ കാര്യമെടുത്താല്‍, അവരുടെ യഥാര്‍ത്ഥ വരുമാനം, അതതു രാജ്യങ്ങളിലെ പ്രതിശീര്‍ഷ വരുമാനം വര്‍ധിക്കുന്നതിനേക്കാള്‍ കൂടിയ നിരക്കില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നതായി കാണാം. അങ്ങിനെ വ്യവസായത്തൊഴിലാളികള്‍ അവിടെ ഒരു ഉയര്‍ന്ന ശ്രേണിയില്‍‌പ്പെട്ടവരായിത്തീരുന്നു. രാഷ്ട്രീയ സംഘര്‍ഷത്തിനുതന്നെ ഇതിടയാക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ പൊതുപ്രവണതക്ക് ഒരു അപവാദമുണ്ട്. അതിന്ത്യയാണ്. യഥാര്‍ത്ഥത്തില്‍ ഇവിടെ ഈ വിഭാഗം തൊഴിലാളികളുടെ യഥാര്‍ത്ഥ വരുമാനം വളര്‍ച്ചമുട്ടി നില്‍ക്കുകയാണ്. ജീവിതം നിലനിര്‍ത്താനത്യാവശ്യമായ, തുച്ഛമായ വരുമാനത്തില്‍ നിന്ന് അധികമൊന്നും ഉയര്‍ന്നതല്ല ഇത്. ഇവിടെ ഒരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റ് പല രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, വിലക്കയറ്റവുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള വേതന വര്‍ദ്ധന, ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ നിരക്കിലുള്ളതാണ് എന്നതാണ്. ഉദാഹരണത്തിന് 1956-64 കാലഘട്ടത്തില്‍ പണക്കണക്കിലുള്ള ശരാശരി വാര്‍ഷിക വേതന വര്‍ധന 2.9 ശതമാനമായിരുന്നു. എന്നാല്‍ ഈ കാലയളവില്‍ ഉപഭോക്തൃവില വര്‍ദ്ധിച്ചത് കൊല്ലത്തില്‍ ശരാശരി 4.7 ശതമാനം കണ്ടാണ്. അതില്‍പ്പിന്നെ ഈ പ്രവണതയ്ക്ക് പറയത്തക്ക മാറ്റമൊന്നും ഉണ്ടായിട്ടുമില്ല. അതുകൊണ്ട് വേതനം ഇന്ത്യയില്‍ പൊതുവില്‍ കുറവാണെന്നും സമ്പദ്ഘടനയിലെ മറ്റ് മേഖലകളില്‍ കിട്ടുന്നതിനെക്കാള്‍ താരതമ്യേന അല്‍പം കൂടുതല്‍ വേതനം ലഭിക്കുന്ന സംഘടിത മേഖലയില്‍‌പ്പോലും യഥാര്‍ത്ഥ വരുമാനത്തില്‍ യാതൊരു മാറ്റവുമുണ്ടായിട്ടില്ല എന്നും വാദിക്കപ്പെടുന്നത് അതുകാരണമാണ്. അതിനാല്‍ എല്ലാ ചരക്കുകളുടെയും വില നിയന്ത്രിക്കുകയും ഫലപ്രദമായ ഒരു പൊതുവിതരണ ശൃംഖലവഴി അവ തുല്യമായി വിതരണം നടത്തപ്പെടുന്നുണ്ട് എന്ന് ഉറപ്പു വരുത്തുകയും അതുവഴി വേതനത്തിലും ഡി.എയിലും ഇടയ്ക്കിടെ മാറ്റം വരുത്തേണ്ട അവസ്ഥ ഒഴിവാക്കുകയും ആണ്, ഒരു ദേശീയ വേതനനയം ആവിഷ്കരിക്കുന്നതിന് മുമ്പു ഗവണ്‍‌മെന്റ് അടിയന്തിരമായി ചെയ്യേണ്ടത്.

(ഇന്ത്യന്‍ ലേബര്‍ ജര്‍ണല്‍, 1982 മേയ്)



ആശയപ്രചരണം

തങ്ങളുടെ ആവശ്യങ്ങള്‍ അനുവദിച്ചു കിട്ടുന്നതിനുവേണ്ടി തൊഴിലാളികള്‍ സമരം ചെയ്യുന്നതിന് നിര്‍ബന്ധിതമായിരിക്കുകയാണ്. ഈ സമരത്തില്‍ അവര്‍ക്ക് പൊതുജനങ്ങളുടെ പിന്തുണ വ്യാപകമായി ലഭിക്കേണ്ടതുണ്ട്. ഇത്തരമൊരു പരിതഃസ്ഥിതി യില്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന് തൊഴിലാളികളോടുള്ള ആഹ്വാനവും മാനേജ്‌മെന്റില്‍ തൊഴിലാളികള്‍ക്ക് പങ്കാളിത്തം നല്‍കുമെന്ന് കേന്ദ്രട്രേഡ് യൂണിയന്‍ സംഘടനകളോടു നല്‍കിയ ആഹ്വാനവും തൊഴിലാളികളെയും ട്രേഡ് യൂണിയനുകളെയും സമൂഹത്തിലെ മറ്റു വിഭാഗങ്ങളില്‍ നിന്ന് പൂര്‍ണമായും ഒറ്റപ്പെടുത്തുന്നതിനു വേണ്ടി കേന്ദ്ര ഗവണ്‍‌മെന്റ് നടത്തിക്കൊണ്ടിരിക്കുന്ന ആശയപരമായ പ്രചരണത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന കാര്യം നാമൊരിക്കലും മറക്കരുത്. ബഡ്ജറ്റ് കമ്മി വഴി പണപ്പെരുപ്പത്തിന്റെ വെള്ളപ്പൊക്കം കെട്ടഴിച്ചുവിട്ട ഗവണ്‍‌മെന്റ് ഇപ്പോള്‍ പറയുന്നത്, തൊഴിലാളികള്‍ കൂടുതല്‍ അധ്വാനിക്കാന്‍ തയ്യാറായാല്‍ മാത്രമേ വിലകള്‍ താണുവരികയുള്ളു, സമൂഹത്തിന് ആശ്വാസം ലഭിക്കൂ എന്നാണ്. ഇത് കള്ളപ്രചരണമാണ്. എന്നാല്‍ ഇവിടെ ഒരു കാര്യം ഗവണ്‍‌മെന്റ് വിശദീകരിക്കാന്‍ തയ്യാറാവുന്നില്ല-പഞ്ചസാര യുല്‍പാദനം എല്ലാ റിക്കാര്‍ഡുകളെ ഭേദിച്ചതായിട്ടും എന്തുകൊണ്ടാണ് പഞ്ചസാരയുടെ വില കുറയാത്തത്? എന്തുകൊണ്ടാണ് സാധാരണക്കാരന് ആശ്വാസം ലഭിക്കാത്തത്?



ഗവണ്‍‌മെന്റിന്റെ ഈ കള്ളപ്രചരണത്തിന് ട്രേഡ് യൂണിയന്‍ പ്രസ്ഥാനം മറുപടി പറഞ്ഞേ പറ്റൂ, അവര്‍ ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കേണ്ടതുണ്ട്. ഉല്‍പാദനചക്രങ്ങള്‍ തിരിച്ചുകൊണ്ടിരിക്കുന്നതിനും സമൂഹത്തിന്റെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുന്നതിനും തൊഴിലാളികള്‍ക്കുള്ള കടമയെ, തൊഴിലാളിവര്‍ഗവും ട്രേഡുയൂണിയന്‍ പ്രസ്ഥാനവും വിസ്മരിക്കുന്നില്ല. തുല്യതയുടെ അടിസ്ഥാനത്തില്‍, സ്ഥാപനത്തിന്റെ ബാലന്‍സ് ഷീറ്റും പണമിടപാടുകളും പരിശോധിക്കാനുള്ള അവകാശം തൊഴിലാളികള്‍ക്ക് ലഭിക്കുമെന്നുള്ള ഉറപ്പിന്റെ അടിസ്ഥാനത്തില്‍, അസംസ്കൃത സാധനങ്ങളുടെ സപ്ലൈയും അവയുടെ മെച്ചവും പരിശോധിക്കാനുള്ള അവകാശം ലഭ്യമാക്കുന്നതിന്റെ അടിസ്ഥാനത്തില്‍, സ്ഥാപനത്തിനകത്തെ അച്ചടക്കത്തിന്റെയും ഉല്‍പാദനത്തിന്റെയും പ്രശ്നങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം തൊഴിലാളി പ്രതിനിധികള്‍ക്ക് തുല്യമായി നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍, മാനേജ്‌മെന്റില്‍ പങ്കാളിത്തം വഹിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് തൊഴിലാളികള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഉല്‍പാദനത്തിന്റെയും വേതനത്തിന്റെയും വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്യാന്‍ തൊഴിലാളി യൂണിയനുകള്‍ തയാറാണ്. പരസ്പരം ചര്‍ച്ച ചെയ്ത് ഒത്തു തീര്‍പ്പിലെത്തിയ വേതന വ്യവസ്ഥയനുസരിച്ച് നിശ്ചിത അളവില്‍ ഉല്‍പാദന വര്‍ധനവുണ്ടാക്കാനും അവര്‍ തയ്യാറാണ്.. തൊഴിലാളികളുടെ വീഴ്ചക്കും മാനേജ്‌മെന്റിനോടൊപ്പം അവര്‍ ഉത്തരവാദിത്വം വഹിക്കുന്നതാണ്.



എന്നാല്‍ പൊതുമേഖലിയിലായാലും വേണ്ടില്ല, സ്വകാര്യമേഖലയിലായാലും വേണ്ടില്ല, ഫാക്ടറി നടത്തിപ്പിലും ഉല്‍പാദനത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും തൊഴിലാളികള്‍ക്ക് യഥാര്‍ത്ഥ പങ്കാളിത്തം നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറല്ല, അവര്‍ അതിന്ന് എതിരാണ്, ഓഫീസര്‍മാരുടെ അഴിമതികള്‍ തുറന്നുകാട്ടുകയും യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമതതന്നെ താറുമാറാക്കുന്ന ഗുണം കുറഞ്ഞ അസംസ്കൃത പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് കണ്ടുപിടിക്കുകയും ചെയ്യുന്ന തൊഴിലാളികള്‍ക്കു നേരെ മാനേജ്‌മെന്റ് പകപോക്കല്‍ നടപടികള്‍ കൈക്കൊള്ളുകയാണ് എന്നതാണ് നമ്മുടെ ഇതുവരെയുള്ള അനുഭവം. തൊഴിലുടമകളുടെ ലാഭം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി തൊഴിലാളികളെ കൂടുതല്‍ ചൂഷണം ചെയ്യുന്നതിനുള്ള ഒരുപാധി മാത്രമാണ് ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനുള്ള മാനേജ്‌മെന്റുകളുടെ ആഹ്വാനം. തൊഴിലാളികള്‍ സമൂഹത്തെ സേവിക്കാന്‍ തയ്യാറാണ്. എന്നാല്‍ ഗവണ്‍‌മെന്റും തൊഴിലുടമകളും ആവശ്യപ്പെടുന്നത്, തൊഴിലാളികള്‍ മുതലാളിമാരുടെ താല്‍പര്യങ്ങളെ സേവിക്കണമെന്നാണ്.

പണിമുടക്കുകളും ലോക്കൌട്ടുകളും



കഴിഞ്ഞ ജനറല്‍ കൌണ്‍സില്‍‌യോഗം കഴിഞ്ഞതില്‍ പിന്നീടുള്ള ഒരു വര്‍ഷക്കാലം, തൊഴിലുടമകളും ഗവണ്‍‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളുമായി ട്രേഡ് യൂണിയനുകള്‍ നടത്തിയ സംഘട്ടനങ്ങളുടെ കാലഘട്ടമാണ്. 1981 ആയപ്പോഴേക്ക് ഇന്ദിരാഗാന്ധി ഗവണ്‍‌മെന്റിന്റെ സ്വാധീനം ക്ഷയിച്ചു തുടങ്ങി, തൊഴിലാളിവര്‍ഗത്തിന്റെ പണിമുടക്കു സമരങ്ങള്‍ വര്‍ധിച്ചുവരാനും തുടങ്ങി.



1981-ല്‍ നഷ്ടപ്പെട്ട മനുഷ്യദിവസങ്ങള്‍ 250 ലക്ഷത്തില്‍പരമാണ്, 1980-ല്‍ നഷ്ടപ്പെട്ട മനുഷ്യദിവസങ്ങളെക്കാള്‍ 40 ലക്ഷം കൂടുതലാണിത്. അതേസമയം തന്നെ 1979-ലെ കണക്കായ 350 ലക്ഷത്തേക്കാള്‍ കുറവുമാണിത്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ നഷ്ടപ്പെട്ട മനുഷ്യദിവസങ്ങള്‍ 1981-ല്‍ തലേവര്‍ഷത്തെയപേക്ഷിച്ച് ഏതാണ്ട് ഇരട്ടിയായിരുന്നു. ഈ സമരങ്ങളില്‍ സി.ഐ.ടി.യു മുന്നണിയില്‍ത്തന്നെയുണ്ടായിരുന്നു വെന്നും മറ്റേതൊരു സംഘടനയെക്കാളും കൂടുതല്‍ സമരങ്ങള്‍ നടത്തിയത് ആ സംഘടന യാണെന്നും ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.



ഈയടുത്ത കാലത്തു നടത്തപ്പെട്ട സമരങ്ങളില്‍വച്ച് ഏറ്റവും അധികം നീണ്ടുനിന്നതും കടുത്തതുമായ സമരങ്ങള്‍ക്ക് 1981-ന്റെ അവസാനഘട്ടവും 1982-ന്റെ ആദ്യപകുതിയും സാക്ഷ്യം വഹിച്ചു.



ഈ സുദീര്‍ഘസമരങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്, ബോമ്പെ തുണിമില്‍ തൊഴിലാളികളുടെ 6 മാസം പിന്നിട്ട ഐതിഹാസികമായ സമരമാണ്. രാജസ്ഥാനിലെയും, യു.പി.യിലെയും ഗവണ്‍‌മെന്റ് ജീവനക്കാരും വിദ്യുച്ഛക്തി ജീവനക്കാരും സുദീര്‍ഘമായ സമരങ്ങള്‍ നടത്തുകയുണ്ടായി. ബോമ്പെയിലെ ഹിന്ദുസ്ഥാന്‍ ഫെറോഡോവിലെ തൊഴിലാളികളുടെ സമരവും പ്രസ്താവ്യമാണ്.



സാമ്പത്തിക പ്രതിസന്ധിയുടെയും മാന്ദ്യത്തിന്റെയും ഘട്ടത്തിലുള്ള ഈ പണിമുടക്കു സമരങ്ങള്‍ ഗവണ്‍‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളുടെ പശ്ചാത്തലത്തിലാണ് നടക്കുന്നത്. അവയോടൊപ്പം പലപ്പോഴും ലോക്കൌട്ടും നടക്കുന്നതുകൊണ്ട് അവ നീണ്ടു നീണ്ടു പോകുന്നു. പലപ്പോഴും അപ്രഖ്യാപിതങ്ങളായ ലോക്കൌട്ടുകളാണ്! മുതലാളിമാരുടെ പ്രത്യാക്രമണത്തിന്റെ മാര്‍ഗ്ഗം. ഒരു സമ്മര്‍ദ്ദ-മര്‍ദ്ദനായുധമായിട്ടാണതുപയോഗിക്കപ്പെടുന്നത്. പണിമുടക്കുകള്‍ കാരണവും ഔദ്യോഗികമായ ലോക്കൌട്ടുകള്‍ കാരണവും നഷ്ടപ്പെട്ട മനുഷ്യ ദിവസങ്ങളുടെ കണക്ക് താഴെ കൊടുക്കുന്നു. ഈ കണക്കുകള്‍ പ്രത്യേകം ശ്രദ്ധേയമാണ്.









നഷ്ടപ്പെട്ട മനുഷ്യ ദിവസങ്ങള്‍

കൊല്ലം പണിമുടക്കുകള്‍ കാരണം ലക്ഷത്തില്‍ (ലോക്കൌട്ടു കാരണം)

1978 124.23 129.17

1979 358.04 80.50

1980 120.18 99.07

1981 156.58 108.06



1979-ല്‍ ഒഴിച്ച് ബാക്കിയെല്ലാവര്‍ഷങ്ങളിലും, ആകെ നഷ്ടപ്പെട്ട മനുഷ്യ ദിവസങ്ങളില്‍ 40 ശതമാനമെങ്കിലും ലോക്കൌട്ടുകള്‍ മൂലം നഷ്ടപ്പെട്ടതാണ്. എന്നാല്‍ ഗവണ്‍‌മെന്റും അതിന്റെ വക്താക്കളും പണിമുടക്കുകൊണ്ടു നഷ്ടപ്പെട്ട മനുഷ്യ ദിവസങ്ങളെ കുറിച്ചു മാത്രമേ സംസാരിക്കാറുള്ളു. കഴിഞ്ഞ മൂന്നു കൊല്ലക്കാലമമായി ഔദ്യോഗികമായ ലോക്കൌട്ടുകള്‍ കൊണ്ട് നഷ്ടപ്പെട്ട മനുഷ്യ ദിവസങ്ങളുടെ ശതമാനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. തൊഴിലാളികളെ അടിയറവു പറയിക്കുന്നതിനുള്ള തൊഴിലുടമകളുടെ പ്രത്യാക്രമണ മാര്‍ഗ്ഗമാണിത്.



ലോക്കൌട്ട്‌വഴി തൊഴിലാളികള്‍ക്കു നേരെ കടന്നാക്രമണം നടത്തുന്നതിനെതിരെ സമരം ചെയ്യുന്നതിന് ട്രേഡ് യൂണിയന്‍ പ്രസ്ഥാനം വല്ല പുതിയ മാര്‍ഗ്ഗവും കണ്ടെത്തേണ്ടി യിരിക്കുന്നു. പശ്ചിമ ബംഗാളില്‍ 17 ചണമില്ലുകള്‍ ഇതിനകം തന്നെ അടച്ചിടപ്പെട്ടു കിടക്കുകയാണ്. പല മാര്‍ഗ്ഗങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് 65,000 ബദല്‍ തൊഴിലാളികളെ ജോലിയില്‍നിന്ന് പുറം??

By : NIL.

Trending News