loader

Breaking News

പണിമുടക്കുവാനുള്ള അവകാശത്തെ കാത്തുസൂക്ഷിക്കുക

Published On : 26 October 2017

രണ്ടു ബില്ലുകള്‍ അതായത് 1982 ലെ തൊഴില്‍ത്തര്‍ക്ക ഭേദഗതി ബില്ലും 1982 ലെ ട്രേഡ് യൂണിയന്‍സ് ഭേദഗതി ബില്ലും ലോകസഭയുടെ ഇക്കഴിഞ്ഞ ബഡ്ജറ്റ് സമ്മേളനത്തിന്റെ അവസാന ഘട്ടത്തില്‍ അവതരിപ്പിക്കുകയുണ്ടായി. മറ്റൊരുബില്ല്- ആശുപത്രികള്‍, മറ്റു സ്ഥാപനങ്ങള്‍ ഇവകളിലെ തൊഴില്‍ത്തര്‍ക്ക പരിഹാരബില്‍- രാജ്യസഭയുടെ ഇക്കഴിഞ്ഞ സമ്മേളത്തിന്റെ അവസാന ദിവസമായ മേയ് 6-ാം തീയതിയും അവതരിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സ് (ഐ) യുടെ പ്രീതിക്കുവേണ്ടി പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്ന ഡി.എം.കെ.യും എ.ഡി.എം.കെ.യും ഒഴിച്ചുള്ള മുഴുവന്‍ പ്രതിപക്ഷത്തിന്റെയും പ്രതിഷേധത്തെ നേരിട്ടുകൊണ്ടാണ് തൊഴില്‍ത്തര്‍ക്ക നിയമഭേദഗതി നിയമഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഐ.എന്‍.ടി.യു.സി.ഒഴിച്ചുള്ള തൊഴിലാളി സംഘടനകളുടെ രാജ്യവ്യാപകമായ എതിര്‍പ്പും, മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം അഞ്ചുലക്ഷത്തിലധികം തൊഴിലാളികള്‍ പാര്‍ലമെന്റിന്റെ മുമ്പില്‍ നടത്തിയ സംയുക്ത ബില്‍ വിരുദ്ധ പ്രകടനവും പ്രതിപക്ഷത്തിന്റെ മുമ്പില്‍ നടത്തിയ സംയുക്തബില്‍ വിരുദ്ധ പ്രകടനവും പ്രതിപക്ഷത്തിന്റെ ഒന്നടങ്കമുള്ള ശക്തിയായ എതിര്‍പ്പും നേരിട്ടുകൊണ്ടാണ് 1981 സെപ്തംബറില്‍ അത്യാവശ്യ സര്‍വ്വീസ് നിലനിര്‍ത്തല്‍ ബില്‍ (Essential Services Maintenance Bill) പാര്‍ല‌മെന്റില്‍ അടിയന്തിരമായി പാസ്സാക്കിയത്. സര്‍ക്കാരിന്റെ മുമ്പില്‍ മുട്ടുമടക്കാന്‍ തയ്യാറില്ലാത്ത തൊഴിലാളി സംഘടനകളുടെ പ്രവര്‍ത്തനങ്ങളാകെ നിശേഷം നിര്‍വീര്യമാക്കാനുള്ള ഉദ്ദേശത്തോടുകൂടി കൊണ്ടു വന്നിരിക്കുന്ന ഈ നാലു ബില്ലുകളും തൊഴിലാളി വര്‍ഗത്തിന്റെമേലുള്ള ഏറ്റവും രൂക്ഷമായ ആക്രമണമാണ്. ഗവണ്‍‌മെന്റിന്റെ നീചമായ ഉദ്ദേശലക്ഷ്യങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ ബില്ലുകളില്‍ ഉള്‍‌ക്കൊള്ളിച്ചിട്ടുള്ള വസ്തുക്കളുടെ യഥാര്‍ത്ഥ ചിത്രം കാണേണ്ടതുണ്ട്.

പുറകോട്ടുള്ള പോക്ക്

സംഘടനാ നിയമം (Combination Law) പാസ്സാക്കിയെടുത്ത നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള ഇംഗ്ലണ്ടിന്റെ കാലഘട്ടത്തിലേക്ക്, ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തെ ഈ ബില്ലുകളെല്ലാം കൂടി തള്ളിവിട്ടിരിക്കുന്നു. തൊഴിലാളികള്‍, ട്രേഡ് യുണിയനുകളുമായി സംഘടിക്കാന്‍ തുടങ്ങിയ ഘട്ടത്തില്‍, നിയമവിരുദ്ധമാക്കിക്കൊണ്ടും തൊഴിലാളികളുടെ സംഘടിക്കാനുള്ള ഏതു പരിശ്രമത്തേയും ക്രിമിനല്‍ കുറ്റമാക്കി തീര്‍ത്ത് വധശിക്ഷ വരെ വിധിക്കാനും കഴിയുന്ന തരത്തിലാണ് ഈ നിയമം (Combination Law) ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയത്. ദശാബ്ദങ്ങളോളം നീണ്ടുനിന്ന പോരാട്ടങ്ങളില്‍ കൂടിയാണ് ഇംഗ്ലണ്ടിലെ തൊഴിലാളിവര്‍ഗ്ഗം സംഘടനാ സ്വാതന്ത്ര്യം എന്ന അവകാശം നേടിയെടുത്തത്. ഈ സമരത്തില്‍ ഒട്ടനവധി തൊഴിലാളികള്‍ തൂക്കുമരത്തിലേറി.



ട്രേഡ് യൂണിയന്‍ ആക്ടിന്റെ പശ്ചാത്തലം

ബ്രിട്ടന്‍, ഫ്രാന്‍സ്, അമേരിക്കന്‍ ഐക്യനാടുകള്‍ തുടങ്ങിയ വ്യാവസായിക രാജ്യങ്ങളില്‍ ട്രേഡ്‌യൂണിയന്‍ ആക്ടുപോലുള്ള നിയമമോ, യൂണിയനുകള്‍ക്ക് രജിസ്ട്രേഷനോ ഇല്ല. ഇവിടങ്ങളില്‍ ട്രേഡ് യൂണിയന്‍ സന്നദ്ധ സംഘടനകള്‍ മാത്രമാണ്. ഒരുതരത്തിലും സര്‍ക്കാര്‍ ഇവയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാറില്ല.



ബക്കിങ്ങാം ആന്റ് കര്‍ണ്ണാട്ടിക് മില്‍ മാനേജ്‌മെന്റ് ഫയല്‍ ചെയ്തിരുന്ന ഒരു കേസ്സില്‍ 1921 ല്‍ മദ്രാസ് ഹൈക്കോടതി നല്‍കിയ കുപ്രസിദ്ധമായ ഒരു വിധിയെ തുടര്‍ന്നാണ് ഇന്ത്യയില്‍ ട്രേഡ്‌യൂണിയന്‍ ആക്ടിന്റെ ആവശ്യകത ഉണ്ടായത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തില്‍ ഈ മില്ലിലെ തൊഴിലാളികള്‍ ധീരോദാത്തമായ ഒരു പണിമുടക്ക് നടത്തുകയുണ്ടായി. മദ്രാസ് ലേബര്‍ യൂണിയന്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഈ സമരം നടന്നത്. തൊഴിലാളികളുടെ കാര്യത്തില്‍ അതീവ താല്പര്യം കാണിച്ചിരുന്ന മാന്യവ്യക്തികളായ ബി. ശിവറാവു, ബി.പി.വാഡിയ, വി. ചക്കരചെട്ടിയാര്‍, വി. കല്യാണസുന്ദര മുതലിയാര്‍ തുടങ്ങിയവരാണ് മദ്രാസ് ലേബര്‍ യൂണിയന്‍ എന്ന സംഘടന രൂപീകരിക്കുവാന്‍ മുന്‍‌കൈ എടുത്തത്. ഈ പണിമുടക്ക് ഒരു നീണ്ട സമരം ആയിരുന്നു. പക്ഷെ അവസാനം അതിനെ ആവര്‍ത്തിച്ചാവര്‍ത്തിച്ചിട്ടുള്ള വെടിവെപ്പുള്‍‌പ്പെടെയുള്ള ക്രൂരമായ മര്‍ദ്ദന നടപടികളില്‍ കൂടി അന്നത്തെ ബ്രിട്ടീഷ് ഗവണ്‍‌മെന്റ് അടിച്ചമര്‍ത്തി.



മുന്‍പറഞ്ഞ നേതാക്കള്‍‌ക്കെതിരായി മദ്രാസ് ഹൈക്കോടതിയില്‍ നഷ്ടപരിഹാരം ചോദിച്ചുകൊണ്ടുള്ള ഒരു കേസ്സ് മില്‍ മുതലാളി ഫയല്‍ ചെയ്യുകയുണ്ടായി. ഇതിനു കാരണമായി പറഞ്ഞിരുന്നത് ഈ നേതാക്കളാണ് പണിമുടക്കിന്റെ ഉത്തരാവാദികളെന്നും, പണിമുടക്ക് ഇല്ലായിരുന്നെങ്കില്‍ കമ്പനിക്ക് ലാഭം ഉണ്ടാക്കാന്‍ കഴിയുമായിരുന്നുമെന്നുമാണ്. കമ്പനിക്ക് ഉണ്ടാകുമായിരുന്ന ലാഭം പണിമുടക്കുമൂലം നഷ്ടപ്പെട്ടു. ഹൈക്കോടതി ഈ വാദം അംഗീകരിച്ച്, മില്‍ മുതലാളിക്ക് ഈ നേതാക്കന്മാര്‍ ലക്ഷക്കണക്കിനു രൂപ നഷ്ട പരിഹാരം നല്‍‌കേണ്ടതാണെന്ന് വിധി കല്പിക്കുകയുണ്ടായി.



ഈ കോടതിവിധിയുടെ ഫലമായി ഈ രാജ്യത്ത് ഒരു പണിമുടക്കു സമരവും സംഘടിപ്പിക്കുവാന്‍ വയ്യാ എന്ന സ്ഥിതിവിശേഷം ഉളവായി. ഇതിനെ തുടര്‍ന്ന് രാജ്യത്താകെ ഒരു വന്‍സമരം നടന്നു. ഈ സമരംമൂലവും അന്നത്തെ കേന്ദ്ര നിയമ നിര്‍മ്മാണസഭയില്‍ സ. എന്‍.എം.ജോഷിയെടുത്ത ശ്രമംമൂലമാണ്. 1926 ലെ ഇന്ത്യന്‍ ട്രേഡ്‌യൂണിയന്‍ ആക്ട് പാസ്സാക്കപ്പെട്ടത്. ഈ നിയമം മദ്രാസ് ഹൈക്കോടതിയുടെ വിധിമൂലമുളവായ ഫലങ്ങളെ അസാധുവാക്കുകയും തൊഴിലാളി വര്‍ഗ്ഗത്തിന് സംഘടിക്കുവാനും പണിമുടക്കുവാനുമുള്ള അവകാശം നല്കുകയുമുണ്ടായി.

പരിമിതികള്‍ ചുമത്തുവാനുള്ള പരിശ്രമങ്ങള്‍

പണിമുടക്കുവാനുള്ള അവകാശത്തിന്‍‌മേല്‍ ആദ്യത്തെ പരിമിതി ഏര്‍‌പ്പെടുത്തിയ കേന്ദ്ര നിയമ നിര്‍മ്മാണസഭയില്‍ ബോംബെമില്‍ മുതലാളിമാരുടെ നിയോജകമണ്ഡല പ്രതിനിധിയായിരുന്ന ശ്രീ. എച്ച്. പി. മോഡി, വേതനം നല്‍കല്‍ നിയമത്തിന് (Payment of Wages Act) അവതരിപ്പിച്ച ഭേദഗതി പാസാക്കിയെടുത്തു കൊണ്ടാണ്. 1934 ലാണ് അദ്ദേഹം ഈ ഭേദഗതി അവതരിപ്പിച്ചത്. ഫാക്ടറികളിലുള്ള തങ്ങളുടെ സേവന വ്യവസ്ഥകളുമായി ബന്ധപ്പെടാത്ത ഏതെങ്കിലും കാരണത്തിന്, ഒരു പൊതുധാരണയുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലും വിഭാഗം തൊഴിലാളികള്‍ ഫാക്ടറിയില്‍ ഹാജരാകുന്നതില്‍ നിന്നും വിട്ടുനിന്നാല്‍, അങ്ങനെയുള്ള തൊഴിലാളികള്‍ക്ക് ഏഴുദിവസം വരെയുള്ള കൂലി നഷ്ടപെടുന്നതാണെന്നുള്ള വ്യവസ്ഥകള്‍ നിര്‍‌ദ്ദേശിച്ചിട്ടുള്ളതായിരുന്നു ഈ ഭേദഗതി. ഈ ഭേദഗതി ബ്രിട്ടീഷ് ഗവണ്‍‌മെന്റ് വേഗത്തില്‍ സ്വീകരിക്കുകയും അത് ഒരു ഔദ്യോഗിക ബില്ലായി അവതരിപ്പിക്കുകയുമാണുണ്ടായത്. പക്ഷെ ഇന്നും “മോഡി”യുടെ ഭേദഗതി എന്നാണ് അറിയപ്പെടുന്നത്.



അന്ന് അലയടിച്ചുവന്നിരുന്ന സാമ്രാജ്യവിരുദ്ധ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും ഭാഗമായിവരാവുന്ന രാഷ്ട്രീയ പണിമുടക്കങ്ങളില്‍ നിന്നും ഇതര തൊഴിലാളികളോട് അനുഭാവം രേഖപ്പെടുത്തിക്കൊണ്ടുള്ള പണിമുടക്കുകളില്‍ നിന്നും തൊഴിലാളികളെ ഭയപ്പെടുത്തി പിന്‍തിരിപ്പിക്കാനുള്ള ഉദ്ദേശത്തോടുകൂടിയാണ് ആ ഭേദഗതി കൊണ്ടുവന്നത്. ബ്രിട്ടീഷ് ഭരണകാലത്തുപോലും കോണ്‍ഗ്രസ് പാര്‍ട്ടി ഇത്തരത്തിലൊരു നിയമത്തെ കേന്ദ്രനിയമ നിര്‍മ്മാണ സഭയില്‍ അംഗീകരിച്ചത് അര്‍ത്ഥവത്താണ്. സ്വതന്ത്ര്യലബ്ദിക്കുശേഷം നിലവില്‍ വന്ന കോണ്‍ഗ്രസ് ഗവണ്‍‌മെന്റുകള്‍ പണിമുടക്കാനുള്ള തൊഴിലാളികളുടെ അവകാശത്തിനുമേല്‍ ഒന്നിനുപിറകേ മറ്റൊന്നായി തുടരെത്തുടരെ പരിമിതികള്‍ ചുമത്തിക്കൊണ്ടിരിക്കുന്നു.



കോണ്‍ഗ്രസ് ഗവണ്‍‌മെന്റുകള്‍ കൊണ്ടുവന്നിട്ടുള്ള ഇത്തരത്തിലുള്ള നിയമങ്ങളില്‍ ആദ്യത്തേത് 1947 ലെ തൊഴില്‍ത്തര്‍ക്ക നിയമത്തിനുള്ള ഭേദഗതിയാണ്. ഇന്ത്യ സ്വതന്ത്രയായതിനു ശേഷം ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗത്തിന് കോണ്‍ഗ്രസ് ഗവണ്‍‌മെന്റ് നല്‍കിയ ആദ്യ സമ്മാനമാണിത്. ഈ ഭേദഗതി നിയമമാക്കപ്പെടുന്നതിനു മുമ്പ് തൊഴിലാളികള്‍ക്ക് ഏതവസരത്തിലും പണിമുടക്കിലേക്ക് നീങ്ങാന്‍ കഴിയുമായിരുന്നു. ഈ ഭേദഗതി നിയമം, ഏതു വ്യവസായത്തേയും ഒരു ഉപയോഗ സേവനമായി (Publicity Utility Service) പ്രഖ്യാപിക്കുവാനുള്ള അധികാരം ഗവണ്‍‌മെന്റിന് നല്‍കിയിരിക്കുന്നു. ഇപ്രകാരം ഏതെങ്കിലും വ്യവസായം പൊതുഉപയോഗ സേവനം (Publicity Utility Service) ആയി പ്രഖ്യാപിക്കപ്പെട്ടാല്‍ അത്തരം വ്യവസായങ്ങളിലെ തൊഴിലാളികള്‍ക്ക് പണിമുടക്കണമെങ്കില്‍ അതു തുടങ്ങുന്ന തീയതിക്കുമുമ്പുള്ള 6 ആഴ്ചകള്‍ക്കുള്ളില്‍ ഗവണ്‍‌മെന്റിനും തൊഴിലുടമകള്‍ക്കും പണിമുടക്കു നോട്ടീസ് നല്‍‌കേണ്ടതാണ്. അതുപോലെ തന്നെ നോട്ടീസ് നല്‍കി 14 ദിവസങ്ങള്‍ കഴിയാതെ പണിമുടക്കാനും പാടില്ല. മറ്റു നിയന്ത്രണങ്ങള്‍ക്കു പറമെയാണിത്, ഇത്തരം നിബന്ധനകളില്‍ ഏതെങ്കിലും ഒന്നു ലംഘിച്ചുകൊണ്ടുള്ള പണിമുടക്കങ്ങള്‍ നിയമവിരുദ്ധ പണിമുടക്കങ്ങളാണ്.





പ്രഖ്യാപിത ലക്ഷ്യങ്ങള്‍ വെറു ഒരു വഞ്ചന

ഈ ബില്ലുകളുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ അവകൊണ്ടുവരുന്നത് തൊഴിലാളികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നു പറയുന്നത് വെറുമൊരു തട്ടിപ്പുമാത്രമാണെന്നാണ് കഴിഞ്ഞ 35 വര്‍ഷത്തെ അനുഭവങ്ങള്‍ കാണിക്കുന്നത്.



അത്യാവശ്യ സേവനങ്ങള്‍ നിലനിര്‍ത്താന്‍ നിയമവും (Essential Services Maintenance Act) ഇപ്പോഴത്തെ ബില്ലുകളും വളരെ ശ്രദ്ധിച്ച് പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്നത്, കഴിഞ്ഞ കാലങ്ങളിലേതുപോലെ, ഈ ബില്ലുകളുടെയും പ്രഖ്യാപിത ലക്ഷ്യങ്ങള്‍ അനുമതിയും അംഗീകാരവും നേടിയെടുക്കാനുള്ള വെറും തട്ടിപ്പു മാത്രമെണെന്നാണ്, വാസ്തവത്തില്‍, ധീരോദാത്തമായ സമരങ്ങളില്‍ക്കൂടി ബ്രിട്ടീഷ് ഭരണാധികാരികളില്‍ നിന്നും തൊഴിലാളിവര്‍ഗം പിടിച്ചുപറ്റിയത് ഇന്നത്തെ ഇന്ദിരാ കോണ്‍ഗ്രസ് ഗവണ്‍‌മെന്റ് ഈ ബില്ലുകളില്‍കൂടി അവരില്‍നിന്നും തട്ടിപ്പറിച്ചെടുക്കാന്‍ ശ്രമിക്കുന്നു.



എന്തൊക്കെയാണ് തൊഴില്‍ത്തര്‍ക്ക ഭേദഗതി ബില്ലില്‍കൂടി കൊണ്ടുവന്നിരിക്കുന്നത്?

പ്രധാനമായും തൊഴില്‍ത്തര്‍‌ക്കങ്ങളുടെ ദ്രുതഗതിയിലുള്ള പരിഹാരം ഉറപ്പുവരുത്തുക. മറ്റുചില ഭേദഗതികള്‍ കൊണ്ടുവരുക ഇവയാണ് തൊഴില്‍ത്തര്‍ക്ക ഭേദഗതി ബില്ലിന്റെ ഉദ്ദേശലക്ഷ്യങ്ങളായി വിവരിച്ചിട്ടുള്ളതെങ്കിലും യഥാര്‍ത്ഥത്തില്‍ ആ ബില്ലിന്റെ ഫലം തൊഴില്‍ത്തര്‍ക്കങ്ങളുടെ പരിഹാരം ഇന്നുള്ളതിനെക്കാള്‍ കൂടുതല്‍ കാലയളവിലേക്ക് നീണ്ടുപോകുന്നതിനാണ് ഇടയാക്കുക ഈ ബില്ലില്‍ക്കൂടി പുതിയൊരദ്ധ്യായം II B തൊഴില്‍ത്തര്‍ക്കനിയമത്തില്‍ കൊണ്ടുവരാന്‍ പോകുന്നു. ഈ അദ്ധ്യായത്തിന്‍ കീഴിലുള്ള വകുപ്പുകളനുസരിച്ച് നൂറോ അതിലധികമോ തൊഴിലാളികളെ നിയമിക്കപ്പെട്ടിട്ടുള്ള വ്യവസായങ്ങളിലെ തൊഴിലുടമകള്‍ ഒരു സങ്കടപരിഹാര അധികാരിയെ (A Grivance Settlement Authority) നിയമിക്കേണ്ടതുണ്ട്. ഈ അധികാരി ഏതെങ്കിലും വ്യക്തികള്‍ എന്ന നിലയിലുള്ള തൊഴിലാളികളുമായി ബന്ധമുള്ള തര്‍ക്കങ്ങളെക്കുറിച്ച് പരിശോധിക്കുന്നതായിരിക്കും. ഇങ്ങനെ പരിശോധനയ്ക്ക് വിധേയമാകാത്ത അത്തരം തര്‍ക്കങ്ങളില്‍ ഗവണ്‍‌മെന്റ് ഇടപെടുന്നതല്ല.



ഇത്തരം അധികാരികളെ മാനേജുമെന്റ് നിയമിക്കുകയും അതുവഴി മാനേജുമെന്റിന്റെ ഒരു ജീവനക്കാരനായി മാറുകയും ചെയ്യുമ്പോള്‍, ഏതുതരത്തിലുള്ള നീതിയാണ് ഈ അധികാരികളില്‍ നിന്നും ലഭിക്കുവാന്‍ കഴിയുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളു.



ഗവണ്‍‌മെന്റിന് ആവശ്യം പരിപൂര്‍ണ്ണ അധികാരമാണ്

സങ്കടപരിഹാര അധികാരിയുടെ ഇത്തരത്തിലുള്ള പരിശോധനാ നടപടികള്‍ക്കു ശേഷം മാത്രമേ മുന്‍സൂചിപ്പിച്ച തരത്തിലുള്ള തര്‍ക്കങ്ങളില്‍ ഗവണ്‍‌മെന്റ് ഇടപെടണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കുകയുള്ളു.



തൊഴില്‍ത്തര്‍ക്ക നിയമത്തിന്റെ നിലവിലുള്ള വ്യവസസ്ഥകള്‍ പ്രകാരം തന്നെ ഗവണ്‍‌മെന്റ് ഒരു തൊഴില്‍ത്തര്‍ക്കം അനുരഞ്ജനത്തിനോ പിന്നീട് അഡ്‌ജൂഡിക്കേഷനോ വിട്ടിരിക്കെ, അവയുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാത്തിട ത്തോളം കാലം പണിമുടക്കങ്ങള്‍ നിയമവിരുദ്ധമാണ്. ഇപ്പോള്‍ ഈ നടപടിക്രമങ്ങള്‍ മാസങ്ങളോളം നിണ്ടുപോകാന്‍ കഴിയുന്നതാണ്. ഇത്തരം നടപടിക്രമങ്ങള്‍ പര്യവസാനിപ്പിക്കുന്നതിനുള്ള ഒരു സമയപരിധിയും ബില്ലില്‍ നിര്‍‌ദ്ദേശിച്ചിട്ടില്ല. എന്നാല്‍ ബ്ലില്ലില്‍ പറയുന്നത് ഒരു തര്‍ക്കം ട്രിബ്യൂണലിനോ ലേബര്‍ കോടതിക്കോ വിടുമ്പോള്‍ തന്നെ അവയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുവാനുള്ള സമയ പരിധി നിര്‍‌ദ്ദേശിക്കുന്നതായിരിക്കുമെന്നാണ്. എന്നാല്‍ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്ന വകുപ്പിന്റെ ഒഴിവായി നിര്‍‌ദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകള്‍ പ്രകാരം, കക്ഷികള്‍ കൂട്ടായോ തനിച്ചോ സമീപിച്ചാല്‍ ട്രിബ്യൂണലിനോ ലേബര്‍‌കോടതിക്കോ ഇത്തരം സമയപരിധി അവര്‍ക്കു യുക്തമെന്നു തോന്നുന്ന കാലയളവിലേക്ക്, നീട്ടുന്നതിനുള്ള കാരണങ്ങള്‍ രേഖപ്പെടുത്തിയ ശേഷം വീട്ടാവുന്നതാണ്. പ്രധാന വകുപ്പിന്റെ ഒഴിവായി നിര്‍‌ദ്ദേശിച്ചിട്ടുള്ള പ്രസ്തുത വ്യവസ്ഥകള്‍ മാനേജുമെന്റുകള്‍ തൊഴിലാളികള്‍ക്ക് ഏറ്റവും അസൌകര്യമുണ്ടാകത്തക്കവണ്ണം ഉപയോഗിക്കുമെന്നും, നടപടി ക്രമങ്ങളാകെ അനിശ്ചിത കാലത്തേക്ക് നീണ്ടുപോകാനിടയാകുമെന്നും നമുക്കറിയാം. നീണ്ടു നീണ്ടു പോകുന്ന നടപടിക്രമങ്ങള്‍ നിലവിലിരിക്കുന്ന കാലത്തോളം തൊഴിലാളികള്‍ക്ക് പണിമുടക്കാന്‍ കഴിയുന്നതല്ല. അവരുടെ കയ്യും കാലും കെട്ടിവരിഞ്ഞിരിക്കും.



ബില്ലില്‍ ഉള്‍‌പ്പെടുത്തിയിട്ടുള്ള ഒരു പുതിയവകുപ്പ് ഇപ്രകാരമാണ്. ഏതെങ്കിലും വ്യവസായ സ്ഥാപനത്തിലോ, മറ്റു സമാന സ്ഥാപനങ്ങളിലോ അവയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ വ്യവസായത്തര്‍ക്കങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനുള്ള വ്യവസ്ഥകള്‍ നിലവിലുണ്ടെന്ന് അവയുടെ മേല്‍ നിയന്ത്രണാധികാരമുള്ള ഗവണ്‍‌മെന്റിനു ബോദ്ധ്യമുണ്ടെങ്കില്‍‌ അത്തരം സ്ഥാപനങ്ങളെ ഈ നിയമത്തിന്റെ വകുപ്പുകളില്‍നിന്നു ഗസറ്റുവിജ്ഞാപനം മൂലം ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഗവണ്‍‌മെന്റിന് അധികാരമുണ്ടായിരിക്കുന്നതാണ്.



ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍

ഈ വകുപ്പ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കും ഈ വകുപ്പിന്റെ ലളിതമായ അര്‍ത്ഥം. ഏതെങ്കിലും സംസ്ഥാന ഗവണ്‍‌മെന്റിനോ കേന്ദ്രഗവണ്‍‌മെന്റിനോ ആ ഗവണ്‍‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ഫാക്ടറികളിലോ മറ്റു സ്ഥാപനങ്ങളിലോ ആ ഗവണ്‍‌മെന്റു സൃഷ്ടിച്ചിട്ടുള്ള സേവനവ്യവസ്ഥകള്‍ അനുസരിച്ച് തൊഴില്‍ത്തര്‍ക്കം പരിഹരിക്കാന്‍ തൃപ്തികരമായ വ്യവസ്ഥയുണ്ടെന്ന് തോന്നിയാല്‍ ഏരപക്ഷീയമായി ആ സ്ഥാപനങ്ങളെ നിയമത്തിന്റെ ചിലവകുപ്പുകളില്‍ നിന്നോ നിയമത്തില്‍ നിന്നു തന്നെയോ ഒഴിവാക്കാമെന്നാണ്. പണിമുടക്കു നിരോധിക്കാനുള്ള വ്യവസ്ഥയോ ഒരു ട്രൈബ്യൂണല്‍ അവാര്‍ഡോ നിലനിര്‍ത്താന്‍ ഗവണ്‍‌മെന്റിനു തീരുമാനിക്കാം. എന്നു വച്ചാല്‍ മാനേജുമെന്റ് നിശ്ചയിക്കുന്ന ആളിന്റെ തീര്‍പ്പ് ഇത്തരം സ്ഥാപനങ്ങളിലെ ഏതുതര്‍ക്കത്തിന്റെയും അവസാനമദ്ധ്യസ്ഥ തീരുമാനമായി മാറ്റാന്‍ ഗവണ്‍‌മെന്റിനു കഴിയും ഏതു പണിമുടക്കും നിയമവിരുദ്ധമാക്കാം. അതായത് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും പണിമുടക്കു നിയമവിരുദ്ധമാക്കാനുള്ള ഒരു വളഞ്ഞവഴിയാണിത്.

തൊഴില്‍ രംഗത്തെ അനാശാസ്യ. നടപടികള്‍ (Unfair Labour Practices)



അതുപോലെതന്നെ പുതിയ നിയമത്തില്‍ തൊഴില്‍രംഗത്തെ അനാശാസ്യ നടപടികളെ (Unfair Labour Practices) ഒരദ്ധ്യായം-അദ്ധ്യായം V (C) കൂട്ടിച്ചേര്‍ക്കുന്നു. ഈ നടപടികളെ ഒരു പട്ടികയില്‍ വിവരിച്ചിട്ടുണ്ട്. തൊഴിലാളിയേയും തൊഴിലുടമയേയും ഒരേപോലെ കാണുന്നു എന്നു വരുത്താന്‍ ഇരുകൂട്ടരുടേയും അനാശാസ്യ നടപടികളെ പ്രത്യേകം നിര്‍വചിച്ചിരിക്കുകയാണ്.



തൊഴിലുടമകള്‍ രക്ഷപ്പെടും

ഉദാഹരണത്തിന് തൊഴിലുടമകളുടെ ഭാഗത്തെ അനാശാസ്യ നടപടികള്‍ എന്തെല്ലാമെന്നു പരിശോധിക്കുക. അവയില്‍ ചിലത് താഴെപറയുന്നവയാണ്.



1.യൂണിയനില്‍ ചേര്‍ന്നാല്‍ ജോലിയില്‍നിന്നു പിരിച്ചുവിടുമെന്നു തൊഴിലാളിയെ ഭീഷണിപ്പെടുത്തുക ഏതെങ്കിലും തൊഴിലുടമ നേരിട്ടിതു ചെയ്യുമോ? പിന്നെ എങ്ങനെയാണു ചെയ്യുക? ഏതെങ്കിലും ഒരു വാടക ഗുണ്ടയെ രംഗത്തിറക്കുക, അവനിലൂടെ സമ്മര്‍ദ്ദം ചെലുത്തുക ഇങ്ങനെ ഏതെങ്കിലും ഒരുവന്‍ ഭീഷണിപ്പെടുത്തി എന്നു തെളിയിക്കാന്‍ കഴിഞ്ഞാലും ഒരു കോടതിയുടെ മുമ്പില്‍ അതു മുതലാളി ഭീഷണിപ്പെടുത്തിയതാണെന്നു തെളിയിക്കാന്‍ കഴിയുകയില്ല.

2.പട്ടികയിലെ രണ്ടാമത്തെ ഇനം നോക്കുക (2) a) തന്റെ തൊഴിലാളികളുടെ ഒരു ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ ഒരു മുതലാളി സജീവതാല്പര്യം കാണിക്കുക (b) പല യൂണിയനുകളില്‍ ഒന്നിന് പ്രത്യേക ആനുകൂല്യം ഒരു മുതലാളി നല്‍കുക.

3.മുതലാളി മുന്‍‌കൈ എടുത്തു ട്രേഡു യൂണിയന്‍ സംഘടിപ്പിക്കുക, ഏതെങ്കിലും മുതലാളി ഇങ്ങനെ വല്ലതും പരസ്യമായി ചെയ്യുമോ, മുതലാളി ഈ ജോലി ചെയ്യാന്‍ പറ്റിയ ആരെയെങ്കിലും കണ്ടുപിടിച്ച് ഏല്പിക്കുകയും ആ യൂണിയന്‍ രൂപീകരിക്കുന്ന കാര്യത്തില്‍ തനിക്കു യാതൊരു പങ്കുമില്ലെന്നു വാദിക്കുകയും ചെയ്യും.

4.തൊളിലാളിയോടു വിവേചനാപരമായി പെറുമാറി ഏതെങ്കിലും ട്രേഡ് യൂണിയന്‍‌ അംഗമാകാന്‍ പ്രോത്സാഹിപ്പിക്കുകയോ, അംഗമാകാതിരിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുക, ഇത്തരം വിവേചനം ഏതെങ്കിലും കോടതിയില്‍ തെളിയിക്കാന്‍‌ കഴിയുമോ? വിവേചനാപരമായി പ്രൊമോഷനോ മറ്റ് ആനുകൂല്യമോ നല്‍കിയാല്‍ അത് യോഗ്യതകള്‍ നിഷ്കൃഷ്ടമായി വിലയിരുത്തി നല്‍കിയതാണെന്നു മറ്റു യാതൊരു പരിഗണനവും അതിന്റെ പിന്നിലില്ലെന്നു മുതലാളി വാദിക്കും.

5.(a) ശിക്ഷണനടപിയെന്ന നിലക്ക്

(b) തൊഴിലുടമയുടെ അധികാരങ്ങള്‍ ദുരുപയോഗപ്പെടുത്തി ഉത്തമവിശ്വാസത്തോടെയല്ലാതെ.

(c) കള്ള‌ത്തൊഴിലാളികളുടെയോ കെട്ടിച്ചമച്ച തെളിവുകളുടേയോ അടിസ്ഥാനത്തില്‍ ക്രിത്രിമമായി ക്രിമിനല്‍ കേസില്‍ കുടുക്കിയിട്ട്.



തൊഴിലാളികെ പിരിച്ചുവിടല്‍

തൊഴിലാളിയെ താന്‍ നേരിട്ടു കള്ളത്തെളിവുകളുണ്ടാക്കി കള്ളക്കേസില്‍പെടുത്താന്‍ വിഡ്ഢികളല്ല മുതലാളിമാര്‍.

പണിമുടക്കു പൊളിക്കാനുള്ള നടപടി എന്ന നിലക്ക്



തൊഴിലാളികള്‍ ചെയ്യുന്ന സ്ഥിരസ്വഭാവമുള്ള ജോലികള്‍ നിര്‍ത്തിവച്ചിട്ട് അവ കോണ്‍ട്രാക്ടര്‍മാര്‍ക്കു കൊടുക്കുക (അടിവര ചേര്‍ത്തത്)



സ്ഥിര സ്വഭാവമുള്ള ജോലി നിര്‍ത്താലാക്കുന്നെങ്കില്‍ ഏതു മുതലാളിയായാലും അതു പടിപടിയായിട്ട് ചെയ്യും. സ്ഥിരം തൊഴിലാളികളുടെ ഇടയില്‍ അസംതൃപ്തി ഉണ്ടെന്നുകണ്ടാല്‍ ജോലി കോണ്‍ട്രാക്ടര്‍ക്ക് ഏല്‍പിച്ചു കൊടുക്കുന്നത്. പണിമുടക്കു പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പായിരിക്കും. പണിമുടക്കു പൊളിക്കാനുള്ള നടപടിയാണോ അതെന്ന ചോദ്യമേ ഉദിക്കുകയില്ല.



ബാക്കിയുള്ളവയും ഇതേ സ്വഭാവത്തിലുള്ളവയാണ്. പട്ടികയിലുള്ള ഒരൊറ്റ അനാശാസ്യ നടപടിയും ഒരു കോടതിയിലും തെളിയിക്കാന്‍ കഴിയില്ല.



മാത്രമല്ലാ, മുതലാളിയുടെ അനാശാസ്യ നടപടിയ്ക്കെതിരെ കോടതിയില്‍ പോകാന്‍ ട്രേഡ്‌യൂണിയനു യാതൊരവകാശവുമില്ല, നടപടി എടുക്കേണ്ടതു ഗവണ്‍‌മെന്റാണ്, കണ്ണില്‍ പൊടിയിടാനുള്ള വെറും ജാടയാണിതെല്ലാം.



തൊഴിലാളികള്‍ ശിക്ഷിക്കപ്പെടും

എന്നാല്‍ തൊഴിലാളികളുടെയും ട്രേഡുയൂണിയനുകളുടെയും ഭാഗത്തുനിന്നുണ്ടാ വുന്ന അനാശാസ്യ നടപടികള്‍ മറ്റൊരുവിധത്തിലാണ്. ഒന്നാമത്തെ ഇനം തന്നെ പണിമുടക്കാണ്. 1 പുതിയ ആക്ടനുസരിച്ച് നിയമവിരുദ്ധമെന്നു പ്രഖ്യാപിക്കപ്പെട്ട ഏതെങ്കിലും പണിമുടക്കിന് പ്രേരിപ്പിക്കുക, പണിമുടക്കിനെ പിന്താങ്ങുക, അവശ്യ സര്‍വ്വീസ് സംരക്ഷണ നിയമമനുസരിച്ച് ഏതു വ്യവസായത്തിലെ പണിമുടക്കും ഫലത്തില്‍ നിയമവിരുദ്ധമാക്കാമെന്ന് ഇന്ന് പരക്കെ അറിയാം. അതുകൊണ്ട് അത്തരം ഏതു വ്യവസായത്തില്‍ പണിമുടക്കു സംഘടിപ്പിക്കുന്ന യൂണിയനും ചെയ്യുന്നത് തനിയെ അനാശാസ്യനടപടിയായിത്തീരും.



നിയമവിരുദ്ധമെന്നു പ്രഖ്യാപിക്കപ്പെട്ട പണിമുടക്കുകള്‍ തികച്ചും നീതീകരിക്കത്തക്കവയാണെന്നു പല കേസുകളിലും സുപ്രീംകോടതി പോലും വിധിച്ചിട്ടുണ്ട്. അത്തരം പണിമുടക്കുകളില്‍ തൊഴിലാളികള്‍ക്കു മുഴുവന്‍ വേതനവും നല്‍കാന്‍ നിര്‍‌ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് ന്യായമായ പണിമുടക്കുകളെ ഗുരുതരമായി ഭവിഷ്യത്തുകളോടെ നിരോധിക്കാന്‍ കഴിയും.



രണ്ടാമത്തെ ഇനമെടുക്കുക

പണിമുടക്കാത്ത തൊഴിലാളികളെ പണിസ്ഥലത്തു കടക്കുന്നതില്‍ നിന്നും ശാരീരികമായി തടയത്തക്കവിധം ഏതെങ്കിലും ട്രേഡൂ യൂണിയനോ അതിന്റെ പ്രവര്‍ത്തകരോ പിക്കറ്റുചെയ്യുക. പോലീസുകാരെ സ്വാധീനിച്ചും മാനജുമെന്റുദ്യോഗസ്ഥന്‍മാരിലൂടെയും എന്തിന് പ്രലോഭിതരായി തൊഴിലാളികളില്‍ നിന്നുതന്നെ തങ്ങളെ ബലം പ്രയോഗിച്ചു ശാരീരികമായി തടഞ്ഞുകൊണ്ടാണു ഫാക്ടറികളില്‍ വരാതിരുന്നത് എന്ന മൊഴികള്‍ എത്രവേണമെങ്കിലും ഉണ്ടാക്കാന്‍ മുതലാളിമാര്‍ക്കുകഴിയും.



ഇനം 5

മനപ്പൂര്‍വ്വമായ മെല്ലപ്പോക്കു ജോലിസമയം കഴിഞ്ഞ് ജോലിസ്ഥലത്തു കുത്തിയിരിക്കല്‍, മാനേജുമെന്റുദ്യോഗസ്ഥന്‍‌മാരേയോ അവരുടെ സ്റ്റാഫിനേയോ ഘേരാവോ ചെയ്യല്‍ തുടങ്ങിയവക്കു പ്രേരിപ്പിക്കയോ, സമ്മര്‍ദ്ദം ചെലുത്തുകയോ അവയില്‍ പങ്കെടുക്കുകയോ ചെയ്യുക.



ഇനം 6

മുതലാളിയുടെയോ മാനേജു‌മെന്റുദ്യോഗസ്ഥന്മാരുടെയോ താമസസ്ഥലത്ത് പ്രകടനങ്ങള്‍ നടത്തുക.



വിശദീകരണം ആവശ്യമില്ലല്ലോ, ഇതെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രമാണ്. മറ്റ് ഇനങ്ങളും ഇതേതരത്തില്‍‌പ്പെട്ടവയാണ്. ഈ കുറ്റങ്ങള്‍ക്ക് ട്രേഡുയൂണിയനുകള്‍ ശിക്ഷിക്കപ്പെടുകയും രജിസ്ട്രേഷന്‍ റദ്ദാക്കുകയും മാത്രമല്ല, യൂണിയന്‍ നേതാക്കന്മാര്‍ അതായത് ഔദ്യോഗിക ഭാരവാഹികളും കമ്മിറ്റി മെമ്പറന്മാരും ഈ ബില്ലനുസരിച്ച് തങ്ങളുടെ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യപ്പെടുകയും ആറുമാസത്തേക്കു തടവിലാക്കപ്പെടുകയും ചെയ്യും. ഈ നിയമപ്രകാരം ഒരു കുറ്റംചെയ്ത ആള്‍ ജീവിതത്തിലൊരിക്കലും രാജ്യത്തൊരിടത്തും ഒരു യൂണിയന്റെയും ഭാരവാഹിയാവാന്‍ പാടില്ല. ചുരുക്കത്തില്‍, ഉശിരന്‍ ട്രേഡുയൂണിയനുകളെ ശിരച്ഛേദം ചെയ്യാനാണ് ഈ ബില്ലുകൊണ്ടുദ്ദേശിക്കുന്നത്. ഒരു ട്രിബ്യൂണല്‍ തിരിച്ചെടുക്കാനുത്തരവിട്ട തൊഴിലാളിക്കെതിരെ മുതലാളി ഹൈക്കോടതിയിലോ സുപ്രിം കോടതിയിലോ അപ്പീല്‍ പോവുകയും ട്രിബ്യൂണല്‍ വിധിയിന്മേല്‍ സ്റ്റേ നേടുകയും ചെയ്താല്‍ അപ്പീല്‍ വിധിയാവുന്നതുവരെ മുതലാളി തൊഴിലാളിക്കു മുഴുവന്‍ വേതനവും നല്‍കണമെന്നു നിര്‍‌ദ്ദേശിക്കുന്നതാണ് ഈ ബില്ലിലാകെയുള്ള ഒരു നല്ലവശം, പക്ഷേ, സമരവീര്യമുള്ള മുഴുവന്‍ ട്രേഡുയൂണിയനുകളും നിയമ വിരുദ്ധമാക്കപ്പെടുകയും ഉശിരന്‍ നേതാക്കന്മാര്‍ക്കവയെ നയിക്കാന്‍ കഴിയാതാക്കുകയും ചെയ്തതിനു ശേഷം ഈ വകുപ്പു കൊണ്ടെന്തു പ്രയോജനം? അതേ ഈ വകുപ്പുകൊണ്ട് തൊഴിലാളികള്‍ക്ക് യാതൊരു പ്രയോജനവുമുണ്ടാവുകയില്ലെന്ന് ഗവണ്‍‌മെന്റിനു പൂര്‍ണ്ണ ബോധ്യമാണ്. മറിച്ച്, മുതലാളിക്കു പാദസേവ ചെയ്യുന്ന യൂണിയനുകള്‍ക്കു ഉശിരന്‍ തൊഴിലാളികളെ ഒഴിവാക്കി കിട്ടുന്നതിനും ഈ വകുപ്പു പ്രയോജനപ്പെടുത്താം. അത്തരം യൂണിയനുകള്‍ ഇപ്രകാരമുള്ള ശിക്ഷണ നടപടികള്‍ കൈകാര്യം ചെയ്യുമെന്നു പ്രതീക്ഷിക്കേണ്ടതില്ല.



ട്രേഡുയൂണിയന്‍ (ഭേദഗതി) ബില്‍ യഥാര്‍ത്ഥത്തില്‍ കാഴ്ചവയ്ക്കുന്നതെന്ത്?

ട്രേഡുയൂണിയന്‍ (ഭേദഗതി) ബില്ല് അതിന്റെ മുഖ്യ ലക്ഷ്യമായി പ്രഖ്യാപിക്കുന്നത് യൂണിയനുകളുടെ ബാഹുല്യത്തെ നിരുത്സാഹപ്പെടുത്തുകയെന്നതാണ്. അന്നോളം യോജിച്ചു നിന്നിരുന്ന ട്രേഡുയൂണിയന്‍ പ്രസ്ഥാനത്തെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ അനുഗ്രഹാശ്ശിസുകളോടെ ഭിന്നിപ്പിച്ച് ഒരു കേന്ദ്ര ട്രേഡുയൂണിയന്‍ അതായത് ഐ.എന്‍.ടി.യു.സി.സംഘടിപ്പിച്ചത് കോണ്‍ഗ്രസാണ്, ഇക്കാലമത്രയും ഭരണാധികാരം ദുരുപയോഗപ്പെടുത്തി ഐ.എന്‍.ടി.യു.സി.യെ പ്രോത്സാഹിപ്പിച്ചു യൂണിയനുകളെ ഭിന്നിപ്പിച്ചു കൊണ്ടേയിരിക്കുന്നതു കോണ്‍ഗ്രസ്സാണ്. ഈ ഒറ്റക്കാര്യം മറക്കാതിരുന്നാല്‍ ഇന്ന് തൊഴിലാളിവര്‍ഗത്തിന്റെ അര്‍ത്ഥം മനസ്സിലാവും. വസ്തുതയെന്തെന്നാല്‍, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി യോജിച്ച സമരങ്ങളിലൂടെ ട്രേഡുയൂണിയനുകള്‍ കൂടുതല്‍ അടുക്കുകയാണ്, ഈ പ്രക്രിയ തുടര്‍ന്നാല്‍ തൊഴിലാളിവര്‍ഗ്ഗം കൂടുതല്‍ കുടുതല്‍ യോജിക്കും. ഈ ഐക്യത്തിന്റെ അടിസ്ഥാനം ഗവണ്‍‌മെന്റിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍‌ക്കെതിരെയുള്ള യോജിച്ച സമരമാണ്. ഈ ഐക്യത്തെയാണു ഗവണ്‍‌മെന്റ് ഭയപ്പെടുന്നത്. അതിനെ തകര്‍ക്കാനാണു യൂണിയനുകളുടെ ബാഹുല്യത്തിന്റെ പേരുപറഞ്ഞുള്ള ഈ ആക്രമണം.



യൂണിയനുകളുടെ അംഗീകാരം വെരിഫിക്കേഷനിലൂടെ മാത്രം

ലേബര്‍ കമ്മീഷണറോ ഗവണ്‍‌‌മെന്റ് നിശ്ചയിക്കുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ നടത്തുന്ന മെമ്പര്‍ഷിപ്പു വെരിഫിക്കേഷനിലൂടെയാണു ട്രേഡ് യൂണിയന് അംഗീകാരം നല്‍കുക. വെരിഫിക്കേഷന്‍ നടത്തുന്ന ഉദ്യോഗസ്ഥന്മാര്‍ ഗവണ്‍‌മെന്റിന്റെ താളത്തിനു തുള്ളുകയേ ഉള്ളുവെന്ന് അനുഭവം തെളിയിച്ചിട്ടുണ്ട്. മാത്രമല്ല, മാനേജുമെന്റിന്റെ സഹായത്തോടെ പല യൂണിയനുകളും അംഗത്വം പെരുപ്പിച്ചു കാണിക്കാന്‍ കഴിയാറുമുണ്ട്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഐ.എന്‍‌.ടി.യു.സി യൂണിയനുകള്‍ അംഗീകാരം നേടിയെടുത്തിട്ടുള്ളത് ഈ അടിസ്ഥാനത്തിലാണ്.



എങ്കിലും എവിടെയെല്ലാം ഒരു സ്ഥാപനത്തിലെ എല്ലാ തൊഴിലാളികളുടെയും രഹസ്യ വോട്ടിങ്ങില്‍ കൂടിയുള്ള പ്രാതിനിദ്ധ്യ സമ്പ്രദായം ഏര്‍‌പ്പെടുത്തുകയും സര്‍ക്കാറുദ്യോഗസ്ഥന്മാര്‍ തന്നെ അതു പരിശോധിക്കുകയും ചെയ്തിട്ടുകൂടി അവിടെയെല്ലാം ഐ.എന്‍.ടി.യു.സി. യൂണിയനുകളുടെ അവകാശവാദവും അതിന്റെ അടിസ്ഥാനത്തിലുള്ള അംഗീകാരവും വെറുമൊരു തട്ടിപ്പാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. രഹസ്യവോട്ടിങ്ങില്‍ കൂടിയുള്ള ഫലങ്ങള്‍ കാണിക്കുന്നത് ഐ.എന്‍.ടി.യു.സി. അല്ലാതെ മറ്റേതെങ്കിലും യൂണിയനാണ് തൊഴിലാളികളുടെ കൂടുതല്‍ പ്രാതിനിദ്ധ്യമുള്ളതെന്നാണ്.



രഹസ്യവോട്ടിങ്ങ് സമ്പ്രദായത്തെ ഭയപ്പെടുന്നു!

ഈ ഒരു ചുറ്റുപാടിലാണ് ഐ.എന്‍.ടി.യു.സി.ഒഴിച്ചുള്ള കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളെല്ലാം യൂണിയന്റെ പ്രാതിനിദ്ധ്യസ്വഭാവം രഹസ്യവോട്ടിങ്ങില്‍ കൂടിയായിരിക്കണം തീരുമാനിക്കേണ്ടതെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടി രിക്കുന്നത്. എന്നാല്‍ ഐ.എന്‍.ടി.യു.സി. ആകട്ടെ രഹസ്യ വോട്ടിങ്ങ് സമ്പ്രദായത്തെ ഭയപ്പെടുന്നു.



മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഐ യ്ക്ക് അധികാരം നഷ്ട‌പ്പെട്ടിരുന്ന ജനതാ ഭരണകാലത്ത് രഹസ്യ വോട്ടിങ്ങ് സമ്പ്രദായം ഏര്‍‌പ്പെടുത്തുന്നതിനെ തങ്ങള്‍ എതിര്‍ക്കുകയില്ലെന്ന് ഐ.എന്‍.ടി.യു.സി.ക്കാര്‍ പരസ്യമായി പറഞ്ഞു നടന്നിരുന്നു. എന്നാല്‍ ഇന്ന് കോണ്‍ഗ്രസ് ഐ അധികാരത്തില്‍ തിരിച്ചുവന്നിരിക്കുന്ന സാഹചര്യത്തില്‍ ഐ.എന്‍.ടി.യു.സി.ക്കാര്‍ അവരുടെ സ്വരം മാറ്റി, രഹസ്യ വോട്ടിങ്ങ് സമ്പ്രദായത്തെ എതിര്‍ക്കുക എന്ന അവരുടെ പഴയ നിലപാടിലേക്ക് തിരിച്ചുപോയിരിക്കുന്നു.



യഥാര്‍ത്ഥത്തില്‍ തൊഴിലാളികളെ പ്രതിനിധീകരിക്കാത്തതും എന്നാല്‍ പ്രാതിനിധ്യസ്വഭാവമുള്ള യൂണിയനെന്ന് ഗവണ്‍‌മെന്റ് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതുമായ യൂണിയനുകളുമായി കരാറില്‍ ഒപ്പുവയ്ക്കുന്നതിന്റെ പ്രയോജനമില്ലായ്മ നിരവധി പ്രബുദ്ധരായ തൊഴിലുടമകള്‍ക്ക് ബോദ്ധ്യം വന്നിട്ടുണ്ട്. ഈ അടുത്തയിടെ വന്‍കിട മുതലാളിമാരില്‍ ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ശ്രീ. നേവല്‍ടാറ്റാ തന്നെ രഹസ്യവോട്ടിങ്ങ് സമ്പ്രദായത്തിന് ശക്തമായ പിന്തുണ നല്‍കികൊണ്ടുള്ള പരസ്യമായ ഒരു നിലപാട് സ്വീകരിച്ചിരിക്കുന്നു. തൊഴിലാളികളുടെ യഥാര്‍ത്ഥ പ്രാതിനിദ്ധ്യമില്ലാത്ത യൂണിയനുകള്‍ക്ക് വ്യവസായസമാധാനം ഉറപ്പുവരുത്താന്‍ കഴിയുകയില്ലെന്നും അനുഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതുപോലെ തന്നെ കഴിഞ്ഞ അഞ്ച് വര്‍ഷമായി ആന്ധ്രാ സംസ്ഥാന ഗവണ്‍‌മെന്റ് സ്വീകരിച്ചിരിക്കുന്നത്. ഈ രഹസ്യവോട്ടിങ്ങ് സമ്പ്രദായമാണ്. ജനതാഭരണകാലത്ത് ഭാരത്‌ഹെവി ഇലക്ട്രിക്കല്‍സ്, ഹിന്ദുസ്ഥാന്‍ ഫോട്ടോ ഫിലിംസ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഈ രഹസ്യവോട്ടിങ്ങ് സമ്പ്രദായം സ്വീകരിക്കുകയും അത് നല്ല ഫലങ്ങള്‍ ഉളവാക്കുകയും ചെയ്തിട്ടുണ്ട്.



ഈ തട്ടിപ്പ് അവസാനിപ്പിക്കുക

പരിശോധനാ സമ്പ്രദായംമൂലം യൂണിയനുകള്‍ക്ക് അംഗീകാരം കൊടുക്കുന്നതിനുള്ള തട്ടിപ്പിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ അഞ്ചുമാസങ്ങളോളമായി നടന്നുകൊണ്ടിരിക്കുന്ന ബോംബയിലെ തുണിമില്‍ തൊഴിലാളികളുടെ പണിമുടക്ക് ഇവിടെ അംഗീകാരമുള്ള ഐ.എന്‍.ടി.യു.സി. യൂണിയനുകളുടെ നേതാക്കള്‍ക്ക് ഇതുവരെയായും ഒരു മീറ്റിംഗുപോലും നത്താന്‍ ധൈര്യം വന്നിട്ടില്ല. അവരുടെ ഉപദേശം നിരസിച്ചുകൊണ്ട് തൊഴിലാളികള്‍ ഐ.എന്‍.ടി.യു.സി.നേതാക്കളെ നിരാകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനാധിപത്യ മൂല്യങ്ങളുടെ കണികയെങ്കിലും അവശേഷിച്ചിട്ടുള്ള അന്തസ്സുള്ള ഏതൊരു തൊഴിലാളി പ്രവര്‍ത്തകനും തൊഴിലാളികളുടെ വിധിമാനിക്കുകയും ഞാന്‍ തൊഴിലാളികളെ പ്രതിനിധീകരിക്കുന്നില്ലെന്നു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യേണ്ടതായിരുന്നു. എന്നാല്‍ അന്തസ്സും ജനാധിപത്യമൂല്യങ്ങളും ഐ.എന്‍.ടി.യു.സി.നേതാക്കള്‍ക്ക് എന്നേ അജ്ഞാതമാണ്.



ഈ ബില്ലിന്റെ ഏറ്റവും ഹീനമായ വശം അത് തൊഴില്‍ത്തര്‍ക്കത്തിനു ബദലായി ട്രേഡുയൂണിയന്‍ തര്‍ക്കം എന്നു വിളിക്കുന്ന ഒരു പുത്തന്‍സാധനം പടച്ചുവിട്ടിരിക്കുന്നു. ഒരു ട്രേഡ്‌യൂണിയനുകത്തുണ്ടാകുന്ന തര്‍ക്കമോ അല്ലെങ്കില്‍ ട്രേഡ് യൂണിയനുകള്‍ തമ്മില്‍ തമ്മിലോ ഉണ്ടാകുന്ന തര്‍ക്കമോ ആണ് ട്രേഡ് യൂണിയന്‍ തര്‍‌ക്കമായി നിര്‍വചിരിക്കുന്നത്. ഇങ്ങനെയൊരു തര്‍ക്കം ഉണ്ടാകുമോ എന്ന് ട്രേഡ് യൂണിയന്‍ രജിസ്ട്രാര്‍ക്കു ഭയം തോന്നിയാല്‍ അതില്‍ ഇടപെടാനും തീര്‍പ്പു കല്‍പ്പിക്കാനും അദ്ദേഹത്തെ അധികാരപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ തീര്‍പ്പ്, ഗവണ്‍‌മെന്റിന് അപ്പീല്‍ സമര്‍പ്പിക്കാമെന്നതൊഴിച്ചാല്‍ അന്തിമമാണ്. എന്തുകൊണ്ടാണ്, ട്രേഡ്‌യൂണിയന്‍ തര്‍ക്കം എന്നൊരു പുത്തന്‍ തര്‍ക്കം പടച്ചുവിട്ടിരിക്കുന്നതെന്ന്, നിഷ്പ്രയാസം ഊഹിക്കാവുന്നതേയുള്ളു. ഉശിരന് തൊഴിലാളി പ്രസ്ഥാനത്തിനെതിരെയുള്ള എല്ലാ വ്യവസ്ഥകളും നിലനില്ക്കുമ്പോള്‍ പോലും, ചിലപ്പോഴെല്ലാം അത്തരം സംഘടനകള്‍ക്ക് പ്രാതിനിദ്ധ്യം സ്വഭാവമുള്ള സംഘടനകള്‍ എന്ന അംഗീകാരം നിഷേധിക്കാന്‍ വയ്യാത്ത സ്ഥിതി ഉണ്ടാകാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഗവണ്‍‌മെന്റിനും മുതലാളിയ്ക്കും ഏതാനും തൊഴിലാളികളെ കൊണ്ട് ഒരു ട്രേഡ് യൂണിയന്‍ തര്‍ക്കം ഉണ്ടാവാന്‍ കഴിയും, ഈ തര്‍ക്കം ഉപയോഗിച്ച് രജിസ്ട്രാര്‍ക്ക് കടന്നുവരാനും മദ്ധ്യസ്ഥ വിചാരണ നടത്തി ഒരു അവാര്‍ഡ് നല്‍കാനും കഴിയും. ഇത്തരം അവാര്‍ഡുകളില്‍ കൂടി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ട്രേഡ് യൂണിയന്റെ ഔദ്യോഗിക ഭാരാവാഹികള്‍ യഥാര്‍ത്ഥത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവരല്ലെന്നും മറിച്ച് മുതലാളിയുടെ പാദസേവകരായ മറ്റു ചിലരാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതെന്നും പ്രഖ്യാപിക്കുവാന്‍ കഴിയുന്നു.

തൊഴിലാളികള്‍ അത്ര ശുദ്ധഗതിക്കാരല്??

By : NIL.

Trending News