Published On : 25 January 2015
പ്ളാന്റേഷന്‍ ലേബര്‍ കമ്മിറ്റിയില്‍ (പിഎല്‍സി) തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ തോട്ടം ഉടമകള്‍ക്കുവേണ്ടി വാദിച്ചത് മൂലം സര്‍ക്കാര്‍ പുറത്തിറക്കുന്ന വിജ്ഞാപനം തൊഴിലാളി വിരുദ്ധമാകുമെന്ന ആശങ്ക കനത്തു. മന്ത്രിയുടെ നിലപാട് മൂലം തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ടേക്കും. ശക്തമായ പ്രക്ഷോഭത്തിലൂടെ തോട്ടം തൊഴിലാളികള്‍ നേടിയെടുത്ത ശമ്പളക്കരാരും ഒപ്പുവയ്ക്കാനായില്ല. ബുധനാഴ്ചത്തെ പിഎല്‍സി യോഗം അലസിപ്പിരിഞ്ഞത് സര്‍ക്കാരിന്റെ താല്‍പര്യക്കുറവുമൂലമാണ്.
തോട്ടം ഉടമകള്‍ക്ക് വഴങ്ങി ഇനി പിഎല്‍സി വിളിക്കില്ലെന്ന് മന്ത്രി പറഞ്ഞതും തൊഴിലാളികള്‍ക്ക് തിരിച്ചടിയായി. ഫലത്തില്‍ വിജ്ഞാപനം സര്‍ക്കാര്‍– എപികെ (തോട്ടം ഉടമകളുടെ സംഘടന) ഒത്തുകളിയായി മാറും. പുതുക്കിയ ശമ്പളവും ഇനിയും തീരുമാനമാകാതെ അവശേഷിക്കുന്ന മറ്റാവശ്യങ്ങളും നിയമക്കുരുക്കിലെത്തിക്കുകയാണ് മാനേജുമെന്റുകളുടെ ലക്ഷ്യം.
ജനുവരി ഒന്നു മുതല്‍ ശമ്പള കുടിശിക നല്‍കാന്‍ പറ്റില്ലെന്നും റബര്‍ മേഖലയില്‍ അധികജോലിക്ക് നല്‍കുന്ന ഓവര്‍ കിലോ റേറ്റും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിച്ചു നല്‍കാനാവില്ലെന്നും വാശിയിലാണ് വന്‍കിട തോട്ടം ഉടമകള്‍. 50 മരം കൂടുതല്‍ വെട്ടണമെന്നും അവര്‍ ആവശ്യപ്പെട്ടു. കൂടാതെ റബറില്‍ അഞ്ചാമത് ഒരു ക്ളാസ് കൂടി ഉണ്ടാക്കി എട്ടുകിലോ ടാസ്ക് എന്നത് 12 കിലോ ആയും കാപ്പിയില്‍ 10 കിലോയായും വര്‍ധിപ്പിക്കുക, പിഎല്‍സിയുടെ കാലാവധി നാലു വര്‍ഷമാക്കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിക്കുന്നു.
തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് മറയിടുകയാണ് ലക്ഷ്യം. തൊഴിലാളികളെടുക്കുന്ന 21 കിലോ തേയില കൊളുന്ത് 27 കിലോ ആയി വര്‍ധിപ്പിക്കണമെന്ന് തൊഴില്‍ മന്ത്രി തോട്ടം ഉടമകളെപ്പോലെ ശഠിച്ചത് ഏവരെയും അമ്പരിപ്പിച്ചു. മന്ത്രി ഏകപക്ഷീയമായി പ്രഖ്യാപിച്ചതിനെ ശക്തമായി ചെറുത്തത് സിഐടിയു മാത്രമാണ്. മറ്റു യൂണിയനുകള്‍ ഒടുവില്‍ മന്ത്രിയെ അനുകൂലിച്ചതായാണ് സൂചന. കരാറില്‍ ഒപ്പിടില്ലെന്ന് മന്ത്രിക്ക് സിഐടിയു മുന്നറിയിപ്പ് നല്‍കി. ഇത് മറ്റുചില യൂണിയനുകള്‍ക്കും തിരിച്ചറിവായി.
ജനുവരി ഒന്നുമുതല്‍ ശമ്പള കുടിശിക നല്‍കുമെന്ന് നേരത്തെ തോട്ടം ഉടമകളുടെ സംഘടന പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ പിറകോട്ടു പോകുന്നത് സര്‍ക്കാരിന്റെ ആടിക്കളിയെത്തുടര്‍ന്നാണെന്ന് കേരള പ്ളാന്റേഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറി പി എസ് രാജന്‍ പറഞ്ഞു. റബര്‍ മേഖലയില്‍ 381 രൂപ, ഏലം 330 രൂപ, തേയില, കാപ്പി 301 രൂപ എന്നിങ്ങനെ കൂലി വര്‍ധിപ്പിച്ചത് ഒക്ടോബര്‍ 14ന് ചേര്‍ന്ന പിഎല്‍സി യോഗത്തിലാണ്. ലയങ്ങളുടെ അറ്റകുറ്റപ്പണി, സ്വന്തമായി ഭൂമിയും വീടും, ആരോഗ്യസുരക്ഷ, തൊഴിലാളികളെ ഇഎസ്ഐ പരിധിയില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളില്‍ ഇനിയും വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ല.