loader

കയര്‍വ്യവസായം സംരക്ഷിക്കാന്‍ : ആനത്തലവട്ടം ആനന്ദന്‍

To protect the coir industry-Anathalavattom Anandan

IMAGE

Published On : 02 February 2015

പരമ്പരാഗത വ്യവസായങ്ങളെ അസ്തമന വ്യവസായങ്ങളായാണ് യുഡിഎഫ് സര്‍ക്കാര്‍ കാണുന്നത്. അതുകൊണ്ടുതന്നെ ആ വ്യവസായങ്ങളെ സംരക്ഷണപ്പട്ടികയില്‍ പെടുത്തുന്നുമില്ല. ചര്‍ക്കയും റാട്ടും തറിയും ഉപയോഗിച്ച് തലമുറകളായി ഉപജീവനം കഴിച്ചിരുന്ന ലക്ഷക്കണക്കിന് കുടുംബാംഗങ്ങളുണ്ട്. അവര്‍ക്ക് തുടര്‍ന്നും ജീവിക്കാന്‍ എന്താണ് മാര്‍ഗം എന്ന് ചിന്തിക്കേണ്ട ബാധ്യത സമൂഹത്തിനും സര്‍ക്കാരിനുമുണ്ട്. നിര്‍ഭാഗ്യവശാല്‍ ആ ചിന്ത സര്‍ക്കാരിനുണ്ടാകുന്നില്ല.

ആധുനികയുഗത്തില്‍ പരമ്പരാഗത ഉല്‍പ്പാദനരീതി അതേപോലെ തുടരണമെന്ന് ആരും വാദിക്കില്ല. കാല്‍നൂറ്റാണ്ടിന് മുമ്പുതന്നെ, കയര്‍വ്യവസായത്തില്‍ ഉല്‍പ്പാദനക്ഷമതയും ഗുണമേന്മയും വര്‍ധിപ്പിക്കാനും അതുവഴി തൊഴിലാളികളുടെ വരുമാനത്തില്‍ വര്‍ധന ഉണ്ടാക്കാനും വ്യവസായം ലാഭകരമായി നടത്താനും സാങ്കേതികവിദ്യ സ്വീകരിക്കുന്നതിന് തീരുമാനമെടുത്തതാണ്. നിര്‍ഭാഗ്യവശാല്‍ ഈ രംഗത്ത് ഫലപ്രദമായി ഒന്നുംചെയ്യാന്‍ കേരളത്തിനായില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച കയര്‍ കമീഷന്‍ ശുപാര്‍ശപ്രകാരം യന്ത്രറാട്ടുകളും തറികളും തൊണ്ടുതല്ല് യന്ത്രങ്ങളും നിര്‍മിക്കുന്നതിന് ഒരു യന്ത്രനിര്‍മാണ ഫാക്ടറി ആലപ്പുഴയില്‍ സ്ഥാപിക്കുന്നതിന് തീരുമാനിക്കുകയും അതിനുള്ള സ്ഥലവും സൗകര്യങ്ങളും കണ്ടെത്തി 20 കോടി രൂപ മുടക്കുകയും ചെയ്തു. നാളിതുവരെ ആ ഫാക്ടറി പ്രവര്‍ത്തിപ്പിക്കാനോ കയര്‍വ്യവസായത്തിന് എന്തെങ്കിലും സംഭാവനചെയ്യാനോ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. തിരുവനന്തപുരത്ത് എന്‍സിആര്‍എംഐ എന്ന ഗവേഷണകേന്ദ്രത്തിന് ആവശ്യമായ സാമ്പത്തികസഹായം നല്‍കി. നിലവിലുള്ള യുഡിഎഫ് സര്‍ക്കാരും കഴിഞ്ഞ മൂന്നുവര്‍ഷമായി കോടിക്കണക്കിനു രൂപ നല്‍കി. പക്ഷേ, കയര്‍വ്യവസായത്തിന് സ്വീകരിക്കാവുന്ന ഒരു യന്ത്രവും നിര്‍മിച്ചുനല്‍കാന്‍ അവര്‍ക്കായില്ല. അവര്‍ നിക്ഷിപ്തമായ ചുമതലകള്‍ നിര്‍വഹിക്കുന്നതിനുപകരം എല്ലാ വര്‍ഷവും വിദേശസഞ്ചാര പരിപാടികള്‍ക്കായാണ് ആ പണം ഉപയോഗിച്ചത്. എന്‍സിആര്‍എംഐയും കയര്‍ബോര്‍ഡിന് കീഴിലുള്ള കലവൂരിലെ റിസര്‍ച്ച് കേന്ദ്രവും കേരളത്തിന്റെ കയര്‍വ്യവസായം നിലനിര്‍ത്തുന്നതിന് എന്തെങ്കിലും സംഭാവന നല്‍കുമെന്ന് പ്രതീക്ഷിച്ചവര്‍ കടുത്ത നിരാശയിലാണ്.ഇതിന്റെയൊക്കെ ഫലമായി, രണ്ടു നൂറ്റാണ്ടായി വിവിധ രാജ്യങ്ങളിലേക്ക് കയറും കയറുല്‍പ്പന്നങ്ങളും കയറ്റുമതിചെയ്തിരുന്ന കേരളത്തില്‍ കയര്‍ ഇറക്കുമതിചെയ്യുന്ന അവസ്ഥയായി. കയര്‍ ഉല്‍പ്പാദിപ്പിക്കണമെങ്കില്‍ ചകിരി വേണം. അതിന് തൊണ്ട് സംഭരിക്കുകയും ചകിരി ഉല്‍പ്പാദിപ്പിക്കുകയും വേണം. അതിന് ആവശ്യമായ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. തല്‍ഫലമായി കേരളത്തില്‍ കയര്‍ വ്യവസായം അന്യംനിന്നുപോവുകയാണ്. ഇതാകട്ടെ, നാലുലക്ഷത്തോളം തൊഴിലാളികളുടെ തൊഴിലും വരുമാനവും ഇല്ലാതാക്കുന്നു. ഇന്ന് ഒരു നാളികേരത്തിന്റെ തൊണ്ടിന് ഒരു രൂപ മുതല്‍ രണ്ടുരൂപ വരെ വിലയുണ്ട്. കേരളം ഉല്‍പ്പാദിപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്ന നാളികേരത്തിന്റെ മൂന്നിലൊന്നിന്റെ (200 കോടി) തൊണ്ട് സംഭരിക്കാന്‍ കഴിഞ്ഞാല്‍ ചുരുങ്ങിയത് 400- 450 കോടി രൂപ നാളികേര കൃഷിക്കാര്‍ക്ക് അധിക വരുമാനമുണ്ടാകും. ഏറെ പ്രധാനം നാലുലക്ഷം തൊഴിലാളികള്‍ക്ക് ചുരുങ്ങിയത് വര്‍ഷം 240 ദിവസം തൊഴില്‍നല്‍കാന്‍ കഴിയും എന്നതാണ്.

കയര്‍മേഖലയില്‍ ഇന്ന് 40,000 തൊഴിലാളികള്‍ക്ക് (10 ശതമാനം) മാത്രമാണ് തൊഴിലുള്ളത്. അവര്‍ക്കുതന്നെ വര്‍ഷം 100 ദിവസത്തിനപ്പുറം തൊഴില്‍ ലഭിക്കുന്നില്ല. ഇന്ത്യയുടെ കയര്‍ കയറ്റുമതിയില്‍ 90 ശതമാനവും കേരളത്തിന്റേതായിരുന്നു. എന്നാല്‍, 2013-14 വര്‍ഷത്തെ കയറ്റുമതിയില്‍ കേരളത്തിന്റെ വിഹിതം 14 ശതമാനമാണ്. ശേഷിക്കുന്ന 86 ശതമാനവും കേരളത്തിന് പുറത്തുനിന്നാണ്്. ഇതില്‍ 90 ശതമാനവും തമിഴ്നാടിന്റേതാണ്. തമിഴ്നാട്ടില്‍നിന്ന് ലഭിക്കുന്ന ചകിരി ഉപയോഗിച്ചാണ് വൈക്കം, ചേര്‍ത്തല, ആലപ്പുഴ, കാര്‍ത്തികപ്പള്ളി, കൊല്ലം മേഖലകളില്‍ ഏതാനും വര്‍ഷങ്ങളായി കയര്‍ ഉല്‍പ്പാദനം നടന്നിരുന്നത്. എന്നാല്‍, തമിഴ്നാട് ഉല്‍പ്പാദിപ്പിക്കുന്ന ചകിരി ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യുന്നു. ശേഷിക്കുന്ന ചകിരി ഓട്ടോമാറ്റിക് റാട്ടുകള്‍ ഉപയോഗിച്ച് കയര്‍ ഉല്‍പ്പാദനവും ആരംഭിച്ചു. കേരളത്തിന് നല്‍കിവന്ന ചകിരിക്കു പകരം യന്ത്രത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കയര്‍ കേരളത്തിലേക്ക് അവര്‍ കയറ്റുമതിചെയ്യാന്‍ തുടങ്ങി.ഗൗരവമായ സ്ഥിതിവിശേഷമാണ് കയര്‍മേഖല ഇന്ന് നേരിടുന്നത്. ഫാക്ടറി മേഖലയിലും പിരിമേഖലയിലും അതിരൂക്ഷമായ തൊഴിലില്ലായ്മ. രണ്ടേമുക്കാല്‍ ലക്ഷം തൊഴിലാളികള്‍ അംഗങ്ങളായുള്ള 513 കയര്‍ സഹകരണസംഘങ്ങളില്‍ ഭൂരിഭാഗവും അടഞ്ഞുകിടക്കുന്നു. സംഘങ്ങളുടെ വസ്തുവകകള്‍ ജപ്തി നടപടികള്‍ക്ക് വിധേയമാകുന്നു. നാമമാത്രമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ കയര്‍ഫെഡ് യഥാസമയം വിലനല്‍കാതെ കോടിക്കണക്കിന് രൂപ കുടിശ്ശികയിട്ടു. തൊഴിലെടുക്കുന്നവര്‍ക്ക് മാസങ്ങളായി കൂലിയില്ല. തൊണ്ടുവാങ്ങാനോ കൂലി നല്‍കാനോ ആവശ്യമായ പ്രവര്‍ത്തനമൂലധനം നല്‍കാത്ത സര്‍ക്കാര്‍, ഒരു കയര്‍ത്തൊഴിലാളിപോലുമില്ലാത്ത മലയോരപ്രദേശത്തും പുതിയ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. കയര്‍വ്യവസായത്തിന് ബജറ്റില്‍ വകയിരുത്തിയ 100 കോടി രൂപ പുതുതായി രജിസ്റ്റര്‍ ചെയ്ത സംഘങ്ങള്‍ക്ക് നല്‍കാനും വിദേശപര്യടനത്തിനും കയര്‍മേള സംഘടിപ്പിച്ച് ധൂര്‍ത്തടിക്കാനും വിനിയോഗിക്കുന്നു. മേളയ്ക്ക് ചെലവിടുന്ന പണം ചകിരി വാങ്ങാനും കയര്‍ഫെഡ് സംഘങ്ങള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക നല്‍കാനും ക്രയവില പദ്ധതി നടപ്പാക്കാനും ചെലവഴിച്ചെങ്കില്‍ അത്രയും ആശ്വാസമായേനെ.

ജി സുധാകരന്‍ കയര്‍വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് വിവിധ കേന്ദ്രങ്ങളില്‍ കയര്‍ഫെസ്റ്റ് സംഘടിപ്പിച്ചതിന്റെ തുടര്‍ച്ചയെന്നോണം 2011ല്‍ ആലപ്പുഴയില്‍ കയര്‍മേള സംഘടിപ്പിച്ചത്. അന്ന് ഫാക്ടറി- പിരി മേഖലകളില്‍ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. തൊഴിലാളികള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനുണ്ടായിരുന്നു. കയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ആവശ്യമായിരുന്നു. അതുകൊണ്ടുതന്നെ മേള പ്രസക്തമായിരുന്നു. ഇന്നത്തെ സ്ഥിതി അതല്ല. ഉല്‍പ്പാദനമില്ല. കയര്‍ ഇറക്കുമതിചെയ്യുന്ന അവസ്ഥ. ഉല്‍പ്പാദിപ്പിച്ച ചരക്കുപോലും കയര്‍ കോര്‍പറേഷനോ, കയര്‍ഫെഡോ ഏറ്റെടുക്കുന്നില്ല. ക്രയവില പദ്ധതി തകര്‍ത്തു. തൊഴിലാളികളും ചെറുകിട ഫാക്ടറി ഉടമകളും ആത്മഹത്യചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ഈ മേളകൊണ്ട് കേരളത്തിലെ കയര്‍വ്യവസായത്തിന് എന്തു പ്രയോജനം എന്ന ചോദ്യമുയരുന്നത്.കയര്‍വ്യവസായത്തിന്റെ യഥാര്‍ഥ ചിത്രം ജനങ്ങളെയും സര്‍ക്കാരിനെയും ബോധ്യപ്പെടുത്താനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ചും 2014ല്‍ ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ പ്രധാനപ്പെട്ട കയര്‍മേഖലയാകെ സഞ്ചരിക്കുന്ന പ്രചാരണജാഥ വൈക്കത്തുനിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിച്ചിരുന്നു. മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട മന്ത്രിക്കും മെമ്മോറാണ്ടം സമര്‍പ്പിച്ചു. മുഖ്യമന്ത്രി ഒരു യോഗം വിളിച്ചശേഷം വകുപ്പു മന്ത്രി നടപടി സ്വീകരിക്കുമെന്നു പറഞ്ഞതല്ലാതെ ഇതുവരെ കാതലായ ഒരു പ്രശ്നത്തിനും പരിഹാരമുണ്ടായില്ല. നാല് പ്രധാന ആവശ്യമാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്. കയര്‍വ്യവസായം സംരക്ഷിക്കുക, തൊഴിലും കൂലിയും ഉറപ്പുവരുത്തുക, തൊഴില്‍രഹിതരായ നിലവിലുള്ള തൊഴിലാളികള്‍ക്ക് ജീവിക്കാനുള്ള ആശ്വാസധനം നല്‍കുക, പെന്‍ഷന്‍ ആയിരം രൂപയായി വര്‍ധിപ്പിക്കുക.

(കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

By : Desabhimani.