loader

Breaking News

ജീവനക്കാരുടെ ആവശ്യങ്ങള്‍ മാനേജ്‌‌മെന്റ് അംഗീകരിച്ചു; മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Published On : 15 June 2018

സേവന വേതന വ്യവസ്ഥ പരിഹരിക്കണമെന്നതടക്കമുള്ള മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരുടെ ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചതിനെത്തുടര്‍ന്ന് ജൂണ്‍ 18 മുതല്‍ നടത്താന്‍ നിശ്ചയിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ബുധനാഴ്‌ച തിരുവനന്തപുരത്ത് തൊഴില്‍മന്ത്രി ടി പി രാമകൃഷ്‌ണന്റെ സാന്നിധ്യത്തില്‍ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും മാനേജ്‌മെന്റ് പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) നേതൃത്വത്തിലാണ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.



വര്‍ഷങ്ങളായി ജോലിചെയ്‌തുവരുന്ന ജീവനക്കാരും സീനിയോറിറ്റി കുറഞ്ഞവരും തമ്മില്‍ ശമ്പളഘടനയില്‍ പ്രകടമായ മാറ്റം ഇല്ലാത്ത അവസ്ഥ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ണമായും പരിഹരിക്കാമെന്നും അടിസ്ഥാനശമ്പളം വര്‍ധിപ്പിച്ച് പുതിയ ശമ്പളഘടന അംഗീകരിക്കാമെന്നും മാനേജ്‌മെന്റ് സമ്മതിച്ചു. 2017ലെ ബോണസ് വിതരണത്തില്‍ ഉണ്ടായ അപാകം പരിഹരിക്കണമെന്ന ആവശ്യവും അംഗീകരിച്ചു. ഇതിനായി ലേബര്‍ കമീഷണര്‍, എച്ച്ആര്‍ ജിഎം, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി. വര്‍ധിപ്പിച്ചുനല്‍കേണ്ട തുക ജൂണ്‍ 25നുള്ളില്‍ കമ്മിറ്റിയെ ബോധ്യപ്പെടുത്തും. അപാകമുണ്ടെങ്കില്‍ 28നുള്ളില്‍ പരിഹരിച്ച് ജീവനക്കാര്‍ക്ക് വിതരണംചെയ്യും.



തടഞ്ഞുവച്ച ഇന്‍സെന്റീവുകള്‍ മുഴുവനും ഉടന്‍ വിതരണംചെയ്യും. അര്‍ഹതപ്പെട്ട വിദേശയാത്ര നിഷേധിക്കപ്പെട്ട അസോസിയേഷന്‍ അംഗങ്ങള്‍ക്ക് വിദേശയാത്ര അനുവദിക്കും. വിവിധ ഘട്ടങ്ങളിലായി ബ്രാഞ്ച് ഇന്‍ചാര്‍ജ് നഷ്ടപ്പെട്ട ജീവനക്കാര്‍ക്ക് ചുമതല തിരികെനല്‍കും. ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് അസോസിയേഷന്‍ ഉന്നയിച്ച ആവശ്യം പരിഗണിക്കുകയും അവര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്തേക്ക് സ്ഥലംമാറ്റം നല്‍കുകയും ചെയ്യും. രണ്ടുവര്‍ഷമായി പ്രൊബേഷന്‍ പിരീഡില്‍ ജോലിചെയ്യുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം മാനേജ്‌മെന്റിന്റെ വിവേചനാധികാരത്തില്‍പ്പെട്ടതാണെന്നും അത് അനുഭാവപൂര്‍വം പരിഗണിക്കാമെന്നും ഉറപ്പുനല്‍കി. സമരകാലഘട്ടത്തില്‍ ജീവനക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ തീര്‍പ്പാക്കാനുള്ള നടപടികള്‍ക്കും ധാരണയായി. അടുത്ത ഡയറക്ടര്‍ബോര്‍ഡിന്റെ അംഗീകാരത്തോടെ ഇഎസ്ഒപി വിതരണംചെയ്യാനുള്ള നടപടി കൈക്കൊള്ളുമെന്നും ധാരണയായി.



ചര്‍ച്ചയില്‍ ചീഫ് ലേബര്‍ കമീഷണര്‍, അഡീ. ലേബര്‍ കമീഷണര്‍ എന്നിവരും സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രന്‍പിള്ള, സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ്, കെ പി സഹദേവന്‍, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി സി രതീഷ്, അസോസിയേഷന്‍ മുത്തൂറ്റ് ഫിനാന്‍സ് യൂണിറ്റ് ജനറല്‍ സെക്രട്ടറി നിഷ കെ ജയന്‍, ഷോലിത, എം അഭിലാഷ്, മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് സി വി ജോണ്‍, ജോണ്‍ വി ജോണ്‍, ലിജോ എന്നിവരും പങ്കെടുത്തു.

By : Sarath.

Trending News