Published On : 08 June 2018
സിപിഐ എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി എളമരം കരീമിനെ പ്രഖ്യാപിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും, സിഐടിയു സംസ്ഥാന സെക്രട്ടറിയുമാണ് എളമരം കരീം. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനമെടുത്തതെന്ന് സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അറിയിച്ചു .
1971 ല്‍ കെഎസ്എഫിലൂടെ ആണ് എളമരം കരീം രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്.1977 മുതല്‍ 1986 വരെ സിപിഐ എമ്മിന്റെ മാവൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. 1989 മുതല്‍ 1993 വരെ മാവൂര്‍ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. 1991-ല്‍ സിപിഐ എമ്മിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും, 1998-ല്‍ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിലും, 2005-ല്‍ കേരള സംസ്ഥാന കമ്മിറ്റിയിലും അംഗമായി.
2006 ല്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച് അച്യുചാനന്ദന്‍ സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായി. 2011 ല്‍ വീണ്ടും ബേപ്പൂരിനെ പ്രതിനിധീകരിച്ചു.
സിഐടിയു റോഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയായും, ഓള്‍ ഇന്ത്യ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഫെഡറേഷന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.