loader

Breaking News

മോഡിസര്‍ക്കാരിന്റെ ഇരട്ടത്താപ്പ് : എളമരം കരീം

IMAGE

Published On : 15 August 2015

രാജ്യത്തെ അസംഘടിതമേഖലയിലെ തൊഴിലാളികളെ ഇഎസ്ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി, കേന്ദ്ര തൊഴില്‍മന്ത്രാലയത്തിന്റെ അറിയിപ്പ് ആര്‍എസ്എസും ബിഎംഎസും വലിയ പ്രചാരണായുധമാക്കുകയാണ്. ഓട്ടോറിക്ഷ, നിര്‍മാണം, അങ്കണവാടി, ആശ തുടങ്ങിയ മേഖലയിലെ തൊഴിലാളികളെ ഇഎസ്ഐയില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രചാരണം. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സെപ്തംബര്‍ രണ്ടിന് ദേശീയ പണിമുടക്ക് നടക്കുന്ന പശ്ചാത്തലത്തില്‍ തൊഴിലാളികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കലാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം. ബിഎംഎസ് ഉള്‍പ്പെടെ രാജ്യത്തെ എല്ലാ തൊഴിലാളി സംഘടനകളും ഒന്നിച്ച് സമര്‍പ്പിച്ച ആവശ്യങ്ങളില്‍ ഒന്നുപോലും അംഗീകരിക്കാന്‍ സന്നദ്ധമാകാത്ത കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ മുഖം മറച്ചുപിടിക്കാനാണ് ഈ പ്രചാരണ കോലാഹലം.



43, 44, 45 ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സുകള്‍ അസംഘടിതമേഖലാ തൊഴിലാളികളെ ഇഎസ്ഐയില്‍ ഉള്‍പ്പെടുത്തണമെന്ന് ശുപാര്‍ശചെയ്തിരുന്നു. 46-ാം ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ചേര്‍ന്നത് കഴിഞ്ഞ ജൂലൈയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനംചെയ്ത പ്രസ്തുത ത്രികക്ഷിസമ്മേളനവും അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് ഇഎസ്ഐ നടപ്പാക്കണമെന്ന് ശുപാര്‍ശചെയ്തു. ഇക്കാര്യം തൊഴില്‍വകുപ്പ് ആവര്‍ത്തിച്ച് പറഞ്ഞതല്ലാതെ പദ്ധതി നടപ്പാക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.



ഇഎസ്ഐയില്‍ അംഗമാകുന്ന തൊഴിലാളി പ്രതിമാസവേതനത്തിന്റെ 1.75 ശതമാനവും തൊഴിലാളിയുടെ പേരില്‍ തൊഴിലുടമ 4.75 ശതമാനവും വിഹിതം പ്രതിമാസം അടയ്ക്കണം. മാസം 15,000 രൂപവരെ ശമ്പളം ലഭിക്കുന്നവര്‍ക്കാണ് ഇഎസ്ഐ പദ്ധതി ബാധകം. അസംഘടിതമേഖലയിലെ തൊഴിലാളികള്‍ പ്രത്യേക തൊഴിലുടമയുടെ കീഴിലല്ലാത്തതിനാല്‍ തൊഴിലുടമാ വിഹിതം ആരടയ്ക്കും? രണ്ട് വിഹിതവും തൊഴിലാളിതന്നെ അടയ്ക്കേണ്ടിവന്നാല്‍ അവര്‍ക്കത് താങ്ങാനാകില്ല. അപ്പോള്‍ തൊഴിലുടമാവിഹിതം സര്‍ക്കാര്‍ അടയ്ക്കണം. അതിനുള്ള പണം ബജറ്റില്‍ ഉള്‍ക്കൊള്ളിക്കണം. അസംഘടിതമേഖലയിലെ തൊഴിലാളിയുടെ പ്രതിമാസവേതനം എങ്ങനെ കണക്കാക്കും? അവര്‍ നിശ്ചിതവരുമാനം ലഭിക്കുന്നവരല്ല. ഈ വിഭാഗം മറ്റുള്ളവരില്‍നിന്ന് കുറഞ്ഞ തുക അടച്ചാല്‍ ഇഎസ്ഐ പദ്ധതിയില്‍ ചേരാമെന്നാണ് വ്യവസ്ഥചെയ്യുന്നതെങ്കില്‍, അതിന് നിയമം ഭേദഗതിചെയ്യണം. ഇത്തരം ഒരു കാര്യവും ചെയ്യാതെ പ്രഖ്യാപനംകൊണ്ട് എന്ത് ഫലം?



നിലവിലുള്ള ഇഎസ്ഐ പദ്ധതിയെ തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2015-16 വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ ഇഎസ്ഐ പദ്ധതി ഓപ്ഷണലാക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ചു. ഇതിനായി ഇഎസ്ഐ നിയമം ഭേദഗതിചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയാണ് സര്‍ക്കാര്‍ പകരം ഉദ്ദേശിക്കുന്നത്. ഇത് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളെ സഹായിക്കാനാണ്. ഇഎസ്ഐ അംഗങ്ങള്‍ക്ക് ചികിത്സാ ആനുകൂല്യം മാത്രമല്ല, അസുഖംമൂലം ജോലിക്ക് പോകാനാകാത്ത ദിവസങ്ങളില്‍ സാമ്പത്തികാനുകൂല്യം, തൊഴിലിനിടയില്‍ അംഗവൈകല്യമോ മരണമോ സംഭവിച്ചാല്‍ പ്രതിമാസപെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇത്തരം ഒരാനുകൂല്യവും നല്‍കുന്നില്ല. ആര്‍എസ്ബിവൈ പദ്ധതിയില്‍നിന്ന് ചികിത്സയല്ലാതെ മറ്റൊന്നും ലഭിക്കുന്നില്ലല്ലോ. ഈ നിലപാട് സ്വീകരിക്കുന്ന മോഡി സര്‍ക്കാര്‍ അസംഘടിതമേഖലയിലെ തൊഴിലാളികളോട് കരുണ കാട്ടുമെന്ന് ചിന്തിക്കാനാകില്ല.



രാജ്യത്തെ തൊഴിലാളികളില്‍ 93 ശതമാനവും ജോലിചെയ്യുന്നത് അസംഘടിത- പരമ്പരാഗത മേഖലയിലാണ്. തുച്ഛമായ കൂലിക്ക് ജോലിചെയ്യുന്നവരാണ് ഈ വിഭാഗം. വര്‍ഷം ചുരുങ്ങിയ ദിവസങ്ങള്‍മാത്രം ജോലി ലഭിക്കുന്ന കാര്‍ഷികമേഖലയിലെ തൊഴിലാളികളും പരമദരിദ്രരായ പരമ്പരാഗത തൊഴിലാളികളും ഇക്കൂട്ടത്തില്‍പ്പെടും. ഇവരുടെ ജീവിതത്തെ സംബന്ധിച്ച് ഡോ. അര്‍ജുന്‍ സെന്‍ഗുപ്ത കമ്മിറ്റി കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. അസംഘടിതമേഖലയിലെ 82 ശതമാനം തൊഴിലാളികളും പ്രതിദിനം 20 രൂപകൊണ്ട് ഉപജീവനം കഴിക്കുന്നവരാണെന്നാണ് കമീഷന്‍ കണ്ടെത്തിയത്. ആ സ്ഥിതിയില്‍ ഇപ്പോഴും മാറ്റംവന്നിട്ടില്ല. എല്ലാ തൊഴിലാളികളുടെയും മിനിമം പ്രതിമാസവേതനം 10,000 രൂപയാക്കണമെന്ന ആവശ്യം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ട്രേഡ് യൂണിയനുകള്‍ മുന്നോട്ടുവച്ചിരുന്നു. ഇപ്പോള്‍ ആവശ്യപ്പെടുന്നത് 15,000 രൂപയാണ്. എന്നാല്‍, തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.



അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ "സാമൂഹ്യസുരക്ഷാഫണ്ട്' രൂപീകരിക്കണമെന്നത് ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ഉന്നയിച്ച 10 ഇന ആവശ്യങ്ങളില്‍ ഉള്‍പ്പെടും. 2008ല്‍ യുപിഎ സര്‍ക്കാര്‍ അസംഘടിതമേഖലാ തൊഴിലാളികള്‍ക്കായി ഒരു സാമൂഹ്യസുരക്ഷാനിയമം പാസാക്കി. അതിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യസുരക്ഷാ ബോര്‍ഡ് രൂപീകരിച്ചു. ഈ സാമൂഹ്യസുരക്ഷാ ബോര്‍ഡ് ചില ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. വയോജനസംരക്ഷണം, ആരോഗ്യപരിരക്ഷ, പ്രസവാനുകൂല്യം, ശാരീരിക അവശതയുള്ളവര്‍ക്ക് സംരക്ഷണം തുടങ്ങിയവ അതില്‍പ്പെടും. എന്നാല്‍, നിയമം പാസായി ആറുവര്‍ഷം പിന്നിട്ടിട്ടും ഈ ശുപാര്‍ശകളില്‍ ഒന്നുപോലും നടപ്പാക്കിയിട്ടില്ല. ഈ സാമൂഹ്യസുരക്ഷാ നിയമപ്രകാരം ജില്ലാ ഭരണകൂടം ഓരോതൊഴിലാളിക്കും തിരിച്ചറിയല്‍ നമ്പരുള്ള സ്മാര്‍ട്ട് കാര്‍ഡ് നല്‍കണം. ഇന്നേവരെ ഒരാള്‍ക്കും അത്തരം കാര്‍ഡ് നല്‍കിയിട്ടില്ല. സാമൂഹ്യസുരക്ഷാഫണ്ട് ഇതുവരെ സര്‍ക്കാര്‍ നീക്കിവച്ചിട്ടില്ല. 2010-11 വര്‍ഷത്തെ ബജറ്റില്‍ യുപിഎ സര്‍ക്കാര്‍ 1000 കോടി രൂപ ഇതിനായി അനുവദിച്ചെങ്കിലും ഒറ്റപൈസപോലും ചെലവഴിച്ചില്ല. മോഡി സര്‍ക്കാര്‍ വന്നശേഷവും ഇതുതന്നെ സ്ഥിതി



2008ലാണ് ആര്‍എസ്ബിവൈ എന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നിലവില്‍വന്നത്. 3.85 കോടി ആളുകള്‍ ഈ പദ്ധതിയില്‍ ചേര്‍ന്നെന്നാണ് സര്‍ക്കാര്‍കണക്ക്. ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ളവര്‍ക്കുമാത്രമായിരുന്നു ആദ്യഘട്ടത്തില്‍ ഈ പദ്ധതി. പിന്നീട് അസംഘടിതമേഖലയിലെ നിര്‍മാണത്തൊഴിലാളികള്‍, റെയില്‍വേ പോര്‍ട്ടര്‍മാര്‍, തെരുവുകച്ചവടക്കാര്‍, വര്‍ഷം 15 ദിവസമെങ്കിലും ജോലിയുള്ള തൊഴിലുറപ്പുപദ്ധതി തൊഴിലാളികള്‍, ബീഡിത്തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ശുചിത്വജോലി ചെയ്യുന്നവര്‍, ഖനിത്തൊഴിലാളികള്‍, റിക്ഷ വലിക്കുന്നവര്‍, ചവര്‍ വാരുന്നവര്‍, ഓട്ടോറിക്ഷ- ടാക്സി ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കും ബാധകമാക്കി. എന്നാല്‍, അസംഘടിതമേഖലയിലെ മൊത്തം 43 കോടി തൊഴിലാളികളുടെ ഒമ്പത് ശതമാനംപേര്‍മാത്രമാണ് പദ്ധതിയില്‍ ചേര്‍ന്നത്. ഇതാണ് സര്‍ക്കാര്‍പദ്ധതികളുടെ ഗതി.



പ്രഖ്യാപനം ഒന്ന്; പ്രാബല്യത്തില്‍ വരുന്നത് മറ്റൊന്ന്. ഈ ഒമ്പത് ശതമാനംപേര്‍ പദ്ധതിയില്‍ അംഗമായത് ഏഴുവര്‍ഷംകൊണ്ടാണ്. അങ്ങനെയെങ്കില്‍ എല്ലാവരെയും പദ്ധതിയില്‍ ചേര്‍ക്കാന്‍ എത്ര വര്‍ഷം വേണ്ടിവരും?ബിജെപി സര്‍ക്കാര്‍ പുതുതായി മൂന്ന് സാമൂഹ്യസുരക്ഷാ പദ്ധതികള്‍ 2015 മെയ് ഒമ്പതിന് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ജീവന്‍ജ്യോതി ബീമായോജന, പ്രധാനമന്ത്രി സുരക്ഷാ ബീമായോജന എന്നീ രണ്ട് ഇന്‍ഷുറന്‍സ് പദ്ധതികളും അടല്‍ പെന്‍ഷന്‍യോജന എന്ന പെന്‍ഷന്‍പദ്ധതിയും. അടല്‍ പെന്‍ഷന്‍പദ്ധതി പ്രധാനമായും അസംഘടിതമേഖലാ തൊഴിലാളികളെ ഉദ്ദേശിച്ചാണ്. ഇവയെല്ലാം പങ്കാളിത്ത പദ്ധതികളാണ്. സര്‍ക്കാരിന്റെ ഒരു സാമ്പത്തികസഹായവും നല്‍കുന്നില്ല. അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷാഫണ്ട് നല്‍കാന്‍ ബാധ്യസ്ഥമായ കേന്ദ്ര സര്‍ക്കാര്‍ ആ ഉത്തരവാദിത്തത്തില്‍നിന്ന് പിന്മാറി. ഇത് പാവപ്പെട്ട തൊഴിലാളികളെ വഞ്ചിക്കലാണ്.



ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ ചേരണമെങ്കില്‍ ബാങ്ക് അക്കൗണ്ടിലൂടെമാത്രമേ സാധിക്കൂ. കൊട്ടിഘോഷിച്ച "ജന്‍ധന്‍ യോജന' അനുസരിച്ച് 127.65 ദശലക്ഷംപേരാണ് 2015 ഫെബ്രുവരി അഞ്ചുവരെ ബാങ്കുകളില്‍ അക്കൗണ്ട് എടുത്തത്- ഇവരില്‍ 84.34 ദശലക്ഷംപേരുടെ അക്കൗണ്ടില്‍ ബാലന്‍സ് പൂജ്യമാണ്. "ജന്‍ധന്‍ യോജന' പദ്ധതിയനുസരിച്ച് അക്കൗണ്ട് തുറക്കാന്‍ ബാലന്‍സ് ആവശ്യമില്ല. എന്നാല്‍, ബാങ്ക് അക്കൗണ്ടില്‍ ഗ്രാമപ്രദേശങ്ങളില്‍ 500 രൂപയും നഗരങ്ങളില്‍ 1000 രൂപയും മിനിമം ബാലന്‍സ് ഉണ്ടായാലേ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ ചേരാന്‍ കഴിയൂ. സ്ഥിരമായ ജോലിക്ക് ഒരു ഗ്യാരന്റിയും ഇല്ലാത്ത, തൊഴിലുണ്ടെങ്കില്‍തന്നെ രണ്ടായിരമോ മൂവായിരമോ രൂപമാത്രം പ്രതിമാസം ലഭിക്കുന്ന അസംഘടിതമേഖലയിലെ തൊഴിലാളിക്ക് ആയിരം രൂപ ബാങ്ക് ബാലന്‍സായി നിലനിര്‍ത്താന്‍ കഴിയില്ല. ചുരുക്കത്തില്‍ പുതിയ പദ്ധതികളിലൊന്നും ഒരു ചില്ലിക്കാശും സര്‍ക്കാര്‍ നല്‍കുന്നില്ല. തൊഴിലുറപ്പുപദ്ധതി, ഐസിഡിഎസ്, ഗ്രാമീണ ആരോഗ്യ സുരക്ഷാ പദ്ധതി, വിദ്യാഭ്യാസമേഖല എന്നിവയ്ക്കെല്ലാം സര്‍ക്കാര്‍ ഫണ്ട് വെട്ടിക്കുറച്ചു. പാവപ്പെട്ടവരുടെ ക്ഷേമത്തിനുള്ള ഫണ്ടുകളെല്ലാം വെട്ടിക്കുറയ്ക്കുന്ന മോഡിസര്‍ക്കാര്‍ വന്‍കിട കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി ഇളവ് നല്‍കുന്നു. ജനവിരുദ്ധനയങ്ങളില്‍ യുപിഎ സര്‍ക്കാരിനെ ചുരുങ്ങിയ കാലയളവില്‍തന്നെ കടത്തിവെട്ടി ബിജെപി സര്‍ക്കാര്‍. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കൊപ്പംനിന്ന കോര്‍പറേറ്റുകളെ സഹായിക്കാന്‍ എല്ലാ തൊഴില്‍നിയമങ്ങളും തൊഴിലുടമകള്‍ക്ക് അനുകൂലമായി ഭേദഗതിചെയ്ത ബിജെപി സര്‍ക്കാര്‍, തൊഴിലാളികളുടെ വെറുപ്പിന് പാത്രമായി. സെപ്തംബര്‍ രണ്ടിന്റെ പണിമുടക്കിന് തൊഴിലാളികള്‍ ആവേശപൂര്‍വം തയ്യാറെടുക്കുന്നത് ഈ സാഹചര്യത്തിലാണ്. തങ്ങളുടെ നയങ്ങളെ വെല്ലുവിളിച്ച് സമരരംഗത്തിറങ്ങിയ രാജ്യത്തെ തൊഴിലാളികളില്‍ ആശയക്കുഴപ്പവും വ്യാമോഹവും സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് പുതിയ ഇഎസ്ഐ പ്രഖ്യാപനത്തിനുപിന്നില്‍.



അതേസമയം, ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സുകള്‍ ശുപാര്‍ശ ചെയ്തപ്രകാരം അസംഘടിതമേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും ഇഎസ്ഐ, പ്രോവിഡന്റ് ഫണ്ട് പദ്ധതികള്‍ നടപ്പാക്കാന്‍ പ്രായോഗികനടപടി സ്വീകരിക്കണമെന്ന ആവശ്യം നാം ഉയര്‍ത്തണം. ഒപ്പം, 2008ലെ സാമൂഹ്യസുരക്ഷാനിയമം നടപ്പാക്കണമെന്നും. പാവപ്പെട്ട ജനങ്ങള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്ന സര്‍ക്കാര്‍നയത്തെ തുറന്നുകാട്ടണം. തൊഴിലാളിവര്‍ഗത്തിന്റെ യോജിച്ച പോരാട്ടത്തിലൂടെമാത്രമേ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനാകൂ

By : Desabhimani.

Trending News