loader

Breaking News

സിന്തൈറ്റ് സമരം ഒത്തുതീര്‍ന്നു; തീരുമാനം മാനേജ്‌മെന്റ്‐തൊഴിലാളി പ്രതിനിധികളുടെ യോഗത്തിൽ

IMAGE

Published On : 16 June 2018

സുഗന്ധവ്യജ്ഞന കമ്പനിയായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസിന്റെ കോലഞ്ചേരി കടയിരുപ്പ് പ്ലാന്റ് തൊഴിലാളികളുടെ സ്ഥലം മാറ്റത്തെ തുടര്‍ന്ന് കഴിഞ്ഞ 10 ദിവസമായി നടന്നുവരുന്ന തൊഴിലാളി സമരം ഒത്തു തീര്‍ന്നു. ലേബര്‍ കമ്മിഷണര്‍ എ അലക്‌സാണ്ടറുടെ അദ്ധ്യക്ഷതയില്‍ ലേബര്‍ കമ്മിഷണറേറ്റില്‍ വിളിച്ചു ചേര്‍ത്ത മാനേജ്‌മെന്റ് പ്രതിനിധികളുടെയും സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എംപ്ലോയീസ് യൂണിയന്‍ (സി ഐ ടി യു) പ്രതിനിധികളുടെയും അനുരഞ്ജന യോഗത്തിലാണ് സമരം ഒത്തുതീര്‍ന്നത്.



കോയമ്പത്തൂര്‍ യൂണിറ്റിലേക്ക് സ്ഥലം മാറ്റിയ 17 തൊഴിലാളികളില്‍ മൂന്ന് പേരുടെ സ്ഥലം മാറ്റം പിന്‍വലിക്കുന്നതിനും മറ്റു നാലുപേരെ നാലുമാസങ്ങള്‍ക്കുള്ളില്‍ മാതൃയൂണിറ്റിലേക്ക് തിരികെ കൊണ്ടുവരുന്നതിനും ഇരുകക്ഷികളും ധാരണയായി. ശേഷിക്കുന്ന 10 പേരെ ഒന്നര വര്‍ഷത്തിനുള്ളിലോ അതിനുള്ളില്‍ നടക്കുന്ന വിരമിക്കല്‍ ഒഴിവുകളിലേക്കോ പരിഗണിച്ച് മാതൃയൂണിറ്റില്‍ തിരികെ എത്തിക്കുന്നതിനും ധാരണയായിട്ടുണ്ട്. സസ്‌പെന്‍ഷന്‍ നടപടികള്‍ നേരിടുന്ന 10 പേരില്‍ രണ്ടു പേരുടെ ഒരുമാസം തുടരുന്നതിനും മറ്റുള്ളവരുടെ മറുപടി ലഭിക്കുന്ന മുറയ്ക്ക് സസ്‌പെന്‍ഷന്‍ പിന്‍വലിക്കും. ഗാര്‍ഹിക അന്വേഷണ നടപടികള്‍ തുടരും ഇതിനോടകം സ്ഥലംമാറ്റപ്പെട്ട എല്ലാ തൊഴിലാളികള്‍ക്കും റഫറണ്ടത്തില്‍ വോട്ടവകാശം ഉണ്ടായിരിക്കും. സ്ഥലംമാറ്റപ്പെട്ട എല്ലാ തൊഴിലാളികള്‍ക്കും ഭക്ഷണവും സൗജന്യ താമസവും നല്‍കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു.



എറണാകുളം റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍ കെ ശ്രീലാല്‍, ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ വിനോദ്കുമാര്‍,സിന്തൈറ്റ് മാനേജ്‌മെന്റ് പ്രിതിനിധികളായ അജു ജേക്കബ്, ജോണ്‍ ജോഷി, വിന്‍സെന്റ് അലക്‌സ്, വിനീത് പി മാത്യു തുടങ്ങിയവരും തൊഴിലാളി നേതാക്കളായ കെ ചന്ദ്രന്‍ പിള്ള, കെ എന്‍ ഗോപിനാഥ് യൂണിയനെ പ്രതിനിധീകരിച്ച് അഡ്വ കെ എസ് അരുണ്‍കുമാര്‍,എം കെ മനോജ്, നിതീഷ് ബേബി, ജിബിന്‍ ജോയ് , കെ എന്‍ കൃഷ്ണകുമാര്‍ എന്നിവരും ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുത്തു.

By : Jose T Abraham.

Trending News