loader

Breaking News

വര്ദ്ധിച്ചു വരുന്ന റോഡ് അപകടങ്ങളും തെറ്റായ റോഡ് നിയമങ്ങളും

IMAGE

Published On : 23 February 2020

അവിനാശിയിൽ കണ്ടെയ്നർ ലോറിയും കെഎസ്ആർടിസി ബസ്സും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ ദുരന്തം സമൂഹത്തിൽ വലിയ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്. റോഡപകടങ്ങളെക്കുറിച്ചും അതിനുള്ള കാരണങ്ങളെക്കുറിച്ചും ജനങ്ങൾക്കിടയിൽ ഗൗരവതരമായ ചർച്ചകൾ നടക്കുന്ന സാഹചര്യമാണിത്. ട്രക്ക് ഡ്രൈവർ ഉറങ്ങിയതാണ് അപകടം ഉണ്ടാകാൻ കാരണം എന്ന പ്രാഥമിക നിഗമനത്തിലാണ് മിക്ക വിദഗ്ധരും എത്തിച്ചേർന്നിട്ടുള്ളത്.

ഈ ദാരുണമായ സംഭവത്തിന്റെയാകെ ഒരേയൊരു ഉത്തരവാദിയായി വിധിച്ചു ട്രക്ക് ഓടിച്ച പാവപ്പെട്ട ആ തൊഴിലാളിയെ ക്രൂശിക്കാനുള്ള ശ്രമം ഒരു ന്യൂനപക്ഷമെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത് കാണാനിടയായി.

സംഭവങ്ങളുടെ മൂലകാരണങ്ങളിൽനിന്നും ജനങ്ങളുടെയും സമൂഹത്തിന്റെയും ശ്രദ്ധ തിരിക്കാൻ മാത്രമേ ഈ ശ്രമങ്ങൾ ഉപകരിക്കുകയുള്ളൂ. റോഡപകടങ്ങളിൽ 10% അപകടങ്ങൾ മാത്രമേ ഡ്രൈവർമാരുടെ അശ്രദ്ധമാത്രം കാരണം നടക്കുന്നുള്ളൂ എന്നതാണ് ഇതു സംബന്ധിച്ച പഠനങ്ങൾ സൂചിപ്പിക്കുന്നത്.

വിശ്രമമില്ലാത്ത ജോലിയും നീണ്ട ജോലി സമയവും ഈ മേഖലയിലെ തൊഴിലാളികൾക്കിടയിൽ ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദവും പിരിമുറുക്കവും ചെറുതല്ല. ചരക്കുനീക്കവുമായി ബന്ധപ്പെട്ട ട്രാൻസ്‌പോർട് കമ്പനികൾക്കിടയിലെ അനാവശ്യ കിടമത്സരങ്ങളിൽ പലപ്പോഴും ബലിയാടുകളാവുന്നത് പാവപ്പെട്ട തൊഴിലാളികളാണ്. ദീർഘദൂര സർവീസ് നടത്തുന്ന ചരക്കുലോറികൾ പലതും ഒരൊറ്റ ഡ്രൈവർ മാത്രമായി ഓടുന്നത് ലാഭം മാത്രം നോക്കിയുള്ള ഈ കിടമത്സരത്തിന്റെ ഭാഗമായാണ്. ഇതിനെയെല്ലാം ചെറുക്കാൻ ശക്തമായ നിയമം കൊണ്ടുവരേണ്ട കേന്ദ്രസർകാരാവട്ടെ സ്വകാര്യ മേഖലയിലെ ഈ തൊഴിലാളി ചൂഷണത്തിന് എല്ലാ സഹായവും നൽകുന്ന നിലപാടാണ് സ്വീകരിക്കുന്നത്.



1988 ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ വരുത്തിയ ഭേദഗതി ഇത്തരത്തിലുള്ള ഒരു അജണ്ടയുടെ ഭാഗമാണ്. റോഡപകടങ്ങൾ കുറയ്ക്കാനെന്നപേരിൽ വതരിപ്പിക്കപ്പെട്ട ഈ നിയമത്തെ പല ബുദ്ദിജീവികളും സർവാത്മനാ സ്വാഗതം ചെയ്തിരുന്നു.

റോഡപകടങ്ങൾ കുറയ്ക്കാനെന്ന വ്യാജേന എല്ലാ പിഴകളും പതിന്മടങ്ങ് വർധിപ്പിച്ചു ജനങ്ങളുടെ കണ്ണിൽ പൊടിയിടൽ മാത്രമാണ് ഈ നിയമത്തിലൂടെ സർക്കാർ ചെയ്യുന്നത് എന്ന് ഈ നിയമം ചർച്ചയ്ക്ക് വന്നപ്പോൾ ഞങ്ങളെല്ലാം പാര്ലമെന്റിനകത്തും പുറത്തും പറഞ്ഞതാണ്. റോഡപകടങ്ങളുടെ യഥാർത്ഥ കാരണങ്ങളിലേക്ക് കടക്കാതെ എന്തിനുമേതിനും തൊഴിലാളികളെമാത്രം പഴിക്കുന്ന ഒരു പൊതു ബോധത്തിലൂടെ മാത്രം ഇത്തരം വിഷയങ്ങളെ നോക്കിക്കാണുന്ന നമ്മുടെ സമൂഹത്തിനുമുന്നിൽ വേഷപ്രച്ഛന്നനായി വന്ന ചെന്നായയാണ് മോട്ടോർ വാഹന നിയമ ഭേദഗതി. അവിനാശിയിൽ ഉണ്ടായ ദുരന്തത്തിനും കാരണമായ സാഹചര്യവും ഈ രീതിയിൽ വിശകലം ചെയ്യാൻ നമ്മൾ തയ്യാറാവണം. ആത്യന്തികമായി സ്വകാര്യ മേഖലയിലെ ലാഭക്കൊതിമൂത്ത അനാവശ്യ മത്സരങ്ങൾക്ക് എല്ലാ സഹായവും ചെയ്യുന്ന ഈ നിയമത്തിലൂടെ സംസ്ഥാനങ്ങളുടെ പല അധികാരങ്ങളും സാവകാശം കേന്ദ്രം കയ്യേറുകയാണ്‌.



ലോക്സഭയിലും രാജ്യസഭയിലും ഈ കിരാത നിയമത്തെ എതിർക്കാനും ഇതിലെ തൊഴിലാളിവിരുദ്ധ നിർദ്ദേശങ്ങളെ തുറന്നുകാട്ടാനും ഇടതുപക്ഷം മാത്രമാണുണ്ടായത്. പാർലമെന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് ഇടതുപക്ഷത്തിന്റെ പ്രതിരോധത്തെ സർക്കാർ മറികടന്നു. 2018ലും 2019ലും ഈ ബില്ല് പരിഗണയ്ക്ക് വന്നപ്പോഴെല്ലാം ഞങ്ങൾ ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സംസാരിച്ചു. രാജ്യസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടശേഷം സഭയിൽ ഞാൻ നടത്തിയ ആദ്യ പ്രസംഗവും മോട്ടോർ വാഹന ഭേദഗതി ബില്ലിന്മേലായിരുന്നു. ഇത്തരം നിയമങ്ങൾ വരുമ്പോൾ നമ്മുടെ എംപിമാർ എന്തുചെയ്യുകയായിരുന്നു എന്ന് ചോദിച്ച സുഹൃത്തിനുവേണ്ടി അന്നത്തെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു. ബഹുവർണചിത്രങ്ങളുള്ള ആകർഷകമായ പുറംചട്ടയണിയിച്ചു നമുക്കുമുന്നിൽ അവതരിപ്പിക്കുന്ന പല നിയമങ്ങളും വൻകിട കുത്തകകളുടെ കീശവീർപ്പിക്കാനുള്ള അഭ്യാസങ്ങൾ മാത്രമാണെന്ന് ഇടതുപക്ഷം സമർഥിക്കാൻ ശ്രമിക്കുംഴെല്ലാം അതിനെ കണ്ണുമടച്ചു വിമർശിക്കുന്ന സുഹൃത്തുക്കളും ഇനിയെങ്കിലും ആത്മപരിശോധന നടത്താനും യഥാർത്ഥ വസ്തുതകൾ മനസിലാക്കാനും ശ്രമിക്കും എന്നു പ്രതീക്ഷിക്കുന്നു.

Author : CITU KERALA.

Trending News