Published On : 28 July 2021
ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നറിയപ്പെടുന്ന പാർലമെന്റ് ഇന്ന് പാർലമെന്റ് അംഗങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പോലും വിനോയോഗിക്കുവാൻ സാധിക്കാത്ത ഒരിടമായി മാറിക്കൊണ്ടിരിക്കുകയാണ്. സഭയുടെ നിയമാവലിയും ചട്ടങ്ങളും സഭാ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ടാണ് ഈ സർക്കാർ പാർലമെന്റ് സമ്മേളനം നടത്തിക്കൊണ്ടിരിക്കുന്നത്.
ജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ പാർലമെന്റ് സഭ ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിലെല്ലാം പ്രതിപക്ഷ അംഗങ്ങൾ രാജ്യസഭയിലും ലോക്സഭയിലും നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഈ വിഷയങ്ങൾ ഒന്നും ചർച്ച ചെയ്യാൻ അനുവദിക്കില്ല എന്ന നിലപാടാണ് സർക്കാരും സഭാധ്യക്ഷന്മാരും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ന് രാജ്യസഭ ഞങ്ങൾ നൽകിയ നോട്ടീസുകളൊന്നും പരിഗണിക്കാതെ ഉച്ചവരെ പിരിഞ്ഞെങ്കിലും ഉച്ചയ്ക്ക് ശേഷം വീണ്ടും ചേർന്ന് സർക്കാർ ബിസിനസുകൾ പരിഗണിക്കുവാൻ സർക്കാർ തീരുമാനിക്കുകയുണ്ടായി. Marine Aids to Navigation എന്ന ബില്ല് ഇന്ന് ചർച്ച കൂടാതെ പാസാക്കുവാനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്. പാർലമെന്റിൽ ഏതൊരംഗത്തിനും ഏത് ബില്ലിന്റെ മുകളിലും വോട്ടെടുപ്പ് ചോദിക്കുവാനുള്ള അവകാശമുണ്ട്. ഒരു ചർച്ചയും കൂടാതെ ഈ ബില്ല് പാസാക്കുന്ന വേളയിൽ വോട്ടെടുപ്പ് വേണമെന്ന് ഞാൻ ആവശ്യപ്പെട്ടെങ്കിലും അധ്യക്ഷ കസേരയിൽ ഉണ്ടായിരുന്ന ഉപാധ്യക്ഷൻ അത് അനുവദിച്ചില്ല. കാർഷിക നിയമങ്ങൾ പാസാക്കുന്ന വേളയിൽ നടന്നതിന് സമാനമായ സംഭവങ്ങളാണ് ഇന്ന് പാർലമെന്റിനകത്ത് നടന്നത്.
ഒരു ബില്ലിന് മുകളിൽ വോട്ടെടുപ്പ് വേണമെന്ന് ഏതെങ്കിലും ഒരു മെമ്പർ ആവശ്യപ്പെട്ടാൽ വോട്ടെടുപ്പിന് ശേഷം മാത്രമേ ആ ബില്ല് പാസാക്കാൻ പാടുള്ളൂ എന്നതാണ് സഭാചട്ടം. ആ ചട്ടം ഇന്ന് ലംഘിച്ചിരിക്കുന്നു. ഒരു പാർലമെന്റ് അംഗം എന്നുള്ള നിലയിൽ ഇന്ത്യൻ ഭരണഘടന എംപിമാർക്ക് ഉറപ്പുവരുത്തിയിട്ടുള്ള സംരക്ഷണങ്ങളെല്ലാം കാറ്റിൽ പറത്തികൊണ്ട് പാർലമെന്റിനെയും ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയെയും നോക്കുകുത്തിയാക്കികൊണ്ടാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള ഈ ഗവണ്മെന്റ് പ്രവർത്തിക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന രീതിയല്ല. ഇനിയങ്ങോട്ടുള്ള ദിവസങ്ങളിലും ഈ ജനാധിപത്യ വിരുദ്ധ സമീപനത്തിനെതിരെ ശക്തമായ പ്രക്ഷോഭം പ്രതിപക്ഷ പാർട്ടികൾ ഉയർത്തികൊണ്ടുവരും. ബിജെപി സർക്കാരിന്റെ ജ്ഞാധിപത്യ വിരുദ്ധ നിലപാടുകൾ ഓരോന്നും ജനങ്ങൾക്കുമുന്നിൽ തുറന്നുകാണിക്കും.
- സ. എളമരം കരീം എംപി