Published On : 19 November 2021
കർഷകരുടെ സമരവീര്യത്തിനു മുന്നിൽ മോഡി സർക്കാരിന് ഒടുവിൽ മുട്ടുകുത്തേണ്ടിവന്നിരിക്കുന്നു. കിരാതമായ കരിനിയമങ്ങൾ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ ധാർഷ്ട്യത്തിന് കർഷകർ തിരിച്ചടി നൽകി. സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും ഉജ്വലമായ പോരാട്ടത്തിലൂടെ ഫാസിസ്റ്റ് ഭരണകൂടത്തെ അവർ അടിയറവ് പറയിച്ചു. കർഷക വിരുദ്ധമായ മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു.
ഇന്ത്യയുടെ കാർഷികരംഗത്തെയാകെ കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കാൻ കോപ്പുകൂട്ടിക്കൊണ്ടാണ് കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ മൂന്ന് ബില്ലുകൾ കൊണ്ടുവന്നത്. എല്ലാ ജനാധിപത്യ മര്യാദകളും കാറ്റിൽപ്പറത്തി ഇന്ത്യൻ പാർലിമെന്റിനെ നോക്കുകുത്തിയാക്കിക്കൊണ്ട് വോട്ടെടുപ്പ് പോലും അനുവദിക്കാതെ ഇവ പാസായതായി അവർ അറിയിച്ചു. ഈ ജനാധിപത്യ ധ്വംസനതിനെതിരെ രാജ്യസഭയിൽ പ്രതിഷേധിച്ച ഞങ്ങൾ എട്ടുപേരെ സഭയിൽ നിന്നും സസ്പെൻസ് ചെയ്തു. സഭയ്ക്കുള്ളിൽ ശബ്ദമുയർത്തിയ എംപിമാരെ ബലം പ്രയോഗിച്ചും കയ്യേറ്റം ചെയ്തും നീക്കി. കർഷകരുടെ മരണവാരാണ്ടാകുന്ന ഈ മൂന്ന് കാർഷിക നിയമങ്ങളും ഏകപക്ഷീയമായി പാസാക്കിയ കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് സസ്പെൻഡ് ചെയ്യപ്പെട്ട ഞങ്ങൾ എട്ടുപേരും പാർലിമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു, ആ ദിവസം അവിടെ അന്തിയുറങ്ങി. പ്രതിഷേധം ഭയന്ന് അടുത്ത ദിവസം തന്നെ സഭാസമ്മേളനം അവസാനിപ്പിച്ച് സർക്കാർ തടിയൂരി. രാജ്യത്തെ ജനങ്ങളുടെമേൽ എന്തും അടിച്ചേൽപ്പിക്കാനുള്ള ലൈസൻസല്ല പാർലിമെന്റിലെ മൃഗീയ ഭൂരിപക്ഷം എന്ന് സംഘപരിവാർ ശക്തികൾ മനസിലാക്കിയ ദിനങ്ങളായിരുന്നു പിന്നീട് വന്നത്. മൂന്ന് കരിനിയമങ്ങൾക്കെതിരെ രാജ്യത്തെ കർഷകർ ഒന്നാകെ തെരുവിലിറങ്ങി. രാജ്യതലസ്ഥാനത്തിന്റെ അതിർത്തികൾ കർഷകർ സമരകേന്ദ്രങ്ങളാക്കി. സിംഘുവും, ഘാസിപ്പൂരും, ഷാജഹാൻപൂരും എല്ലാം അവരുടെ സമരകേന്ദ്രങ്ങളായി. കഴിഞ്ഞ ഒരു വർഷമായി ആവേശം ഒട്ടും ചോരാതെ, തങ്ങളുടെ ആവശ്യത്തിൽ നിന്ന് ഒരിഞ്ച് പിന്നോട്ട് പോവാതെ അവർ സമാധാനപരമായി സമരം ചെയ്തു. അതിശൈത്യത്തെയും കൊടും ചൂടിനെയും നിശ്ചയദാർഢ്യം ഒന്നുകൊണ്ടുമാത്രമാണ് അവർ തരണം ചെയ്ത്. നൂറുകണക്കിന്പേർ രക്തസാക്ഷികളായി. ഈ പോരാട്ടത്തെ അസ്ഥിരപ്പെടുത്താനും കർഷകരുടെ ഐക്യം തകർക്കാനും ഭരണകൂടം നടത്തിയ എല്ലാ ശ്രമങ്ങളെയും അവർ അതിജീവിച്ചു. അന്നദാതാക്കളുടെ സമരം രാജ്യത്തെ ആബാലവൃദ്ധം ജനങ്ങളുടെയും വികാരമായി മാറി. ബിജെപിയുടെ ഒരു കുടില തന്ത്രത്തിനും ആ വികാരത്തെ ഇല്ലായ്മചെയ്യാനായില്ല. ഒടുവിൽ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുകയാണ് എന്ന് കേന്ദ്രസർക്കാർ മനസിലാക്കി. ആ യാഥാർഥ്യബോധത്തിൽ നിന്നുമാണ് മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു എന്ന പ്രഖ്യാപനം ഉണ്ടാവുന്നത്.
ഈ സമരവിജയം ഇന്ത്യൻ ജനാധിപത്യചരിത്രത്തിൽ സുവർണലിപികളിൽ എഴുതിച്ചേർക്കപ്പെടും. ഫാസിസ്റ്റ് ഭരണകൂടത്തെ മുട്ടുകുത്തിച്ച രാജ്യത്തെ കർഷകന്റെ സമരവീര്യം ഇനിവരുന്ന പോരാട്ടങ്ങൾക്ക് ആവേശം പകരും. ഇത് കേവലം കർഷകരുടെ മാത്രം വിജയമല്ല; മറിച്ച്, രാജ്യത്തെയാകെ കോർപ്പറേറ്റുകൾക്ക് തീറെഴുതാൻ കച്ചകെട്ടിയിറങ്ങിയ ഭരണകൂടത്തിനുമേൽ ജനങ്ങൾ നേടിയ വിജയമാണ്. ജനാധിപത്യത്തിലും മതേതരത്വത്തിലും ഇന്ത്യൻ ഭരണഘടനയിലും വിശ്വസിക്കുന്ന, അവയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മുഴുവനാളുകൾക്കും ആവേശവും പുത്തനുണർവും പകരുന്നതാണ് ഈ വിജയം. ജനകീയ സമരങ്ങളെ പുച്ഛിക്കുകയും കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന ഭരണകൂടത്തിന്റെ മുഖത്തേറ്റ ഈ പ്രഹരം അവർക്കൊരു പാഠവുമായിരിക്കും. ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ രണ്ടാമതൊന്ന് ചിന്തിക്കാൻ ഈ അനുഭവം അവരെ പ്രേരിപ്പിക്കും എന്നത് ഉറപ്പാണ്. രാജ്യത്തെ കർഷകരുടെ ജീവൽപ്രശ്നങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന് എംപിമാരെപ്പോലും പുറത്താക്കാൻ മടികാണിക്കാത്ത ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തിക്കാൻ ജനകീയ പ്രക്ഷോഭങ്ങൾകൊണ്ട് മാത്രമേ സാധിക്കൂ എന്ന് കർഷകസമരവിജയം നമ്മെ ഓർമപ്പെടുത്തുന്നു. ബിജെപി ഭരണത്തിൽ കീഴിൽ രാജ്യം ഇന്ന് എത്തിച്ചേർന്നിരിക്കുന്ന അത്യന്തം ദാരുണമായ അവസ്ഥയിൽ നിന്നും കരകയറാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും ഒറ്റക്കെട്ടായ ചെറുത്തുനിൽപ്പും പ്രക്ഷോഭവും മാത്രമാണ് പോംവഴി. അതിന് കർഷകരുടെ ഈ സമരാനുഭവം നമുക്ക് മുതൽക്കൂട്ടാവും.
(എളമരം കരീം)