Published On : 13 June 2020
സഖാവെ എന്നു തന്നെ വിളിക്കും, ലാൽസലാം എന്നു തന്നെ അഭിവാദ്യം ചെയ്യും
മാധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്ത ഒരു വാർത്ത നിങ്ങളുടെയെല്ലാം ശ്രദ്ധയിൽ പെട്ടിരിക്കും. ആസാം സംസ്ഥാനത്താകെ പൗരത്വ ഭേദഗതി(CAA) നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത് പ്രതിഷേധം നടത്തിയവരെ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി(NIA) അറസ്റ്റു ചെയ്തിരിക്കുന്നു.
മെയ് 29 ന് അറസ്റ്റ് ചെയ്തവർക്കെതിരെ ചുമത്തിയ ചാർജ് ഷീറ്റിൽ NIA ഇപ്രകാരം പറയുന്നു . ഇതിലൊരാൾ ഫേസ് ബുക്കിൽ ലെനിൻ്റെ ഫോട്ടോ അപ് ലോഡ് ചെയ്തു. ചില കൂട്ടുകാരെ സഖാക്കളെ എന്ന് അഭിസംബോധന ചെയ്തു. ലാൽസലാം എന്ന് അഭിവാദ്യം ചെയ്തു.
മാത്രമല്ല, സോഷ്യലിസത്തിനൊരു മുഖവുര (An Introduction to Socialism) കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നീ പുസ്തകങ്ങൾ അവരിൽ നിന്നും പിടിച്ചെടുത്തു എന്നും റിപ്പോർട്ട് പറയുന്നു.
ഇവർ മാവോയിസ്റ്റ് കളാണ് എന്നതിന് തെളിവാണ് ഇവയെന്നും NIA പറയുന്നു
ഈ നീക്കത്തിനു പിന്നിലെ ലക്ഷ്യം , കേഡറുകളെ, മുൻനിര പ്രവർത്തകരെ, സംഘടിത ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെ, പ്രത്യേകിച്ച് ഇടതുപക്ഷ ചായ്‌വുള്ള തൊഴിലാളി പ്രസ്ഥാനങ്ങളിലുള്ള ഉശിരുള്ള തൊഴിലാളികളെ ഭീഷണിപ്പെടുത്തുക എന്നതല്ലാതെ മറ്റൊന്നുമല്ല.
ലാൽസലാം വിളിക്കാനും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പോലുള്ള പുരോഗമന സാഹിത്യം കൈവശം വയ്ക്കാനുമുള്ള നമ്മുടെ അവകാശം നിഷേധിക്കാൻ ആർക്കുമാവില്ല. ഇതൊന്നും വിചാരണ ചെയ്യപ്പെടേണ്ട കുറ്റവുമല്ല.
തൊഴിലാളി വർഗ്ഗവും ട്രേഡ് യൂണിയനുകളും മോഡി സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ, ജന വിരുദ്ധ, ദേശവിരുദ്ധ നവലിബറൽ അജണ്ടകൾക്കെതിരെ നടത്തുന്ന പ്രക്ഷോഭത്തെ ഇത്തരം നടപടികളിലൂടെ അമർച്ച ചെയ്യാമെന്ന് മോഡി നേതൃത്വം നൽകുന്ന സർക്കാരും, ബിജെപിയും, NIA യും കരുതുന്നുണ്ടാവാം. അതാണ് ലക്ഷ്യമെങ്കിൽ അവർക്ക് തെറ്റിയിരിക്കുന്നു എന്ന് പറയേണ്ടി വരും. ലോക്ക് ഡൗൺ നിലനിൽക്കുന്ന ഘട്ടത്തിലാണ് ഇത്തരം ഹീനമായ, അപലപനീയമായ നടപടികൾക്ക് ബിജെപി സർക്കാർ മുതിർന്നിട്ടുള്ളത്. തൊഴിലാളികൾക്കും ഇതര ജനവിഭാഗങ്ങൾക്കും മേൽ ഏതുവിധേനയും തങ്ങളുടെ നവലിബറൽ അജണ്ട അടിച്ചേൽപ്പിക്കാനുള്ള, ദേശ, വിദേശ, വൻ കോർപ്പറേറ്റ് കൾക്കും ഭൂപ്രഭുക്കൾക്കും രാജ്യം തന്നെ വിൽക്കാനുള്ള, തൊഴിലാളികളെ അടിമ സമാനമായ സ്ഥിതിയിലേക്ക് തള്ളിനീക്കാനുള്ള വെറി പിടിച്ച നീക്കമാണ് ഇവിടെ പ്രതിഫലിക്കുന്നത് .
തൊഴിലാളി വർഗ്ഗം ഇത്തരം വിരട്ടുകൾക്കും ഭീഷണികൾക്കും വഴങ്ങാൻ പോകുന്നില്ല എന്ന പാഠം ഈ സർക്കാരിനെ പഠിപ്പിച്ചേ തീരൂ.
നമ്മുടെ പതിനാറാം സമ്മേളനം ആഹ്വാനം ചെയ്തതുപോലെ നാം ഇതിനെ എതിർക്കും. നേരിടുകയും ചെയ്യും. നമ്മുടെ താഴെ തട്ടിലുള്ള എല്ലാ കമ്മിറ്റികളും വ്യവസായ ഫെഡറേഷനുകളും എല്ലാ തലത്തിലുമുള്ള അഫിലിയേറ്റഡ് സംഘടനകളും ഈ നടപടിയെ വെല്ലുവിളിച്ച് രാജ്യമെമ്പാടും പ്ളക്കാർഡുകളിലൂടെ, ബാനറുകളിലൂടെ , ചുവരെഴുത്തുകളിലൂടെ, സോഷ്യൽ മീഡിയയിലൂടെ സഖാവെ എന്നും ലാൽ സലാം എന്നും വ്യാപകമായി അഭിസംബോധന ചെയ്ത് വൻ പ്രചാരണം സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നു.
അഭിവാദ്യങ്ങളോടെ
തപൻ സെൻ
ജനറൽ സെക്രട്ടറി