loader

Breaking News

ഇടതുപക്ഷക്കാരോടാണ്. മറ്റുള്ളവർക്ക് അവഗണിക്കാം.

IMAGE

Published On : 11 June 2020

ഇടതുപക്ഷക്കാരോടാണ്. മറ്റുള്ളവർക്ക് അവഗണിക്കാം.



143 കോടി ജനങ്ങളുള്ള ചൈനയിൽ 4,634 കൊറോണ മരണങ്ങൾ. അതും മുമ്പ് തിരിച്ചറിഞ്ഞിട്ടില്ലാതിരുന്ന ഒരു വൈറസിനെ നേരിടുന്നതിനിടെ. പക്ഷേ ചൈന പരാജയമാണു പോലും.



8.4 കോടി (ചൈനയുടെ പതിനേഴിൽ ഒന്ന്) ജനങ്ങളുള്ള ജർമ്മനിക്ക് ചൈനയുടെ അനുഭവത്തിൽ നിന്നും പഠിക്കാനുള്ള സമയമുണ്ടായിരുന്നു. പക്ഷേ അവിടെ മരണങ്ങൾ ചൈനയുടെ ഇരട്ടിയോളം - 8,844. പക്ഷേ ജർമ്മനി വൻ വിജയമാണു പോലും. അതെങ്ങനെയാണാവോ?



കഴിഞ്ഞ ഏതാനും ആഴ്‌ചകളായിട്ടുള്ള ഒരു ട്രെൻഡ് ആണ്, ജനസാന്ദ്രത തീരെക്കുറഞ്ഞതും വനിതാ നേതാക്കൾ ഭരിക്കുന്നതുമായ ചില സമ്പന്ന മുതലാളിത്ത രാജ്യങ്ങളുടെ പേരു പറഞ്ഞിട്ട് ഈ രാജ്യങ്ങളൊക്കെ കൊറോണാ വൈറസിനെ പ്രതിരോധിക്കുന്നതിൽ വൻ വിജയം ആണെന്ന് അവകാശപ്പെടുന്ന ലേഖനങ്ങൾ മുതലാളിത്ത അനുകൂല മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്.



ചിലർ ആഞ്ഞുപിടിച്ചു ഷെയർ ചെയ്യുന്ന ഒരു ലേഖനം പറയുന്നത്, പ്രതിസന്ധിയോട് ജർമ്മനിയുൾപ്പെടെയുള്ള രാജ്യങ്ങൾ സ്വീകരിച്ചത് “ഏറ്റവും മികച്ചതും, കാര്യക്ഷമവും, സഹാനുഭൂതിയുള്ളതും, ഫലപ്രദവുമായ പ്രതികരണ മാർഗ്ഗങ്ങളായിരുന്നു” എന്നാണ്. അടിപൊളി.



“സഹാനുഭൂതി”യുണ്ട് എന്ന് അവകാശപ്പെടുന്ന ജർമ്മൻ ചാൻസലർ ആംഗെലാ മെർക്കലിന്റെ കാലത്തു തന്നെയാണ് ജർമ്മനി ഗ്രീസിന്റെ മേൽ അതിക്രൂരമായ Austerity (ചെലവുചുരുക്കൽ, സ്വകാര്യവൽക്കരണം, പെൻഷൻ വെട്ടിക്കുറയ്‌ക്കൽ ഇത്യാദി) നയങ്ങൾ അടിച്ചേൽപ്പിച്ച് ആ രാജ്യത്തെ നശിപ്പിക്കാൻ നേതൃത്വം കൊടുത്തത്. എന്നിട്ടുപോലും ഗ്രീസിൽ എത്രയാണെന്നോ മരണസംഖ്യ? 183. പക്ഷേ ജർമ്മനി വൻ‌വിജയമാണത്രേ.



ദുരിതത്തിലായ നിരവധി യൂറോപ്യൻ രാജ്യങ്ങളിലെ ജനങ്ങളെ സഹായിക്കാൻ യൂറോപ്യൻ സെൻ‌ട്രൽ ബാങ്ക് കയ്യയച്ച് സഹായിക്കണം എന്ന് വ്യാപകമായ ആവശ്യമുയരുമ്പോൾ അതിനെ എതിർത്തു തോൽപ്പിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന രാജ്യമാണ് ജർമ്മനി. പക്ഷേ ആംഗെലാ മെർക്കലിന് ഭയങ്കര സഹാനുഭൂതിയാണത്രേ.



ദശകങ്ങളായി യു.എസിന്റെ വക ഉപരോധം മൂലം സ്വന്തമായി ഉത്പാദിപ്പിക്കാൻ സാധിക്കാത്ത അവശ്യസാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടുന്ന ക്യൂബയിൽ മരണസംഖ്യ 83. കൊറോണയെ പ്രതിരോധിക്കാൻ യൂറോപ്പിലും ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലുമായി 24 രാജ്യങ്ങളിലേയ്‌ക്ക് 1800 ആരോഗ്യപ്രവർത്തകരെ അയച്ചു ക്യൂബ. എന്നിട്ട് ക്യൂബയ്‌ക്ക് കാര്യക്ഷമതയോ സഹാനുഭൂതിയോ ഉണ്ടോ? എവിടെ!



യു.എസ്., ഉപരോധവും പരോക്ഷമായ യുദ്ധവും പ്രത്യക്ഷമായ അട്ടിമറി ശ്രമങ്ങളും വഴി നശിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന വെനിസ്വേലയിൽ മരണസംഖ്യ 23. അപ്പോൾ വെനിസ്വേലയുടെ പ്രതിരോധ നടപടികൾ ഫലപ്രദമാണോ? നോ, സൈലൻസ് പ്ലീസ്. ഇവിടെ ഞങ്ങൾ വലതു മാധ്യമങ്ങൾ വെനിസ്വേല പരാജയമാണെന്ന് സ്ഥാപിക്കാൻ വർഷങ്ങളായി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന കാര്യമറിയില്ലേ?

Author : subin dennis.

Trending News